World
ukraine russia war
World

"നാണക്കേട്, പിടിക്കപ്പെടുന്നതിനേക്കാൾ നല്ലത് ജീവനെടുക്കുന്നതാണ്"; കയ്യിൽ പിസ്റ്റളുമായി സെലൻസ്‌കി

Web Desk
|
30 April 2023 12:58 PM GMT

വളരെ ശക്തമായ പ്രതിരോധമാണ് യുക്രൈൻ തീർത്തത്. ആരും തന്നെയും തടവിലാക്കപ്പെട്ടില്ല. അവസാനം വരെ ഞങ്ങൾ അവിടെ ഉണ്ടാകുമെന്നും സെലെൻസ്‌കി പറഞ്ഞു.

കിയവ്: റഷ്യക്കെതിരെ മരണം വരെ പോരാടുമെന്നും പോരാടുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളാദ്മിർ സെലെൻസ്‌കി. റഷ്യ കിയവ് ആസ്ഥാനം ആക്രമിച്ചിരുന്നെങ്കിൽ തന്റെ കയ്യിലുള്ള പിസ്റ്റളുമായി മരണം വരെ പോരാടുമായിരുന്നുവെന്ന് സെലെൻസ്‌കി ഒരു അഭിമുഖത്തിൽ പറഞ്ഞു.

"എങ്ങനെ വെടിവെക്കണമെന്ന് എനിക്കറിയാം. 'യുക്രൈൻ പ്രസിഡന്റിനെ റഷ്യ തടവിലാക്കി' ഇങ്ങനെയൊരു തലക്കെട്ട് സങ്കല്പിക്കാൻ കഴിയുമോ നിങ്ങൾക്ക്? നാണക്കേടാണത്. അതിലും വലിയ അപമാനം വരാനില്ല"; സെലെൻസ്‌കി പറഞ്ഞു.

2022 ഫെബ്രുവരി 24 അധിനിവേശത്തിനു ശേഷമുള്ള ആദ്യ ദിവസങ്ങളിൽ, റഷ്യൻ രഹസ്യാന്വേഷണ വിഭാഗങ്ങൾ കിയവിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പ്രസിഡന്റിന്റെ ഓഫീസുകൾ സ്ഥിതിചെയ്യുന്ന ബാങ്കോവ സ്ട്രീറ്റിൽ കാലുകുത്താൻ പോലും അവർക്ക് കഴിഞ്ഞില്ലെന്ന് യുക്രേനിയൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.

അവർ കിയവ് ആസ്ഥാനത്തിനുള്ളിൽ പ്രവേശിച്ചിരുന്നെങ്കിൽ ഞങ്ങൾ അവിടെ ഉണ്ടാകുമായിരുന്നില്ലെന്ന് സെലൻസ്‌കി പറഞ്ഞു. ഏത് റഷ്യൻ യൂണിറ്റുകളെയാണ് അദ്ദേഹം പരാമർശിച്ചതെന്ന് വ്യക്തമല്ല. വളരെ ശക്തമായ പ്രതിരോധമാണ് യുക്രൈൻ തീർത്തത്. ആരും തന്നെയും തടവിലാക്കപ്പെട്ടില്ല. അവസാനം വരെ ഞങ്ങൾ അവിടെ ഉണ്ടാകുമെന്നും സെലെൻസ്‌കി പറഞ്ഞു.

പിസ്റ്റൾ കയ്യിൽ കൊണ്ടുനടക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് റഷ്യ ബന്ദിയാക്കുന്നതിനേക്കാൾ നല്ലത് ജീവനെടുക്കുന്നതാണെന്നായിരുന്നു സെലൻസ്‌കിയുടെ മറുപടി. സ്വയം മരിക്കുന്ന കാര്യമല്ല പറഞ്ഞതെന്നും അദ്ദേഹം തിരുത്തി. റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കുന്ന കാര്യമാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Similar Posts