ബട്ടർ ചിക്കൻ കഴിച്ചു; 27 കാരന് ദാരുണാന്ത്യം
|ബട്ടർ ചിക്കൻ തയാറാക്കിയ ടേക്ക് എവേയുടെ ഭാഗത്ത് തെറ്റില്ലെന്ന് പൊലീസ്
ഇംഗ്ലണ്ട്: ജോസഫ് ഹിഗ്ഗിൻസ് എന്ന 27കാരനാണ് ബട്ടർ ചിക്കൻ കറി കഴിച്ച് മരണത്തിന് കീഴടങ്ങിയത്. ടേക്ക് എവേ ആയി ബട്ടർ ചിക്കൻ വാങ്ങിയ ജോസഫ് വീട്ടിൽ നിന്നും കറി കഴിച്ച ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു.
കറിയിൽ ഉപയോഗിച്ച ബദാം പരിപ്പുകളോടുള്ള അലർജിയാണ് ജോസഫിന്റെ മരണത്തിന് കാരണമായത്.
ജോസഫിന് പരിപ്പുവർഗങ്ങളോട് അലർജി വരുന്ന അനഫൈലാക്സിസ് എന്ന അവസ്ഥയായിരുന്നു.
മെക്കാനിക്ക് ജോലി ചെയ്തിരുന്ന ജോസഫ് തന്റെ അലർജിയെക്കുറിച്ച് ബോധവാനായിരുന്നു. മുമ്പ് പലതവണ പരിപ്പടങ്ങിയ ഭക്ഷണം കഴിച്ചിട്ടും കുഴപ്പമുണ്ടായിരുന്നില്ല എന്നതിനാലാണ് ജോസഫ് ബട്ടർചിക്കൻ കഴിച്ചത്.
ജോസഫ് തനിക്ക് അലർജി വന്നാൽ ഉടൻ ചികിത്സക്കായി എപിപെൻ കരുതിയിരുന്നു. ബോധരഹിതനായ ഉടനെ എപിപെൻ ഉപയോഗിച്ചെങ്കിലും മരുന്ന് പ്രതികരിച്ചില്ല.
2022 ഡിസംബർ 28 ന് കുഴഞ്ഞുവീണ ജോസഫ്, 2023 ജനുവരി നാലിന് മരണത്തിന് കീഴടങ്ങുകയായിരുന്നു. അസ്വാഭാവിക മരണമായതിനാൽ അന്വേഷണശേഷം കേസ് നടപടികൾ പൂർത്തിയായത് ഈ വർഷമാണ്. കേസ് അന്വേഷിച്ച പൊലീസ്, ബട്ടർ ചിക്കൻ തയാറാക്കിയ ടേക്ക് അവേയുടെ ഭാഗത്ത് തെറ്റില്ലെന്ന് വ്യക്തമാക്കി.മെനുവിൽ ബട്ടർ ചിക്കനിൽ ബദാം പരിപ്പുകളുണ്ട് എന്ന് എഴുതിയതിനാൽ ടേക്ക് എവേക്കെതിരെ നടപടികൾ സ്വീകരിക്കാനാവില്ല എന്ന് കോടതി നിരീക്ഷിച്ചു.
ജോസഫിന്റെ ആഗ്രഹപ്രകാരം മരണശേഷം അദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്തു.
അലർജികളെ നിസാരമായി കാണരുതെന്നും അലർജിയുടെ തീവ്രത ഒരാളുടെ ജീവിതകാലഘട്ടത്തിൽ പല രീതിയിൽ മാറുമെന്നും ജോസഫിനെ ചികിത്സിച്ച ഡോക്ടർ വ്യക്തമാക്കി.