World
Elizabeth wolf

പ്രതി എലിസബത്ത് വോൾഫ്

World

അമേരിക്കയിൽ ഫലസ്തീനി പെൺകുട്ടിയെ മുക്കിക്കൊല്ലാൻ ശ്രമം; ഒരു കുട്ടിയും ആക്രമണത്തിന് ഇരയാകരുതെന്ന് ബൈഡൻ

Web Desk
|
25 Jun 2024 10:22 AM GMT

മൂന്ന് വയസ്സുള്ള കുഞ്ഞിനെയാണ് പ്രതി എലിസബത്ത് മുക്കിക്കൊല്ലാൻ ശ്രമിച്ചത്

ടെക്സാസ്: മൂന്ന് വയസ്സുള്ള ഫലസ്തീൻ-അമേരിക്കൻ മുസ്‍ലിം പെൺകുട്ടിയെ മുക്കിക്കൊല്ലാൻ ശ്രമിച്ചതായി പരാതി. അമേരിക്കയിലെ ടെക്സാസിൽ കഴിഞ്ഞ മേയിലാണ് സംഭവം. 42കാരിയായ എലിസബത്ത് വോൾഫാണ് കുട്ടിയെ മുക്കിക്കൊല്ലാൻ ശ്രമിച്ചത്. ഇവരെ അറസ്റ്റ് ചെയ്യുകയും വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു. പെൺകുട്ടിക്ക് കൗൺസിൽ ഓഫ് അമേരിക്കൻ ഇസ്‍ലാമിക് റിലേഷൻസ് പിന്തുണ വാഗ്ദാനം ചെയ്ത് രംഗത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.

പക്ഷപാതിത്വവും മുൻവിധിയും കാരണമാണ് സ്ത്രീയെ ഇത്തരത്തിലുള്ള പ്രവൃത്തിയിലേക്ക് നയിച്ചതെന്ന് വിശ്വസിക്കുന്നതായി യൂലെസ് പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

യൂലെസിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിലുള്ള നീന്തൽക്കുളത്തിലാണ് സംഭവം. പെൺകുട്ടിയുടെ മാതാവുമായി എലിസബത്ത് വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഇവരുടെ കൂടെ ആറ് വയസ്സുകാരനായ മകനും ഉണ്ടായിരുന്നു.

നിങ്ങൾ എവിടെനിന്നാണെന്ന് ചോദിച്ചാണ് എലിസബത്ത് ഇവർക്കെതിരെ തിരിഞ്ഞത്. തുടർന്ന് ആറ് വയസ്സുകാരനെ ആക്രമിക്കാൻ ശ്രമിച്ചു. ഇത് വിഫലമായതോടെ പെൺകുട്ടിയെ മുക്കിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. മാതാവ് ഉടൻ തന്നെ വെള്ളത്തിൽനിന്ന് വലിച്ചെടുത്തതിനാൽ കുട്ടി രക്ഷപ്പെട്ടു.

സംഭവത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആശങ്ക പ്രകടിപ്പിച്ചു. മൂന്ന് വയസ്സുകാരിയെ മുക്കിക്കൊല്ലാൻ ശ്രമിച്ചെന്ന റിപ്പോർട്ട് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഒരു കുട്ടിയും ഇത്തരം തീവ്രമായ ആക്രമണത്തിന് ഇരയാകരുത്. എന്റെ ഹൃദയം അവരുടെ കുടുംബത്തോടൊപ്പമുണ്ടെന്നും അദ്ദേഹം കുറിച്ചു. അതേസമയം, ബൈഡന്റെ ട്വീറ്റിനെതിരെ നിരവധി പേരാണ് രംഗത്തുവന്നത്. നിങ്ങൾ ഗസ്സയിൽ ഇത് തന്നെയല്ലേ ചെയ്യുന്നതെന്ന് പലരും ചോദിച്ചു. നിരവധി കുഞ്ഞുങ്ങളാണ് അമേരിക്കയുടെ സഹായത്തോടെയുള്ള ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് പലരും ഓർമിപ്പിച്ചു.

ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആക്രമണത്തിന് ശേഷം അമേരിക്കയിൽ ഇസ്ലാമോഫോബിയ, ഫലസ്തീൻ വിരുദ്ധത, യഹൂദ വിരുദ്ധത എന്നിവ വർധിച്ചതായി മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.​

Similar Posts