World
കാബൂൾ സ്ഫോടനത്തിൽ മരണം 60 ആയി; പിന്നിൽ ഐ.എസ് ഭീകരരെന്ന് അമേരിക്ക
World

കാബൂൾ സ്ഫോടനത്തിൽ മരണം 60 ആയി; പിന്നിൽ ഐ.എസ് ഭീകരരെന്ന് അമേരിക്ക

Web Desk
|
27 Aug 2021 1:17 AM GMT

കൊല്ലപ്പെട്ടവരിൽ 12 പേർ യു.എസ് സൈനികരാണ്.140 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്

അഫ്ഗാനിസ്താനിലെ കാബൂള്‍ വിമാനത്താവളത്തിനു പുറത്തുണ്ടായ ഇരട്ടസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 60 ആയി. കൊല്ലപ്പെട്ടവരിൽ 12 പേർ യു.എസ് സൈനികരാണ്.140 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഐ.എസ് ആണ് സ്ഫോടനത്തിന് പിന്നിലെന്ന് യു.എസ് വൃത്തങ്ങൾ അറിയിച്ചു.

കാബൂൾ വിമാനത്താവളത്തിന്‍റെ രണ്ടു പ്രവേശന കവാടങ്ങളിലാണ് സ്ഫോടനമുണ്ടായത്. അഫ്ഗാനിസ്ഥാൻ വിടാനെത്തിയ സാധാരണക്കാർക്കിടയിലായിരുന്നു സ്ഫോടനങ്ങൾ. പരിക്കേറ്റ നൂറിലേറെ പേർ വിമാനത്താവളത്തിനു സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി.നിരവധി താലിബാന്‍ അംഗങ്ങൾക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

ഐ.എസ് ഭീകരരുടെ ഭീഷണി നിലനിൽക്കുന്നതിനാൽ അഫ്ഗാൻ പൗരന്മാര്‍ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് യു.എസും യു.കെയും ആസ്ത്രേലിയയും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഐ.എസ് ഖുറാസാൻ എന്ന പേരിൽ ഐ.എസിന്‍റെ പ്രാദേശിക ഘടകം അഫ്ഗാനിസ്ഥാനിലുണ്ടെന്നും അവർ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നും അമേരിക്ക തന്നെയാണ് നിരവധി തവണ ലോകത്തോട് പറഞ്ഞുകൊണ്ടിരുന്നത്. ഇനി നാലു ദിവസം മാത്രമാണ് വിദേശ സേനയ്ക്ക് അഫ്ഗാനിൽ തുടരാനാവുക. പതിനായിരത്തോളം പേർ ഇപ്പോഴും പുറത്തുപോകാനായി കാത്തുനിൽക്കുന്നുണ്ട്. തങ്ങളെ സഹായിച്ച അഫ്ഗാൻ പൗരന്മാരെടക്കം പാശ്ചാത്യ രാജ്യങ്ങൾ അഫ്ഗാനിസ്ഥാനിൽനിന്ന് പുറത്തേക്കെത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇനിയുള്ള നാലു ദിവസങ്ങളില്‍ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാകുമേ എന്ന കാര്യത്തിൽ നാറ്റോ അംഗരാജ്യങ്ങൾക്ക് ആശങ്കയുണ്ട്. ആഗസ്ത് 31നു ശേഷം കാബൂൾ വിമാനത്താവളത്തിന്‍റെ പ്രവർത്തനത്തിന് താലിബാൻ തുർക്കിയുടെ സാങ്കേതിക സഹായം തേടുന്നതായി റിപ്പോർട്ടുണ്ട്. കാണ്ഡഹാർ വിമാനത്താവളം കൂടി ഉടൻ അന്താരാഷ്ട്ര യാത്രക്കാർക്കായി തുറക്കുമെന്നും സൂചനയുണ്ട്.

Similar Posts