മാനസികാരോഗ്യത്തെ ബാധിക്കുന്നു; പ്രായപൂർത്തിയാകാത്തവരെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കാൻ ആസ്ത്രേലിയ
|പ്രായപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും 16 വയസിന് താഴെയുള്ള കുട്ടികളുടെ ഉപയോഗം വിലക്കുമെന്നാണ് നിഗമനം
സിഡ്നി: കുട്ടികളെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കാൻ ഒരുങ്ങി ആസ്ത്രേലിയ. ഇൻസ്റ്റഗ്രാമും ടിക് ടോക്കുമടക്കമുള്ള പ്ലാറ്റ്‌ഫോമുകൾ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്ന ആശങ്കയാണ് നീക്കത്തിന് പിന്നിൽ. കുട്ടികളെ സമൂഹമാധ്യമങ്ങളിൽ നിന്ന് വിലക്കുന്നതിനുള്ള നിയമം ഈ വർഷം അവതരിപ്പിക്കുമെന്ന് ആസ്ത്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസ് പറഞ്ഞു. പ്രായം സ്ഥിരീകരിക്കുന്നതിനുള്ള ട്രയൽ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം ടിക് ടോക് തുടങ്ങിയ സൈറ്റുകളിൽ ലോഗിൻ ചെയ്യാനുള്ള കുട്ടികളുടെ മിനിമം പ്രായം നിലവിൽ നിശ്ചയിച്ചിട്ടില്ല. എന്നാൽ 14നും 16നും ഇടയിലായിരിക്കും ഇതെന്നാണ് കരുതുന്നത്. 16 വയസ്സിന് താഴെയുള്ളവരുടെ ഉപയോഗം തടയുന്നതായിരിക്കും തൻ്റെ മുൻഗണനയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
'മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾ ഫോൺ ഉപയോഗിക്കുന്നത് നിർത്തി ഗ്രൗണ്ടിൽ ഇറങ്ങാൻ ആഗ്രഹിക്കുന്നു, ഞാനും അത് ആഗ്രഹിക്കുന്നു. അവർ യഥാർഥ ആളുകളുമായി ഇടപെട്ട് യഥാർഥ അനുഭവങ്ങൾ ഉണ്ടാക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. കാരണം സോഷ്യൽ മീഡിയ സാമൂഹിക ദോഷമാണ് വരുത്തുന്നുത്, അതൊരു വിപത്താണ്.'- ആൽബനീസ് ദേശീയ മാധ്യമത്തിനോട് പറഞ്ഞു.
16 വയസ്സിന് താഴെയുള്ളവരെ സമൂഹമാധ്യങ്ങളിൽ നിന്ന് വിലക്കുന്നതിൽ പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൺ നേരത്തെ പിന്തുണ അറിയിച്ചിരുന്നു. 'വൈകുന്ന ഓരോ ദിവസവും കുട്ടികൾ സോഷ്യൽ മീഡിയയുടെ ദോഷങ്ങൾക്ക് ഇരയാവുകയാണ്. പ്രായപരിധി നടപ്പിലാക്കാൻ ടെക് കമ്പനികളെ ആശ്രയിക്കേണ്ട സമയം അതിക്രമിച്ചെന്നും' അദ്ദേഹം പറഞ്ഞു.
ചൈന, ഫ്രാൻസ്, യുണൈറ്റഡ് സ്റ്റേറ്റ്സിലെ നിരവധി സംസ്ഥാനങ്ങൾ തുടങ്ങിയവർ, പ്രായപൂർത്തിയാകാത്തവരുടെ സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കുന്ന നിയമങ്ങൾ പാസാക്കിയിട്ടുണ്ട്. സൈബർ ഭീഷണി, സൈബർ ബുള്ളിയിങ് തുടങ്ങിയവയുടെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം.
എന്നാൽ, ഇത്തരം നടപടികൾ യുവാക്കളുടെ അഭിപ്രായപ്രകടനത്തിനുള്ള അവകാശത്തെ തടസ്സപ്പെടുത്തുന്നുവെന്നും വിമർശനമുണ്ട്. സ്വകാര്യതയ്ക്ക് അപകടമുണ്ടാക്കുകയും ചെയ്യുന്നുവെന്ന് വിമർശകർ വാദിക്കുന്നുണ്ട്.
2011ൽ, ഓൺലൈൻ ഗെയിമിങ് ആസക്തി പരിഹരിക്കുന്നതിനായി ദക്ഷിണ കൊറിയ ഒരു "ഷട്ട്ഡൗൺ നിയമം" ഏർപ്പെടുത്തിയിരുന്നു.16 വയസ്സിന് താഴെയുള്ള കുട്ടികൾ അർധരാത്രിക്ക് ശേഷം ഗെയിമിംഗ് വെബ്‌സൈറ്റുകൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുന്നതായിരുന്നു നിയമം. എന്നാൽ പല കുട്ടികളും ഗെയിമിംഗ് തുടരാൻ മാതാപിതാക്കളുടെ അക്കൗണ്ടുകൾ ഉപയോഗിക്കാൻ തുടങ്ങി.
കൊറോണ വൈറസിൻ്റെ സമയത്ത് എട്ട് മുതൽ 18 വയസുവരെയുള്ളവരിൽ സമൂഹമാധ്യമത്തിൻ്റെ ഉപയോഗം വർധിച്ചതായാണ് കണക്ക്. കോമൺ സെൻസ് മീഡിയയുടെ പഠനമനുസരിച്ച്, എട്ട് മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾ ഒരു ദിവസം ശരാശരി അഞ്ചര മണിക്കൂർ സ്‌ക്രീനിൽ ചെലവഴിക്കുന്നതായി കണ്ടെത്തി. കൗമാരക്കാരിൽ ഈ നിരക്ക് എട്ടര മണിക്കൂറാണ്. ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ ദീർഘകാല ഉപയോഗം മാനസികാരോഗ്യത്തിനും ശാരീരിക ആരോഗ്യത്തിനും ഹാനികരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.