ലൈവ് സ്ട്രീമിങ് തടസപ്പെടുത്തി മൂന്നുവയസുകാരി മകള്‍; ന്യൂസിലാന്‍റ് പ്രധാനമന്ത്രിയുടെ വീഡിയോ വൈറല്‍
|ഇതാദ്യമായല്ല കുഞ്ഞു നീവ് ജനശ്രദ്ധയാകര്‍ഷിക്കുന്നത്. 2018 സെപ്തംബറില്‍ ഐക്യരാഷ്ടസഭയുടെ പൊതുസഭയില്‍ ജസീന്ത ആര്‍ഡന്‍ പ്രസംഗിക്കാനെത്തിയപ്പോള്‍ കൂടെ നീവുമുണ്ടായിരുന്നു.
ന്യൂസിലാന്‍റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍റെ മൂന്നുവയസ്സുകാരി മകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. അമ്മയുടെ ലൈവ് സ്ട്രീമിങ്ങിനിടെ മമ്മീ..എന്ന ചിണുങ്ങലുമായെത്തിയാണ് കൊച്ചു 'നീവ്' താരമായത്. കോവിഡ് നിയന്ത്രണങ്ങളിലെ പുതിയ പരിഷ്കാരങ്ങള്‍ സംബന്ധിച്ച് മന്ത്രിസഭായോഗത്തിലെടുത്ത നിര്‍ണായക തീരുമാനങ്ങള്‍ പങ്കുവെക്കുന്നതിനിടയിലാണ് നീവ് അമ്മയെ ബുദ്ധിമുട്ടിലാക്കിയത്.
ലൈവ് സ്ട്രീമിങ്ങ് ആംഭിച്ച് മിനുട്ടുകള്‍ കഴിഞ്ഞപ്പോഴാണ് നീവിന്‍റെ വിളിയെത്തുന്നത്. പതിഞ്ഞ സ്വരത്തിലുള്ള മമ്മീ എന്ന വിളിയല്ലാതെ നീവ് വീഡിയോ ദൃശ്യത്തില്‍ പതിഞ്ഞിട്ടില്ല. ഇത് ഉറങ്ങാനുള്ള സമയമാണെന്നും അമ്മ ഉടനെയെത്താമെന്നും പറഞ്ഞ് ജസീന്ത മകളെ ആശ്വസിപ്പിക്കുന്നത് വീഡിയോയില്‍ കാണാം. ഇതൊരു 'ബെഡ് ടൈം ഫെയില്‍' ആണെന്ന് പറഞ്ഞ ജസീന്ത, നിങ്ങള്‍ക്കുണ്ടോ ഇതുപോലെ ഉറക്കപ്പായയില്‍ നിന്ന് മൂന്നൂം നാലും തവണ എഴുന്നേറ്റുവരുന്ന കുട്ടികളെന്നും ചോദിക്കുന്നുണ്ട്.
ഇതാദ്യമായല്ല കുഞ്ഞു നീവ് ജനശ്രദ്ധയാകര്‍ഷിക്കുന്നത്. 2018 സെപ്തംബറില്‍ ഐക്യരാഷ്ടസഭയുടെ പൊതുസഭയില്‍ ജസീന്ത ആര്‍ഡന്‍ പ്രസംഗിക്കാനെത്തിയപ്പോള്‍ കൂടെ നീവുമുണ്ടായിരുന്നു. കൈക്കുഞ്ഞുനെയും കയ്യിലെടുത്ത് ഒരു പെണ്‍ഭാഷണം യു.എന്‍ ചരിത്രത്തില്‍ തന്നെ ആദ്യ ചിത്രമായിരുന്നു. പ്രധാനമന്ത്രിയായിരിക്കെ കുഞ്ഞിനു ജന്മം കൊടുത്തതും ജസീന്തയുടെ വാര്‍ത്താപ്രാധാന്യം വര്‍ധിപ്പിച്ചിരുന്നു.
2008ലാണ് ജസീന്ത ആര്‍ഡന്‍ ആദ്യമായി ന്യൂസിലാൻഡ് പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് അഞ്ചുതവണയും അവർ ന്യൂസിലാൻഡ് പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയിൽ ന്യൂസിലാൻഡ് പ്രതിപക്ഷനേതാവായും അവർ പ്രവർത്തിച്ചു. 2017 ഒക്ടോബറിലാണ് ജസീന്ത ന്യൂസിലാൻഡിന്‍റെ നാൽപ്പതാമത് പ്രധാനമന്ത്രിസ്ഥാനം അലങ്കരിക്കുന്നത്. കോവിഡ് നിയന്ത്രിക്കാനുള്ള കരുത്തുറ്റ നടപടികള്‍ ജസീന്തയ്ക്ക് ന്യൂസീലൻഡിൽ താരപരിവേഷം നൽകിയിരുന്നു.
ടെലിവിഷന്‍ അവതാരകനായ ക്ലാർക്ക് ഗേഫോഡാണ് ജസീന്തയുടെ ഭർത്താവ്. ഒരു പരിപാടിക്കിടെയാണ് ഗേഫോഡിനെ ജസീന്ത കാണുന്നതും പരിചയപ്പെടുന്നതും. ഈ പരിചയം പിന്നീട് പ്രണയത്തിലും വിവാഹത്തിലും കലാശിക്കുകയായിരുന്നു.