World
കിയവിൽ സ്‌ഫോടന പരമ്പര, നഗരം വളഞ്ഞ് റഷ്യൻപട; മൂന്നാംദിനവും ആക്രമണം തുടരുന്നു
World

കിയവിൽ സ്‌ഫോടന പരമ്പര, നഗരം വളഞ്ഞ് റഷ്യൻപട; മൂന്നാംദിനവും ആക്രമണം തുടരുന്നു

Web Desk
|
26 Feb 2022 1:54 AM GMT

കിയവിലെ വൈദ്യുതിനിലയത്തിനു സമീപം സ്‌ഫോടന പരമ്പരയാണ് നടന്നത്. നാലു ഭാഗത്തുനിന്നുമായി റഷ്യൻസൈന്യം നഗരം വളഞ്ഞിരിക്കുകയാണ്

യുക്രൈനിൽ റഷ്യൻ ആക്രമണം മൂന്നാംദിവസവും ശക്തമായി തുടരുന്നു. തലസ്ഥാനമായ കിയവ് പിടിച്ചടക്കാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആക്രമണം കടുപ്പിച്ചിരിക്കുകയാണ് സൈന്യം. കഴിഞ്ഞ മണിക്കൂറുകളിൽ നഗരപ്രാന്തങ്ങളിൽ സഫോടന പരമ്പരകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, താനടക്കം ഭരണത്തലവന്മാർ ആരും കിയവ് വിട്ടുപോയിട്ടില്ലെന്നും നഗരം ആർക്കും വിട്ടുകൊടുക്കില്ലെന്നും യുക്രൈൻ പ്രസിഡന്റ് വ്‌ളാദ്മിർ സെലൻസ്‌കി വ്യക്തമാക്കി.

കിയവിലെ വൈദ്യുതിനിലയത്തിനു സമീപം സ്‌ഫോടന പരമ്പരയാണ് നടന്നത്. നാലു ഭാഗത്തുനിന്നുമായി റഷ്യൻസൈന്യം നഗരം വളഞ്ഞിരിക്കുകയാണ്. സൈന്യം കിയവിലേക്ക് ഇരച്ചുകയറുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മൈദാൻ സ്‌ക്വയറിൽ ഉഗ്രശബ്ദത്തിലുള്ള സ്‌ഫോടനം നടന്നതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. നഗരത്തിലെ ട്രോയിഷ്ചിന മേഖലയിലും സ്‌ഫോടനപരമ്പര നടന്നു. നഗരമധ്യത്തിൽനിന്ന് തന്നെ കേൾക്കാവുന്ന തരത്തിൽ വ്യോമാക്രമണവും ശക്തമാണ്. വാസിൽകീവിലെ വ്യോമതാവളം വലിയ പോരാട്ടത്തിലൂടെ റഷ്യൻസേന പിടിച്ചടക്കിയിട്ടുണ്ട്. താവളം കേന്ദ്രമാക്കിയാണ് നഗരം ലക്ഷ്യമിട്ടുള്ള റഷ്യൻ ആക്രമണം ഇപ്പോൾ നടക്കുന്നത്.

എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല-സെലൻസ്‌കി

അതേസമയം, റഷ്യൻസേനയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ചതായി യുക്രൈൻ സൈന്യവും അവകാശപ്പെടുന്നുണ്ട്. കരിങ്കടൽ നഗരമായ മികോലൈവിൽ വലിയ നാശമാണ് റഷ്യയ്ക്കുണ്ടായതെന്ന് യുക്രൈൻ അവകാശപ്പെടുന്നു.

തലസ്ഥാനം റഷ്യയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് സെലൻസ്‌കി വിഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. യുക്രൈൻ പൗരന്മാരെ അഭിസംബോധന ചെയ്താണ് സെലൻസ്‌കി വിഡിയോ സന്ദേശം പുറത്തുവിട്ടത്. റഷ്യയെ ശക്തമായി പ്രതിരോധിക്കുമെന്നും സെലൻസ്‌കി പറഞ്ഞു.

ബങ്കറിലേക്ക് ഒളിച്ചോടിയെന്ന തരത്തിലുള്ള വാർത്തകൾ സെലൻസ്‌കി നിഷേധിച്ചു. വിഡിയോയിൽ അദ്ദേഹത്തിനൊപ്പം മന്ത്രിസഭയിലെ ഉന്നതരുമുണ്ടായിരുന്നു.

Summary: Battle for Kyiv under way

Similar Posts