കയ്യേറിയ ഫലസ്തീൻ പ്രദേശങ്ങളിൽ നിർമിച്ച ഇസ്രയേലി ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ബെൽജിയം
|തീരുമാനത്തിൽ പ്രതിഷേധിച്ച് ഇസ്രയേൽ ഉപവിദേശമന്ത്രി ബെൽജിയൻ അധികൃതരുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയെങ്കിലും പിന്നോട്ടില്ലെന്ന് ബെൽജിയം
അന്താരാഷ്ട്ര നിയമങ്ങൾ മറികടന്ന് ഇസ്രയേൽ പിടിച്ചെടുത്ത ഫലസ്തീൻ ഭൂമിയിൽ നിർമിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി നിയന്ത്രണമേർപ്പെടുത്തി യൂറോപ്യൻ രാജ്യമായ ബെൽജിയം. ഇസ്രയേലിൽ നിന്ന് തങ്ങളുടെ രാജ്യത്തേക്ക് കയറ്റിയയക്കുന്ന ഉൽപ്പന്നങ്ങളിൽ, അവ നിർമിച്ചത് അധിനിവിഷ്ട ഫലസ്തീൻ പ്രദേശങ്ങളിലാണോ എന്നു വ്യക്തമാക്കുന്ന വ്യത്യസ്ത ലേബലുകൾ പതിപ്പിക്കണമെന്ന് ബെൽജിയൻ ഭരണകൂടം കഴിഞ്ഞയാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
1967-ൽ അംഗീകരിക്കപ്പെട്ട ഇസ്രയേൽ പ്രദേശങ്ങളിൽ നിർമിച്ച ഉൽപ്പന്നങ്ങൾക്ക് ഒരു ലേബലും, ഫലസ്തീൻ പ്രദേശങ്ങളായ വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറൂസലം, ഗസ്സ മുനമ്പ്, ഗൊലാൻ കുന്നുകൾ എന്നിവയിൽ നിർമിച്ചവയ്ക്ക് മറ്റൊരു ലേബലും ഉണ്ടായിരിക്കണമെന്നാണ് ഗവൺമെന്റ് വ്യക്തമാക്കിയതെന്ന് ബെൽജിയൻ ദിനപത്രമായ ലെ സോയർ റിപ്പോർട്ട് ചെയ്തു. തീരുമാനത്തിൽ ഇസ്രയേൽ പരസ്യമായ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും യൂറോപ്യൻ യൂണിയന്റെ നയങ്ങൾ പിന്തുടരുക മാത്രമാണ് തങ്ങൾ ചെയ്യുന്നത് എന്നാണ് ബെൽജിയൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.
ബെൽജിയത്തിന്റെ തീരുമാനത്തെ ഫലസ്തീൻ അതോറിറ്റി സ്വാഗതം ചെയ്തു. ശരിയായ ദിശയിലേക്കുള്ള നീക്കമാണിതെന്നും മറ്റു രാജ്യങ്ങളും ഇതേ മാർഗം പിന്തുടരണമെന്നും ഫലസ്തീൻ അതോറിറ്റി പ്രധാനമന്ത്രി മുഹമ്മദ് ഇഷ്തിയ പറഞ്ഞു.
ഇസ്രയേലിന്റെ പ്രതിഷേധം വകവെക്കാതെ ബെൽജിയം
തങ്ങളുടെ ഉൽപ്പന്നങ്ങൾ തരം തിരിക്കാനുള്ള ബെൽജിയത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച്, യൂറോപ്യൻ രാജ്യം സന്ദർശിക്കുന്ന ഇസ്രയേൽ ഉപ വിദേശമന്ത്രി ഇദൻ റോൽ ബെൽജിയം പ്രതിനിധികളുമായി മുൻകൂർ നിശ്ചയിച്ചിരുന്ന യോഗങ്ങൾ വ്യാഴാഴ്ച റദ്ദാക്കിയിരുന്നു. ഇസ്രയേൽ പ്രതിനിധിയുടെ തീരുമാനത്തിൽ ഖേദമുണ്ടെങ്കിലും തങ്ങൾ പുതുതായി ഒന്നും ചെയ്തില്ലെന്നും യൂറോപ്യൻ യൂണിയന്റെ കാലങ്ങളായുള്ള നയം തുടരുക മാത്രമാണ് ചെയ്തതെന്നുമാണ് ബെൽജിയൻ വിദേശമന്ത്രി സോഫി വിൽമിസിന്റെ ഓഫീസ് വ്യക്തമാക്കിയത്.
