World
ശ്രീലങ്കൻ പ്രതിസന്ധിയിൽ പങ്കില്ല; മുൻ ധനകാര്യ മന്ത്രി ബേസിൽ രജപക്‌സെ എംപി സ്ഥാനവും രാജിവെച്ചു, നാടകം നിർത്തൂവെന്ന് സനത് ജയസൂര്യ
World

'ശ്രീലങ്കൻ പ്രതിസന്ധിയിൽ പങ്കില്ല'; മുൻ ധനകാര്യ മന്ത്രി ബേസിൽ രജപക്‌സെ എംപി സ്ഥാനവും രാജിവെച്ചു, നാടകം നിർത്തൂവെന്ന് സനത് ജയസൂര്യ

Web Desk
|
9 Jun 2022 1:39 PM GMT

ശ്രീലങ്കൻ പ്രസിഡൻറ് ഗൊതബയ രജപക്‌സെയുടെ ഇളയ സഹോരനും മുൻ ധനകാര്യ മന്ത്രിയുമായ ബേസിൽ രജപക്‌സെയാണ് രാജിവെച്ചത്

കൊളംബോ: ശ്രീലങ്കയിൽ സാമ്പത്തിക -ഭരണ പ്രതിസന്ധി തുടരുന്നതിനിടെ രാജ്യം ഭരിക്കുന്ന രജപക്‌സെ കുടുംബത്തിലെ ഒരംഗം പാർലമെൻറിൽ നിന്നും രാജിവെച്ചു. ശ്രീലങ്കൻ പ്രസിഡൻറ് ഗൊതബയ രജപക്‌സെയുടെ ഇളയ സഹോരനും മുൻ ധനകാര്യ മന്ത്രിയുമായ ബേസിൽ രജപക്‌സെയാണ് രാജിവെച്ചത്. സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി മഹിന്ദ രജപക്‌സെക്ക് ജനരോഷത്തെ തുടർന്ന് കഴിഞ്ഞ മാസം രാജിവെക്കേണ്ടി വന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് ബേസിലിന്റെ രാജി.

'ഞാൻ പാർലമെൻറിലെത്തിയത് സാമ്പത്തിക രംഗം നിയന്ത്രിക്കാനാണ്. എന്നാൽ ധനകാര്യ മന്ത്രി പദവി നഷ്ടപ്പെട്ടത് മുതൽ എംപിയായി തുടരുന്നതിൽ അർഥമില്ല'ഏപ്രിൽ വരെ ധനകാര്യമന്ത്രിയായിരുന്ന ഈ 71കാരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബേസിൽ മന്ത്രിയായിരിക്കെയാണ് ശ്രീലങ്കയിൽ ഭക്ഷണം, ഇന്ധനം, മരുന്ന് തുടങ്ങിയ അവശ്യ വസ്തുക്കളുടെ ദൗർലഭ്യത തുടങ്ങിയത്. ആ അവസ്ഥ ഇപ്പോഴും തുടരുകയുമാണ്. ബേസിൽ ധനമന്ത്രാലയം വിട്ട സമയത്ത് ശ്രീലങ്കക്ക് 51 ബില്യൺ ഡോളറിന്റെ വിദേശ കടം തിരിച്ചടക്കാനുണ്ടായിരുന്നു. എന്നാൽ നാടിന്റെ സാമ്പത്തിക ദുരവസ്ഥയിൽ തനിക്കൊരു ഉത്തരവാദിത്തവുമില്ലെന്നാണ് ഇയാൾ വാദിക്കുന്നത്. 'ഞാൻ ഒരു പ്രതിസന്ധിയും സൃഷ്ടിച്ചിട്ടില്ല. ഞാൻ ധനകാര്യ മന്ത്രിയാകുമ്പോൾ തന്നെ ഈ പ്രശ്‌നങ്ങളുണ്ടായിരുന്നു' ബേസിൽ പറഞ്ഞു. യു.എസ് പൗരത്വം കൂടിയുള്ള ബേസിൽ 2021ൽ രണ്ടാം തവണയാണ് പാർലമെൻറിലെത്തിയത്.


എന്നാൽ ബേസിലിന്റെ പത്രസമ്മേളനത്തിനെതിരെ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ രംഗത്തെത്തി. 'മുൻ മന്ത്രി ബേസിൽ രജപക്സെ നടത്തിയ വാർത്താസമ്മേളനത്തിൽ ഞാൻ കടുത്ത നിരാശയിലാണ്. ഇത് ചിരിപ്പിക്കുന്ന കാര്യമല്ല, നമ്മുടെ രാജ്യങ്ങളുടെ ഭാവി നശിച്ചിരിക്കുന്നു, നിങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. ഈ രാഷ്ട്രീയ നാടകങ്ങൾ നിർത്തൂ. പ്ലീസ് മാൻ അപ്പ്!'' ജയസൂര്യ ട്വിറ്ററിൽ പ്രതികരിച്ചു.

രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്ന ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ രാജിയെത്തുടർന്ന് ഒത്തുതീർപ്പിലൂടെ യു.എൻ.പി നേതാവ് റനിൽ വിക്രമസിംഗെ പ്രധാനമന്ത്രിയായിരിക്കുകയാണ്. ഭരണസഖ്യമായ എസ്.എൽ.പി.പി റനിലിനെ പിന്തുണക്കുകയായിരുന്നു. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ദേശീയ സമിതി രൂപീകരിക്കുമെന്ന് റെനിൽ അറിയിച്ചിരുന്നു. ദേശീയ സമിതിയിൽ എല്ലാ പാർട്ടികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കൻ എയർലൈൻസ് സ്വകാര്യവത്ക്കരിക്കാനും തീരുമാനിച്ചിരുന്നു.

Basil Rajapaksa, the younger brother of President Gotabhaya Rajapaksa and former finance minister, has resigned from parliament amid continuing economic and governance crisis in Sri Lanka.

Similar Posts