അമ്പമ്പോ എന്തൊരു നീളം... 19 ഇഞ്ച് നീളമുള്ള ചെവികൾ, താരമായി 'സിംബ'
|ലോക റെക്കോർഡിന് കാത്തിരിക്കുകയാണ് സിംബയിപ്പോൾ
കറാച്ചി: നടക്കുമ്പോള്‍ നിലത്തുമുട്ടുന്ന ചെവികള്‍. 19 ഇഞ്ച് നീളമുള്ള ചെവികളുമായാണ് സിംബയെന്ന ആട്ടിൻ കുട്ടി ജനിച്ചത്. പാക്കിസ്ഥാനിലെ കറാച്ചിയിലെ സിന്ധ് പ്രവിശ്യയിലാണ് സിംബ ജനിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സിംബ ജനിച്ചതെന്ന് ഉടമയായ മുഹമ്മദ് ഹസൻ നരേജോ പറഞ്ഞു.
ഏറ്റവും നീളമുള്ള ചെവിയ്ക്കുടമയായ ആട്ടിൻ കുട്ടി എന്ന ലോക റെക്കോർഡിന് കാത്തിരിക്കുകയാണ് സിംബയിപ്പോൾ. നിലവിൽ ചെവികളുടെ നീളത്തിൽ ആട്ടിൻകുട്ടികള്‍ ലോക റെക്കോർഡിൽ ഇടം പിടിച്ചിട്ടില്ല. അങ്ങനെ വരുമ്പോൾ ചെവികളുടെ നീളത്തിൽ ലോക റെക്കോർഡിൽ ഇടം നേടുന്ന ആദ്യത്തെ ആട്ടിൻകുട്ടിയാകും സിംബ.
ഇതിനോടകം തന്നെ സിംബക്ക് നിലവിൽ നിരവധി ആരാധകരാണുള്ളത്. മറ്റ് ആരോഗ്യപ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ സിംബയ്ക്കില്ല. ജനിതമായ പ്രശ്നങ്ങൾകൊണ്ടോ മറ്റ് വൈകല്യങ്ങൾ കൊണ്ടോ ആവണം ചെവികളുടെ നീളം കൂടാൻ കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. നൂബിയൻ വിഭാഗത്തിൽപ്പെട്ട ആട്ടിൻകുട്ടിയാണ് സിംബ. ഈ ഗണത്തിൽപ്പെട്ട ആടുകൾക്ക് താരതമ്യേന നീണ്ട ചെവിയുള്ളത്. കടുത്ത ചൂടിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനാണ് ഇവയ്ക്ക് ഈ ചെവികൾ. സ്വാഹിലി ഭാഷയിൽ സിംബയുടെ അർഥം സിംഹം എന്നാണ്.