ഇസ്രായേല്‍ അധിനിവേശം അംഗീകരിക്കില്ല; പുസ്തകം ഹീബ്രുവിലിറക്കുന്നത് വിലക്കി സാഹിത്യകാരി
|ഫലസ്തീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് സാലി റൂണി ഇസ്രായേല്‍ പ്രസാധകരെ വിലക്കിയത്
തന്‍റെ പുസ്തകം ഇസ്രായേല്‍ പ്രസാധകര്‍ ഹീബ്രു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കരുതെന്ന് എഴുത്തുകാരി സാലി റൂണി. ഇസ്രായേലിന്‍റെ ഫലസ്തീന്‍ അധിനിവേശ നയത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ബ്യൂട്ടിഫുള്‍ വേള്‍ഡ് വേര്‍ ആര്‍ യൂ എന്ന പുസ്തകത്തിന്‍റെ ഹീബ്രു വിവർത്തനമാണ് എഴുത്തുകാരി തന്നെ തടഞ്ഞത്.
സെപ്തംബറില്‍ ന്യൂയോര്‍ക്ക് ടൈംസിന്‍റെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ പുസ്തകമാണ് 'ബ്യൂട്ടിഫുള്‍ വേള്‍ഡ് വേര്‍ ആര്‍ യൂ'. ഫലസ്തീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് സാലി റൂണിയുടെ ഇസ്രായേല്‍ ബഹിഷ്കരണം. സാലി റൂണിക്ക് ഇസ്രായേലി പബ്ലിഷറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലെന്നാണ് പ്രസാധകര്‍ അറിയിച്ചത്.
നേരത്തെ സാലി റൂണിയുടെ രണ്ട് പുസ്തകങ്ങള്‍ ഹീബ്രു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിരുന്നു. പുസ്തകം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് സഹകരിച്ച എല്ലാവര്‍ക്കും സാലി റൂണി നന്ദി പറഞ്ഞു. എന്നാല്‍ ഇസ്രായേലിലെ പബ്ലിഷിങ് ഹൌസിന് തന്‍റെ പുതിയ പുസ്തകം വില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സാലി റൂണി വ്യക്തമാക്കി.
റൂണി ഫലസ്തീന്‍ വിഷയത്തില്‍ ഇസ്രായേലിനോടുള്ള എതിര്‍പ്പ് നേരത്തെയും തുറന്നുപറഞ്ഞിട്ടുണ്ട്. ഗസയില്‍ മെയിലുണ്ടായ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്താന്‍ ആഹ്വാനം ചെയ്തുള്ള കത്തില്‍ റൂണി ഒപ്പിടുകയുണ്ടായി. ഇസ്രായേലുമായുള്ള സാമ്പത്തിക, വാണിജ്യ, സാംസ്കാരിക ബന്ധങ്ങള്‍ വേണ്ടെന്നുവെയ്ക്കണമെന്നാണ് കത്തില്‍ ആഹ്വാനം ചെയ്തത്. ഇസ്രായേലിനും സൈന്യത്തിനും ആഗോള തലത്തില്‍ നല്‍കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. നേരത്തെ ആലീസ് വോക്കര്‍ എന്ന സാഹിത്യകാരി തന്‍റെ കളര്‍ പര്‍പ്പിള്‍ എന്ന കൃതി ഹീബ്രുവിലേക്ക് വിവര്‍ത്തനം ചെയ്യുന്നതില്‍ നിന്ന് വിലക്കിയിരുന്നു. 2012ലായിരുന്നു ഇത്.