യുദ്ധകാല മന്ത്രിസഭ പിരിച്ചുവിട്ട് നെതന്യാഹു; ഭരണ പ്രതിസന്ധി രൂക്ഷം
|ബെന്നി ഗാന്റ്സ് യുദ്ധകാല മന്ത്രിസഭയിൽ നിന്ന് രാജിവച്ചതിന് പിന്നാലെയാണ് നടപടി
തെൽ അവീവ്: യുദ്ധകാല മന്ത്രിസഭ പിരിച്ചുവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഹമാസ്, ഹിസ്ബുള്ള എന്നിവയ്ക്കെതിരായ സൈനിക നീക്കത്തെ നിയന്ത്രിക്കുന്നതിനായി ഒക്ടോബർ 11 ന് രൂപീകരിച്ച ആറംഗ യുദ്ധകാല കാബിനറ്റാണ് പിരിച്ചു വിട്ടത്. ഇക്കാര്യം നെതന്യാഹു വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ പ്രതിരോധ മന്ത്രിയും മുൻ ആർമി ജനറലുമായ ബെന്നി ഗാന്റ്സ് യുദ്ധകാല മന്ത്രിസഭയിൽ നിന്ന് രാജിവച്ചതിന് പിന്നാലെയാണ് നടപടി. രാജിവച്ച ഗാന്റ്സ് നെതന്യാഹുവിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. യഥാർഥ വിജയത്തിലേക്ക് മുന്നേറുന്നതിൽ നിന്ന് നെതന്യാഹു ഇസ്രായേലിനെ തടയുകയാണെന്നും അതിനാലാണ് യുദ്ധകാല സർക്കാരിൽ നിന്ന് രാജിവെക്കുന്നതെന്നും ബെന്നി ഗാന്റ്സ് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം നടന്ന കാബിനറ്റ് യോഗത്തിലാണ് നെതന്യാഹു യുദ്ധകാല മന്ത്രിസഭ പിരിച്ചുവിടാൻ തീരുമാനിച്ചത്. ഗാന്റ്സ് മന്ത്രിസഭ വിട്ടതോടെ അതിന്റെ പ്രസക്തി നഷ്ടമായെന്ന് നെതന്യാഹു പറഞ്ഞതായാണ് വിവരം. അതേസമയം ഇസ്രായേലിൽ നെതന്യാഹു സർക്കാർ ഭരണ പ്രതിസന്ധിയിലാണെന്നാണ് റിപ്പോർട്ടുകൾ.
ഗസ്സ യുദ്ധത്തെ പിന്തുണക്കുന്ന ഇസ്രായേൽ ധനമന്ത്രി ബെസേലേൽ സ്മോട്രിച്ച്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗ്വിർ എന്നിവരെ യുദ്ധകാല മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ നെതന്യാഹു ഇത് നിരാകരിച്ചതായാണ് വിവരം.
ഒക്ടോബർ ഏഴിന് ഇസ്രായേലിലുണ്ടായ ഹമാസ് ആക്രമണത്തിന് പിന്നാലെയാണ് ബെന്നി ഗാന്റ്സുമായി ചേർന്ന് നെതന്യാഹു യുദ്ധകാല മന്ത്രിസഭ രൂപീകരിച്ചത്. ഗാന്റ്സിന് പുറമെ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേരും അംഗങ്ങളായിരുന്നു. എന്നാൽ ഗാന്റ്സിന്റെ രാജിക്ക് പിന്നാലെ ഇരുവരും രാജിവച്ചു. പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, യുദ്ധ കാബിനറ്റിൽ ഉണ്ടായിരുന്ന മന്ത്രി റോൺ ഡെർമർ എന്നിവരോടായിരിക്കും നെതന്യാഹു ഗസ വിഷയം ചർച്ച ചെയ്യുക.