World
babyrescue, Turkeyearthquake
World

ജീവന്റെ തുടിപ്പുമായി 68 മണിക്കൂർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ; ദുരന്തഭൂമിയിൽ പിഞ്ചുകുഞ്ഞിന് 'രണ്ടാം ജന്മം'

Web Desk
|
9 Feb 2023 9:44 AM GMT

ഭൂകമ്പത്തിൽ തുർക്കിയിലും സിറിയയിലുമായി മരിച്ചവരുടെ എണ്ണം 16,000 കടന്നു

അങ്കാറ: വൻ നാശനഷ്ടങ്ങൾ വിതച്ച ഭൂകമ്പത്തിന്റെ ആഘാതത്തിൽനിന്ന് ഇനിയും തുർക്കിയും സിറിയയും മുക്തമായിട്ടില്ല. ലോകമെങ്ങും സഹായഹസ്തം നീട്ടുമ്പോഴും ആയിരക്കണക്കിനു ജീവനും കെട്ടിടങ്ങളും അപഹരിച്ച ദുരന്തം ഏറെനാൾ ഒരു ഞെട്ടലായി തുർക്കി, സിറിയ ജനതയ്ക്കിടയിൽ നിലനിൽക്കുമെന്നുറപ്പ്. ദുരന്തത്തിൽ ഇരുരാജ്യങ്ങളിലുമായി മരിച്ചവരുടെ എണ്ണം 16,000 കടന്നതായാണ് ഏറ്റവും ഒടുവിലത്തെ വിവരം. തുർക്കിയിൽ മാത്രം 12,873 പേരാണ് മരിച്ചത്. 62,914 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സിറിയയിൽ 3,162 മരണവും റിപ്പോർട്ട് ചെയ്യുന്നു.

തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽനിന്ന് ജീവന്റെ തുടിപ്പുകൾ കണ്ടെത്താനായി ഇനിയും തിരച്ചിൽ പുരോഗമിക്കുകയാണ്. ദുരന്തത്തിൽനിന്ന് ജീവനോടെ രക്ഷപ്പെട്ടവർ ഉറ്റവരെയും ഉടയവരെയും തിരഞ്ഞ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കണ്ണുനട്ടിരിപ്പാണ്. ഇതിനിടയിൽ, ദുരന്തം നടന്ന് ദിവസങ്ങൾക്കുശേഷം അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഒരു പിഞ്ചുകുഞ്ഞിനെ ജീവനോടെ പുറത്തെടുത്തിരിക്കുകയാണ് രക്ഷാപ്രവർത്തകർ.

ഭൂകമ്പം ഏറ്റവും നാശം വിതച്ച ദക്ഷിണ ഹതായ് പ്രവിശ്യയിലാണ് സംഭവം. ഇസ്താംബൂൾ നഗരസഭയിൽനിന്നുള്ള രക്ഷാസേനയാണ് കുഞ്ഞിനെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് പുറത്തെടുത്തത്. ഹെലൻ എന്ന പിഞ്ഞുകുഞ്ഞ് 68 മണിക്കൂറാണ് തുള്ളിജലം പോലുമില്ലാതെ ജീവനോടെ അവശിഷ്ടങ്ങൾക്കിടയിൽ കഴിഞ്ഞത്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി നല്ല നിലയിലാണെന്ന് മെഡിക്കൽ വിഭാഗം അറിയിച്ചു. നിലവിൽ മെഡിക്കൽ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണുള്ളത്.

ആദിയാമൻ പ്രവിശ്യയിലും ഒരു കുടുംബത്തെ മുഴുവൻ ഇന്ന് ജീവനോടെ രക്ഷിച്ചിട്ടുണ്ട്. ഒരേ കുടുംബത്തിലെ നാലുപേരാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മൂന്നു ദിവസത്തോളം ജീവനോടെ കഴിഞ്ഞത്.

Summary: Baby rescued from rubble 68 hours after Turkey earthquake in southern Hatay province

Similar Posts