World
കടുത്ത സാമ്പത്തിക പ്രതിസന്ധി; അന്താരാഷ്ട്ര സഹായം തേടി ബംഗ്ലാദേശ്
World

കടുത്ത സാമ്പത്തിക പ്രതിസന്ധി; അന്താരാഷ്ട്ര സഹായം തേടി ബംഗ്ലാദേശ്

Web Desk
|
14 Aug 2022 12:36 PM GMT

ഇന്ധന വില കുത്തനെ ഉയര്‍ന്നു, ഭക്ഷ്യസാധനങ്ങൾക്ക് വില കൂടി

ധാക്ക: ശ്രീലങ്കക്കും പാകിസ്താനും പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട് ബംഗ്ലാദേശ്. യുക്രൈൻ യുദ്ധത്തോടെ എണ്ണ വിപണിയിലുണ്ടായ പ്രതിസന്ധിയാണ് ബംഗ്ലാദേശിനും തിരിച്ചടിയായത്. സാമ്പത്തിക വളർച്ചയുടെ എല്ലാ സൂചികകളിലും മുൻനിരയിലെത്തിയ രാജ്യത്ത് എണ്ണ വിലയിൽ ഒരാഴ്ചക്കിടെ അമ്പത് ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.

ഇന്ധന വില കുത്തനെ ഉയരുകയും ഭക്ഷ്യസാധനങ്ങൾക്ക് വില കൂടുകയും ചെയ്തതോടെ ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. പെട്രോൾ പമ്പുകൾക്ക് മുന്നിൽ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. പച്ചക്കറിക്കും ധാന്യങ്ങൾക്കും കുത്തനെ വില കയറി. ഭക്ഷണത്തിനും യാത്രക്കും വൻ തുക ചിലവാകുന്നതിനാൽ കുട്ടികളുടെ പഠനം അടക്കമുള്ള കാര്യങ്ങൾക്ക് പണം തികയാത്ത സ്ഥിതിയാണെന്ന് ജനങ്ങൾ പരാതിപ്പെടുകയാണ്. ഡീസൽ ക്ഷാമം മൂലം പതിമൂന്ന് മണിക്കൂർ വരെയാണ് പല ദിവസങ്ങളിലും പവർകട്ട്.

അതിനിടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബംഗ്ലാദേശ് സർക്കാർ അന്താരാഷ്ട്ര നാണ്യനിധിയിൽ നിന്നും സഹായം തേടി. ഒരു വിദേശ ഏജൻസിയിൽ നിന്നും നാലര ബില്യൺ ഡോളർ വായ്പയെടുക്കാൻ സർക്കാർ നടപടി തുടങ്ങിയതായി ധാക്കയിൽ പ്രസിദ്ധീകരിക്കുന്ന ഡെയ് ലി സ്റ്റാർ പത്രം റിപ്പോർട്ട് ചെയ്തു. വികസന പദ്ധതികൾക്കായി എടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതും ബംഗ്ലാദേശിന് പ്രതിസന്ധിയായി മാറും. അതേസമയം വിലക്കയറ്റം ഒരു യാഥാർത്ഥ്യമാണെന്നും എണ്ണ വില ഉയരുന്നതിനാൽ പോംവഴിയൊന്നും കണുന്നില്ലെന്നും ബംഗ്ലാദേശ് ഊർജ മന്ത്രി നസ്‌റുൽ ഹാമിദ് ബിബിസിയോട് പ്രതികരിച്ചു.

Similar Posts