World
ആസ്ട്രാസെനക്ക, ഫൈസർ വാക്‌സിനുകൾ ഡെൽറ്റ വകഭേദത്തിൽ ഫലപ്രദമെന്ന് പഠനം
World

ആസ്ട്രാസെനക്ക, ഫൈസർ വാക്‌സിനുകൾ ഡെൽറ്റ വകഭേദത്തിൽ ഫലപ്രദമെന്ന് പഠനം

Web Desk
|
23 Jun 2021 2:11 PM GMT

മുന്‍പ് ബീറ്റ, ഗാമ വകഭേദങ്ങൾ ബാധിച്ചവരിൽ ഡെൽറ്റ വകഭേദത്തിലൂടെ വീണ്ടും കോവിഡ് തിരിച്ചെത്താന്‍ കൂടുതൽ സാധ്യതയുണ്ടെന്നും ഓക്‌സ്ഫഡ് സർവകലാശാലാ ഗവേഷകസംഘം കണ്ടെത്തിയിട്ടുണ്ട്

ആസ്ട്രാസെനക്ക, ഫൈസർ വാക്‌സിനുകൾ കോവിഡിന്റെ ഡെൽറ്റ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് പഠനം. ആസ്ട്രാസെനക്കയും ഫൈസർ-ബയോടെക്കും വികസിപ്പിച്ച വാക്‌സിനുകളാണ് കോവിഡിന്റെ പുതിയ വകഭേദങ്ങളായ ഡെൽറ്റ പ്ലസ്, കാപ്പ എന്നിവയ്‌ക്കെതിരെ ഫലപ്രദമാണെന്ന് ശാസ്ത്രീയ പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്.

ഓക്‌സ്ഫഡ് സർവകലാശാലാ ഗവേഷകരാണ് വാക്‌സിനെക്കുറിച്ച് പഠനം നടത്തിയിരിക്കുന്നത്. ഇവരുടെ പഠനം അന്താരാഷ്ട്ര ശാസ്ത്ര ജേണലായ 'സെൽ' പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിനെടുത്തവരുടെ രക്തത്തിലെ ആന്റിബോഡികൾ ഡെൽറ്റ, കാപ്പ വകഭേദങ്ങളെ നിയന്ത്രണവിധേയമാക്കാൻ പര്യപ്തമാണോ എന്നാണ് ഗവേഷകർ അന്വേഷിച്ചത്.

കോവിഡ് ബാധിച്ചവരിലുള്ള പുനർരോഗസംക്രമണ രീതിയും ഓക്‌സ്ഫഡ് ഗവേഷകർ വിലയിരുത്തിയിരുന്നു. നേരത്തെ ബീറ്റ, ഗാമ വകഭേദങ്ങൾ ബാധിച്ചവരിൽ ഡെൽറ്റ വകഭേദത്തിലൂടെ വീണ്ടും കോവിഡ് ബാധിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. നേരെ മറിച്ച് ആൽഫ വകഭേദം ബാധിച്ചവരെ മറ്റു വകഭേദങ്ങൾ അത്ര ബാധിക്കുന്നില്ലെന്നും ഇവർ പറയുന്നു.

ഫൈസർ, ആസ്ട്രാസെനക്കാ വാക്‌സിനുകൾ ഡെൽറ്റ വകഭേദത്തിൽ കൂടുതൽ ഫലപ്രദമാണെന്ന് പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ടും(പിഎച്ച്ഇ) വിലയിരുത്തിയിരുന്നു. വാക്‌സിനുകൾ വഴി ഡെല്‍റ്റ ബാധിച്ച് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നത് 90 ശതമാനവും തടയുന്നതായാണ് പിഎച്ച്ഇ കണ്ടെത്തിയത്. ഓക്‌സ്ഫഡിന്റെയും പിഎച്ച്ഇയുടെയും കണ്ടെത്തലുകൾ തങ്ങള്‍ക്കു കൂടുതൽ പ്രചോദനം നൽകുന്നതാണെന്ന് ആസ്ട്രാസെനക്ക എക്‌സിക്യൂട്ടീവ് മെനെ പാംഗലോസ് പ്രസ്താവനയിൽ പ്രതികരിച്ചു. തങ്ങളുടെ വാക്‌സിന് ഡെൽറ്റ വകഭേദം ചെറുക്കാന്‍ കൂടുതൽ ശേഷിയുണ്ടെന്നാണ് ഈ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോളതലത്തലിൽ പടർന്നുകൊണ്ടിരിക്കുന്ന തീവ്രവ്യാപനശേഷിയുള്ള കോവിഡ് വകഭേദമാണ് ഡെൽറ്റ. ഇന്ത്യയിലാണ് ആദ്യമായി ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിക്കുന്നത്. കേരളത്തിലും ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയിട്ടുണ്ട്. പാലക്കാട്ടും പത്തനംതിട്ടയിലുമാണ് സംസ്ഥാനത്ത് ആദ്യമായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

Similar Posts