കോവിഡ് വാക്സിൻ വിൽപന 400 കോടി ഡോളർ പിന്നിട്ടു;വരുമാനത്തിൽ കുതിപ്പുണ്ടാക്കി ആസ്ട്രാ സെനേക്ക
|കോവിഡ് വാക്സിൻ വിൽപനയിൽ നിന്ന് ലാഭം കിട്ടി തുടങ്ങിയതോടെയാണ് വരുമാനം വർധിച്ചത്
കോവിഡ് വാക്സിൻ നിർമ്മാതാക്കളായ ആസ്ട്രാ സെനേക്കയുടെ വരുമാനത്തിൽ കുതിപ്പ്. കഴിഞ്ഞവർഷം വരുമാനത്തിൽ 38 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.വരുമാനം 3,740 കോടി ഡോളറായാണ് ഉയർന്നത്. കോവിഡ് വാക്സിൻ വിൽപനയിൽ നിന്ന് ലാഭം കിട്ടി തുടങ്ങിയതോടെയാണ് വരുമാനം വർധിച്ചത്.
ഓക്സ്ഫഡ് സർവകലാശാലയുമായി സഹകരിച്ചാണ് ആസ്ട്രാ സെനേക്ക കോവിഡ് വാക്സിൻ വികസിപ്പിച്ചത്. ആംഗ്ലോ- സ്വീഡിഷ് മരുന്ന് നിർമ്മാണ കമ്പനിയാണ് ആസ്ട്രാ സെനേക്ക. വാക്സിൻ വികസിപ്പിച്ച് മാസങ്ങൾക്കകം 400 കോടി ഡോളറിന്റെ വിൽപനയാണ് നടന്നത്. ഇതാണ് വരുമാനത്തിൽ പ്രതിഫലിച്ചത്.
വരുമാനം ഉയർന്നെങ്കിലും 26.5 കോടി ഡോളറിന്റെ നഷ്ടം കമ്പനി നേരിട്ടു. അടുത്തകാലത്തായി അമേരിക്കൻ മരുന്നു കമ്പനിയായ അലക്സിയോണിനെ ഏറ്റെടുത്തതാണ് നഷ്ടം രേഖപ്പെടുത്താൻ കാരണം. എന്നാൽ, നവംബർ മുതൽ കോവിഡ് വാക്സിൻ വിൽപ്പനയിൽ നിന്ന് നേരിയ തോതിൽ ലാഭം കിട്ടാൻ തുടങ്ങിയതായി കമ്പനി അറിയിച്ചു.
ഓക്സ്ഫഡുമായുള്ള കരാർ അനുസരിച്ച് രണ്ടുമുതൽ മൂന്ന് ഡോളർ വരെ വിലയ്ക്കാണ് വാക്സിൻ വിൽക്കുന്നത്. ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് കമ്പനി വാക്സിൻ വിൽപന നടത്തുന്നത്. മറ്റു മരുന്നു നിർമ്മാണ കമ്പനികളായ ഫൈസറും മോഡേണയും വലിയ തോതിലുള്ള ലാഭമാണ് വാക്സിൻ വിൽപനയിലൂടെ നേടുന്നത്.