ആക്രമണത്തിനിടെ നെതന്യാഹുവും ഗാലന്റും കഴിഞ്ഞത് ബങ്കറിൽ; തിരിച്ചടി മുന്നിൽ കണ്ട് ഇസ്രായേൽ
|തെൽ അവീവിലെ സൈനിക താവളത്തിലുള്ള ഭൂഗർഭ അറയിലെ ബങ്കറുകളിലാണ് മുതിർന്ന സൈനികർക്കൊപ്പം ഇസ്രായേൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും കഴിഞ്ഞത്
തെൽ അവീവ്: ഇറാനിലെ വ്യോമാക്രമണത്തിനു പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലന്റും സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറി. ഇറാന്റെ ഭാഗത്തുനിന്നു തിരിച്ചടി മുന്നിൽകണ്ടാണു നീക്കം. ആക്രമണത്തിനിടെ ഭൂഗർഭ അറയിലെ ബങ്കറുകളിലാണ് ഇരുവരും കഴിഞ്ഞതെന്ന് 'അൽജസീറ' റിപ്പോർട്ട് ചെയ്തു.
ഗാലന്റിനും മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്കുമൊപ്പം നെതന്യാഹു ഇറാൻ ആക്രമണം വിലയിരുത്തുന്നുവെന്ന തരത്തിൽ ഒരു ചിത്രം പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ടിട്ടുണ്ട്. ഇരു നേതാക്കളും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും തെൽ അവീവിലെ പ്രതിരോധ മന്ത്രാലയത്തിലെ ബങ്കറിലാണ് കഴിഞ്ഞതെന്ന് ഇസ്രായേൽ മാധ്യമമായ 'ഇസ്രായേൽ ഹായോമി'നെ ഉദ്ധരിച്ച് 'അൽജസീറ' റിപ്പോർട്ട് ചെയ്തു. കിർയയിലുള്ള സൈനിക താവളത്തിലെ ബങ്കറുകളിലാണ് ഇവർ ഇന്നു പുലർച്ചെ കഴിഞ്ഞതെന്ന തരത്തിലും റിപ്പോർട്ടുകളുണ്ട്.
ഇസ്രായേൽ സൈനിക മേധാവി ലെഫ്. ജനറൽ ഹെർസി ഹാലെവിയാണ് ഇറാൻ നഗരങ്ങളെ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തിനു മേൽനോട്ടം വഹിച്ചതെന്ന് 'ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ വ്യോമസേന(ഐഎഎഫ്) മേധാവി മേജർ ജനറൽ ടോമർ ബാറും ഒപ്പമുണ്ടായിരുന്നു. തെൽ അവീവിലെ കിർയയിലുള്ള സൈനിക താവളത്തിലെ ഐഎഎഫ് കമാൻഡ് കേന്ദ്രത്തിൽ ഇരുന്ന് ഇരുവരും ആക്രമണനീക്കങ്ങൾ നിരീക്ഷിക്കുന്നതിന്റെ ദൃശ്യം ഇസ്രായേൽ സൈന്യം പുറത്തുവിട്ടുണ്ട്.
ആക്രമണത്തിനു പിന്നാലെ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ യോവ് ഗാലന്റുമായി ഫോണിൽ സംസാരിച്ചു. നേരത്തെ ആക്രമണത്തിന് അമേരിക്ക എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലിന്റെ സ്വയം പ്രതിരോധമാണിതെന്നായിരുന്നു ആക്രമണത്തിനു തൊട്ടുപിന്നാലെ യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് സീൻ സാവെറ്റ് പ്രതികരിച്ചത്. ഒക്ടോബർ ഒന്നിനു നടന്ന ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രാദേശിക സമയം പുലർച്ചെ 2.15ഓടെയാണ് ഇസ്രായേൽ വ്യോമാക്രമണം ആരംഭിച്ചത്. കിഴക്കൻ-പടിഞ്ഞാറൻ തെഹ്റാനിലെ സൈനിക താവളങ്ങളും അൽബോർസ് പ്രവിശ്യയിലെ കറാജ് നഗരത്തിലുള്ള ആണവനിലയങ്ങളും ലക്ഷ്യമിട്ടാണ് മണിക്കൂറുകൾ നീണ്ട ആക്രമണം നടന്നതെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൈനിക താവളങ്ങൾ മാത്രമാണു ലക്ഷ്യമിട്ടതെന്ന് ഐഡിഎഫും വ്യക്തമാക്കിയിട്ടുണ്ട്. ഏഴ് കേന്ദ്രങ്ങളെയാണ് ഇസ്രായേൽ ലക്ഷ്യമിട്ടതെന്നാണു വിവരം. എന്നാൽ, വ്യോമപ്രതിരോധ സംവിധാനങ്ങൾ ആക്രമണശ്രമം തകർത്തതായി 'ഇർന' ഉൾപ്പെടെയുള്ള ഇറാൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. സൈനിക താവളങ്ങളിലൊന്നും മിസൈലുകൾ പതിച്ചിട്ടില്ലെന്നും ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുവെന്നും പ്രാദേശിക മാധ്യമങ്ങൾ സൂചിപ്പിക്കുന്നു.
Summary: Israeli Prime Minister Benjamin Netanyahu and Defence Minister Yoav Gallant stays in an underground bunker at the Defence Ministry headquarters in Tel Aviv during Iran attack