കുട്ടികളുടെ സമൂഹ മാധ്യമ വിലക്ക്; മസ്കിനെ തള്ളി ആസ്ത്രേലിയ
|ഇൻ്റർനെറ്റ് ഉപയോഗം നിയന്ത്രിക്കാനുള്ള പിൻവാതിൽ നടപടിയാണെന്നായിരുന്നു മസ്കിന്റെ ആരോപണം
മെൽബൺ: പതിനാറു വയസുവരെയുള്ള കുട്ടികൾക്ക് സമൂഹ മാധ്യമങ്ങൾ വിലക്കാനുള്ള നടപടിക്കെതിരെ 'എക്സ്' ഉടമയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക് ഉന്നയിച്ച ആരോപണം തള്ളി ആസ്ത്രേലിയ. ഈ നിയമനിർമ്മാണം എല്ലാ ആസ്ത്രേലിയക്കാരുടെയും ഇൻ്റർനെറ്റ് ഉപയോഗം നിയന്ത്രിക്കാനുള്ള പിൻവാതിൽ നടപടിയാണ് എന്നായിരുന്നു മസ്കിന്റെ ആരോപണം. മസ്ക്കിന്റെ ആരോപണത്തിൽ ആശ്ചര്യപ്പെടാനില്ലെന്ന് ട്രഷറി വകുപ്പ് മന്ത്രി ജിം ചാൽമേസ് പ്രതികരിച്ചു.
'കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനാണ് സമൂഹ മാധ്യമങ്ങളുടെ കാര്യത്തിൽ പുതിയ നയം കൊണ്ടുവന്നത്. നടപടികളിൽ ഇലോൺ മസ്‌ക് സന്തോഷിക്കുന്നില്ല എന്നുള്ളത് ഞങ്ങളെ ആശ്ചര്യപ്പെടുത്തുന്നില്ല. മസ്കിനെ പ്രീതിപ്പെടുത്താനല്ല പുതിയ നയം കൊണ്ടുവരുന്നത്' എന്ന് ചാൽമേസ് പറഞ്ഞു.
16 വയസ്സിന് താഴെയുള്ള കുട്ടികളെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈവശം വയ്ക്കാൻ അനുവദിച്ചാൽ 'എക്സ്' ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾക്ക് 133 ദശലക്ഷം ഡോളർ പിഴ ചുമത്തുന്നതാണ് പുതിയ നിയമം. തിങ്കളാഴ്ച തുടങ്ങുന്ന ചർച്ചക്കു ശേഷം ബിൽ പാർലമെന്റിൽ പാസ്സാക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസമയിരുന്നു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽനിന്ന് പതിനാറു വയസുവരെയുള്ള കുട്ടികളെ നിരോധിക്കാനുള്ള ബില്ല് ആസ്ത്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബാനീസ് പാർലമെന്റിന്റെ അധോസഭയിൽ അവതരിപ്പിച്ചത്. എക്സ്, ടിക്ടോക്ക്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുൾപ്പെടെയുള്ള സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലെ ദോഷങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാനാണ് ഈ നിരോധനമെന്ന് ആന്‍റണി അൽബാനീസ് പറഞ്ഞിരുന്നു.
പുതിയ ബിൽ അനുസരിച്ച് 16 വയസിന് താഴെയുള്ള എല്ലാ കുട്ടികൾക്കും നിരോധനം ബാധകമാണ്. ടെക് കമ്പനികൾ ഉത്തരവ് അനുസരിക്കുന്നില്ലെങ്കിൽ വലിയ പിഴ ഈടാക്കും. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം കുട്ടികൾക്ക് സമൂഹ മാധ്യമങ്ങൾ നിയന്ത്രിക്കുന്ന ബിൽ അവതരിപ്പിക്കുന്നത്. ആസ്ത്രേലിയയുടെ നീക്കത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ വരുന്നതിന് പിന്നാലെയാണ് ഇലോൺ മസ്കിന്റെ ആരോപണം.