World
ബ്രിട്ടീഷ് രാജവാഴ്ചക്ക് അന്തിമ സല്യൂട്ട്; റിപ്പബ്ലിക്കിന്റെ പുലരിയിൽ ബാർബഡോസ്
World

ബ്രിട്ടീഷ് രാജവാഴ്ചക്ക് അന്തിമ സല്യൂട്ട്; റിപ്പബ്ലിക്കിന്റെ പുലരിയിൽ ബാർബഡോസ്

Web Desk
|
30 Nov 2021 2:34 PM GMT

55-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിലാണ് രാജ്യം റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടത്.

ലോകത്തെ ഏറ്റവും പുതിയ സ്വതന്ത്ര റിപ്പബ്ലിക്കായി കരീബിയൻ ദ്വീപായ ബാർബഡോസ്. എലിസബത്ത് രാജ്ഞിയെ രാഷ്ട്രത്തലവന്റെ സ്ഥാനത്ത് നിന്ന് ഔദ്യോഗികമായി നീക്കം ചെയ്തു. ഡാം സാന്ദ്ര മേസൺ രാജ്യത്തെ ആദ്യ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 2018 മുതൽ രാജ്യത്തെ ഗവർണർ ജനറൽ (രാജ്ഞിയുടെ പ്രതിനിധി) ആയിരുന്നു മേസൺ.



തലസ്ഥാനമായ ബ്രിജ്ടൗണിൽ വെച്ചായിരുന്നു ചടങ്ങിൽ നൂറ് കണക്കിനാളുകൾ രാജ്യം റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെടുന്ന നിമിഷത്തിന് സാക്ഷികളാവാൻ സന്നിഹിതരായി. അധികാരക്കൈമാറ്റത്തിന്റെ സൂചകമായി, ബ്രിട്ടീഷ് രാജവാഴ്ചയ്ക്ക് അവസാനമായി സല്യൂട്ട് നൽകുകയും റോയൽ പതാക താഴ്ത്തുകയും റിപ്പബ്ലിക് ബാർബഡോസിന്റെ പതാക ഉയർത്തുകയും ചെയ്തു.

എലിസബത്ത് രാജ്ഞിയുടെ മകൻ ചാൾസ് രാജകുമാരനായിരുന്നു ബ്രിട്ടീഷ് രാജകുടുംബത്തെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്തത്. പുതിയ തുടക്കമായാണ്​ ചടങ്ങിനെ ചാൾസ്​ രാജകുമാരൻ വിശേഷിപ്പിച്ചത്​. എപ്പോഴും താൻ ബാർബഡോസിന്റെ സുഹൃത്തായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാർ​ബഡിയൻ ഗായികയായ റിഹാനയും ചടങ്ങിൽ പ​ങ്കെടുത്തു.

55 വർഷങ്ങൾക്കു മുമ്പ് 1966 നവംബർ 30നാണ് ബാർബഡോസിനെ സ്വതന്ത്ര ബ്രിട്ടീഷ് കോമൺവെൽത്ത് രാജ്യമായി പ്രഖ്യാപിച്ചത്. രാജ്യം സ്വാതന്ത്ര്യം നേടിയിരുന്നെങ്കിലും എലിസബത്ത് രാഞ്ജി തന്നെ ബാർബഡോസിന്റെ സമുന്നത നേതാവായി തുടർന്നു. 55-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിലാണ് രാജ്യം റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടത്.

400 വർഷങ്ങൾക്കു മുമ്പാണ് ആദ്യ ഇംഗ്ലീഷ് കപ്പൽ ദ്വീപ് തീരത്ത് നങ്കൂരമിടുന്നത്. ഒരുകാലത്ത് ബാർബഡോസ് അടിമക്കച്ചവടത്തിന്റെ കേന്ദ്രമായിരുന്നു. ബാർബഡോസിനെ അടിമ സമൂഹമാക്കിയത് ബ്രിട്ടീഷുകാരണെന്നാണ് ചരിത്രം. 1627 നും 1833 നും ഇടയിൽ യജമാനന്മാരുടെ കരിമ്പുതോട്ടങ്ങളിൽ ജോലി ചെയ്യാനായി ആറു ലക്ഷത്തോളം ആഫ്രിക്കൻ അടിമകളെ ബാർബഡോസിൽ എത്തിച്ചിരുന്നെന്നാണ് കണക്കുകൾ.

Similar Posts