ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി; പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്ന് വിലക്കി കോടതി
|സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ട്രംപിന്റെ വക്താവ്
വാഷിങ്ടണ്‍: അടുത്തവര്‍ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിലക്കി കൊളറാഡോ സുപ്രീം കോടതി. 2021 ജനുവരി ആറിന് ട്രംപിന്റെ അനുയായികള്‍ യു.എസ് പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളില്‍ കലാപം സൃഷ്ടിച്ചതില്‍ ട്രംപിന് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിലക്കേര്‍പ്പെടുത്തിയത്.
കലാപങ്ങളുടെയും അക്രമത്തിന്റെയും പേരില്‍ ആദ്യമായിട്ടാണ് ഒരു അമേരിക്കന്‍ പ്രസിഡന്റിന് തെരഞ്ഞെടുപ്പില്‍നിന്ന് വിലക്കേര്‍പ്പെടുത്തുന്നത്. അതേസമയം, പ്രതിഭാഗത്തിന് അപ്പീല്‍ നല്‍കാനായി ഉത്തരവ് 2024 ജനുവരി നാല് വരെ കോടതി സ്‌റ്റേ ചെയ്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി പ്രൈമറി ബാലറ്റുകള്‍ അച്ചടിക്കേണ്ട അവസാന തീയതി ജനുവരി അഞ്ചാണ്.
വാഷിങ്ടണിലെ സിറ്റിസണ്‍സ് ഫോര്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് എത്തിക്‌സ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ കൊളറാഡോയിലെ ഒരുകൂട്ടം വോട്ടര്‍മാര്‍ ചേര്‍ന്നാണ് ട്രംപിനെതിരെ കോടതിയെ സമീപിച്ചത്. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് പരാജയപ്പെട്ട ശേഷം കാപിറ്റോള്‍ ആക്രമിക്കാന്‍ തന്റെ അനുയായികളെ പ്രേരിപ്പിച്ചതിന് ട്രംപിനെ അയോഗ്യനാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
അതേസമയം, ട്രംപിന് വിലക്കേര്‍പ്പെടുത്തിയ വിധിക്ക് കൊളറാഡോ സ്‌റ്റേറ്റില്‍ മാത്രമാകും സാധുത. മറ്റു സ്‌റ്റേറ്റുകളില്‍ ട്രംപിന് നിലവില്‍ വിലക്കുകളില്ല.
കോടതി വിധി തെറ്റായ തീരുമാനവും ജനാധിപത്യ വിരുദ്ധവുമാണെന്ന് വ്യക്തമാക്കിയ ട്രംപിന്റെ വക്താവ്, യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അറിയച്ചു. റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥികളില്‍ മുന്‍പന്തിയിലാണ് ഡൊണാള്‍ഡ് ട്രംപ്. പാര്‍ട്ടിയില്‍ 60 ശതമാനം പിന്തുണയും മുന്‍ പ്രസിഡന്റിനുണ്ടെന്നാണ് വിലയിരുത്തല്‍.