World
ചൈനയിൽ ജനക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി; 35 മരണം, 43 പേർക്ക് പരിക്ക്
World

ചൈനയിൽ ജനക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി; 35 മരണം, 43 പേർക്ക് പരിക്ക്

Web Desk
|
12 Nov 2024 2:14 PM GMT

വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് 62കാരൻ ഓടിച്ച കാർ പാഞ്ഞുകയറുകയായിരുന്നു

ബീജിങ്: ചൈനയിൽ ജനക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി 35 പേർ മരിച്ചു. 43 പേർക്ക് പരിക്കേറ്റു. തെക്കൻ ചൈനയിലെ സുഹായ് നഗരത്തിലെ സ്പോർട്സ് സെന്ററിൽ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് 62കാരൻ ഓടിച്ച കാർ ഇടിച്ചുകയറുകയായിരുന്നു.

ഡ്രൈവറെ പൊലീസ് പിടികൂടി. ഇയാൾ വിവാഹ​മോചനത്തെ തുടർന്ന് അസന്തുഷ്ടനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

പൊലീസ് എത്തുമ്പോൾ ഇയാൾ കത്തികൊണ്ട് സ്വയം കുത്തുന്നതാണ് കണ്ടത്. ഉടൻ തന്നെ ഇത് തടയുകയും ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കഴുത്തിലേറ്റ മാരക മുറിവുകൾ കാരണം ഇയാൾ അബോധാവസ്ഥയിലാണെന്നും പൊലീസ് പറഞ്ഞു.

ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സുഹായ് എയർഷോയുടെ ഒരു ദിവസം മുമ്പാണ് സംഭവം. സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റോഡിൽ മരിച്ചുകിടക്കുന്നവരുടെ മൃതദേഹങ്ങൾ ഇതിൽ കാണാം.

നിരവധി പേർ സുഹായിലെ സ്​പോർട്സ് സെന്ററിൽ ദിവസവും ഓടാനും ഫുട്ബാൾ കളിക്കാനുമായെല്ലാം എത്താറുണ്ട്. അപകടത്തെ തുടർന്ന് കേന്ദ്രം അടച്ചിട്ടിരിക്കുകയാണ്.

Related Tags :
Similar Posts