World
iran drone attack
World

ഇസ്രായേലിനെതിരായ ആക്രമണം: ഇറാൻ ഉപയോഗിച്ചത് 185 ഡ്രോണുകളും 36 ക്രൂയിസ് മിസൈലുകളും

Web Desk
|
14 April 2024 3:39 AM GMT

ഇറാന്റെ തലസ്ഥാനമായ തെഹ്റാനിൽ ആഹ്ലാദ പ്രകടനം

ന്യൂയോർക്ക്: ഇസ്രായേലിനെ ആക്രമിക്കാനായി ഇറാൻ ഉപയോഗിച്ചത് 185 ഡ്രോണുകളും 36 ക്രൂയിസ് മിസൈലുകളും 110 ഭൂതല മിസൈലുകളുമെന്ന് റിപ്പോർട്ട്. ഇറാനിൽ നിന്നാണ് ഇതിൽ ഭൂരിഭാഗവും വിക്ഷേപിച്ചത്. കൂടാതെ ഇറാഖിൽ നിന്നും യെമനിൽ നിന്നും ഏതാനും മിസൈലുകൾ വിക്ഷേപിച്ചു. ഇറാന്റെ ആക്രമണം അഞ്ച് മണിക്കൂർ നീണ്ടുനിന്നതായാണ് വിവരം.

പല മിസൈലുകളും അമേരിക്കയും ഇസ്രായേലും ചേർന്ന് നിർവീര്യമാക്കിയതായി അധികൃതർ അറിയിച്ചു. എന്നാൽ, നിരവധി മിസൈലുകൾ ഇസ്രായേലിൽ പതിക്കുന്നതിന്റെ വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ലെബനാനിൽനിന്ന് ഹിസ്ബുള്ളയും ഇസ്രായേലിലേക്ക് മിസൈലുകൾ അയച്ചു. ആക്രമണങ്ങളുടെ പശ്ചാത്താലത്തിൽ ജോർദാൻ, ഇറാഖ്, ലെബനാൻ, ഇസ്രായേൽ എന്നീ രാജ്യങ്ങൾ തങ്ങളുടെ വ്യോമപാത അടച്ചു.

ഇസ്രായേലിന് നേരെയുള്ള തിരിച്ചടിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് നൂറുകണക്കിന് പേർ ഇറാന്റെ തലസ്ഥാനമായ തെഹ്റാനിൽ പ്രകടനം നടത്തി. ദേശീയ പാതകയുമേന്തിയാണ് ജനം തെരുവിലിറങ്ങിയത്. കൂടാതെ ഇറാഖിലും ജനം ആഹ്ലാദം പ്രകടിപ്പിച്ച് തെരുവിലിറങ്ങി.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തന്റെ വാരാന്ത്യ അവധി വെട്ടിച്ചുരുക്കി വൈറ്റ് ഹൗസിലേക്ക് മടങ്ങി. കൂടാതെ ആക്രമണം സംബന്ധിച്ച് അദ്ദേഹം ദേശീയ സുരക്ഷ സംഘവുമായി ചർച്ച നടത്തുകയും ചെയ്തു. ഞായറാഴ്ച ജി 7 നേതാക്കളുടെ യോഗം വിളിക്കുമെന്നും ബൈഡൻ പറഞ്ഞു. ഇറാൻ - ഇസ്രായേൽ സംഘർഷത്തിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. ആക്രമണത്തിൽ നിന്ന് ഇരുരാജ്യങ്ങളും പിൻമാറണമെന്നും ആവശ്യപ്പെട്ടു.

മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഞായറാഴ്ച വൈകീട്ട് നാലിന് യു.എൻ രക്ഷാസമിതിയും യോഗം ചേരുന്നുണ്ട്. അതേസമയം, ഇസ്രായേലിനെ പിന്തുണക്കുന്ന യു.എൻ നടപടിക്കെതിരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് മുന്നറിയിപ്പ് നൽകി. ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ നിന്ന് അമേരിക്ക വിട്ടുനിൽക്കണമെന്നും ഐക്യരാഷ്ട്രസഭയിലുള്ള ഇറാൻ പ്രതിനിധി ആവശ്യപ്പെട്ടു. ഏപ്രിൽ ഒന്നിന് ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിനുള്ള തിരിച്ചടിയായിരുന്നു ശനിയാഴ്ചത്തെ ഇറാന്റെ ആക്രമണം. ഇതോടെ തങ്ങൾ വിഷയം അവസാനിപ്പിച്ചെന്നും ഇറാൻ അറിയിച്ചിട്ടുണ്ട്.



Similar Posts