'ബെൽജിയത്തിന്റെ നയങ്ങളിൽ മാറ്റമുണ്ടായിട്ടില്ല. (ഇസ്രയേൽ വസ്തുക്കളുടെ) വർഗീകരണം വർഷങ്ങളായി ഉള്ളതാണ്. ഗവൺമെന്റിന്റെ സഖ്യകക്ഷി കരാറിൽ പോലും ഉൾപ്പെടുന്നതാണിത്.' - സോഫി വിൽമിസിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇസ്രയേൽ ഉപവിദേശ മന്ത്രിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല എന്നതിൽ തങ്ങൾക്ക് ഖേദമുണ്ടെങ്കിലും വർഷങ്ങളായി പിന്തുടരുന്ന യൂറോപ്യൻ യൂണിയൻ നയങ്ങളെയും യു.എൻ പ്രമേയങ്ങളെയും ഇനിയും പിന്തുണക്കാനാണ് തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കി.
'ഇസ്രയേലിൽ നിന്ന് കയറ്റുമതി ചെയ്യപ്പെടുന്ന ഉൽപ്പന്നങ്ങൾ എവിടെ ഉണ്ടാക്കിയതാണെന്ന് കണ്ടെത്തുക നിലവിൽ പ്രയാസകരമാണ്. ഉൽപ്പന്നങ്ങളിൽ പതിച്ചിട്ടുള്ള ലേബലുകൾ ശരിയായവയാണെന്നും യൂറോപ്യൻ യൂണിയൻ ചട്ടങ്ങൾ പാലിക്കുന്നതാണെന്നും ഉറപ്പുവരുത്തുന്നതിന് ആഴത്തിലുള്ള പരിശോധന നടത്താൻ വാണിജ്യ-ധനകാര്യ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.' - പ്രസ്താവനയിൽ പറയുന്നു. അധിനിവിഷ്ട പ്രദേശങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തടയുന്നില്ലെന്നും എന്നാൽ യൂറോപ്യൻ യൂണിയനും ഇസ്രയേലും തമ്മിലുള്ള വാണിജ്യ കരാർ പ്രകാരമുള്ള ആനുകൂല്യങ്ങൾ ഇത്തരം ഉൽപ്പന്നങ്ങൾക്ക് ലഭിക്കില്ലെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
ഇസ്രയേൽ പിടിച്ചെടുത്ത പ്രദേശങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ അക്കാര്യം രേഖപ്പെടുത്തണമെന്ന് 2019-ൽ യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസ് വിധിച്ചിരുന്നു. ഇസ്രയേലിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വാങ്ങുന്ന യൂറോപ്യൻ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുപ്പിനുള്ള അവസരം നൽകുന്നതിനാണിതെന്നും കോടതി വ്യക്തമാക്കി.
വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറൂസലം എന്നിവ അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രയേലിന്റെ ഭാഗമല്ല. 1967-നു ശേഷം പിടിച്ചെടുത്ത ഈ പ്രദേശങ്ങൾക്കുമേൽ ഇസ്രയേലിനുള്ള അവകാശം യൂറോപ്യൻ യൂണിയൻ അംഗീകരിക്കുന്നുമില്ല. 2001 മുതൽ, അധിനിവിഷ്ട പ്രദേശങ്ങളിലെ നിർമാണങ്ങൾ നിർത്താനും പുതുതായി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചു മാറ്റാനും പലതവണ യൂറോപ്യൻ യൂണിയൻ ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Summary: Belgium decides to label products made from illegal Israel settlements in occupied Palestinian territories. The move welcomed by Palestinian Authority Prime Minister Mohammed Shthayyeh, while Israel expressed it displeasure.