യുദ്ധത്തിനിടെ ആഡംബര അപ്പാർട്‌മെന്റിൽ കോക്ടെയിൽ പാർട്ടി, മോഡലിനൊപ്പം ഇസ്രായേൽ മന്ത്രി- വിവാദം
|ഇസ്രായേൽ വാർ കാബിനറ്റ് അംഗമായ ബെന്നി ഗാന്റ്‌സ് ആണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്
ജറുസലേം: ഗസ്സയിൽ ഇസ്രായേൽ സൈന്യം യുദ്ധക്കെടുതികൾ അനുഭവിച്ചു കൊണ്ടിരിക്കെ തെൽ അവീവിലെ ആഡംബര അപ്പാർട്‌മെന്റില്‍ സംഘടിപ്പിച്ച കോക്ടെയില്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത മന്ത്രി ബെന്നി ഗാന്റ്‌സ് വിവാദത്തില്‍. മോഡലും ഇസ്രായേൽ നടിയുമായ നോവ തിഷ്ബിക്കൊപ്പമായിരുന്നു ഗാന്റ്‌സിന്റെ ആഘോഷം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇസ്രായേലിലെ തന്ത്രപ്രധാനമായ വാർ കാബിനറ്റ് അംഗമാണ് ബെന്നി ഗാന്റ്‌സ്.
നോവ തിഷ്ബിക്കൊപ്പം വിസ്‌കി ഗ്ലാസ് കൈയിലേന്തി കവിൾ ചേർത്ത് ചുംബിക്കുന്നതിന്റെയും ആടിപ്പാടുന്നതിന്റെയും ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. മുൻ മന്ത്രി എയ്‌ലത് ഷാകെദ്, തെൽ അവീവ് മേയർ റോൺ ഹുൽദയ് അടക്കമുള്ള നിരവധി പാർട്ടിയിൽ പങ്കെടുത്തു. പാര്‍ട്ടിക്കെതിരെ വിവിധ കോണുകളില്‍നിന്ന് വിമര്‍ശനം ശക്തമാണ്.
വിമർശനങ്ങൾക്ക് പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി എയ്‌ലത് ഷാകെദ് രംഗത്തെത്തി. യുദ്ധത്തിൽ കൊല്ലപ്പെട്ട ഒരു പിതാവ് മകനു വേണ്ടി സംഘടിപ്പിച്ച ചടങ്ങായിരുന്നു അതെന്നും എന്താണ് ഈ പ്രശ്‌നങ്ങൾക്ക് കാരണമെന്ന് മനസ്സിലാകുന്നില്ല എന്നുമാണ് അവർ എക്‌സിൽ കുറിച്ചത്. 'നമ്മൾ ഒന്നിച്ചു നിന്നാലല്ലാതെ ഈ യുദ്ധത്തിൽ വിജയിക്കില്ല എന്ന് നിങ്ങൾക്കറിയില്ലേ? വിലപിക്കുന്നവരെ ആശ്വസിപ്പിക്കാൻ എന്റെ കൂടെ വരൂ. നിങ്ങൾക്ക് ദുഃഖവും പ്രതീക്ഷയും കരുത്തും അവിടെ കാണാം' - അവർ കുറിച്ചു.
എന്നാൽ മന്ത്രിസഭയിലെ അംഗങ്ങൾ ഈ ചടങ്ങ് ഒഴിവാക്കേണ്ടിയിരുന്നു എന്ന അഭിപ്രായം നിരവധി പേർ കമന്റായി രേഖപ്പെടുത്തി. യുദ്ധത്തിനിടെ മന്ത്രി ഗാന്റ്‌സിന് ഈ പരിപാടി ഇത്രയും പ്രധാനപ്പെട്ടതാണോ എന്നും ചിലർ ചോദിച്ചു. 15 പോരാളികളെ ഖബറടക്കിയ ദിനമാണ് ഗാന്റ്‌സ് വിസ്‌കി കൈയിലേന്തി ആഘോഷിക്കുന്നത് എന്നാണ് മറ്റൊരാൾ കുറിച്ചത്.
അതിനിടെ, ലബനൻ അതിർത്തിയിൽ ഹിസ്ബുല്ലയുമായുള്ള സമീപനത്തിൽ മാറ്റം വരുത്തുമെന്ന് ബെന്നി ഗാന്റ്‌സ് മുന്നറിയിപ്പു നൽകി. ഗസ്സയിലെ സംഘർഷം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ സൂചനയായാണ് വിദഗ്ധർ പ്രസ്താവനയെ വിലയിരുത്തുന്നത്. ഹമാസിനെ പിന്തുണയ്ക്കുന്ന സായുധ വിഭാഗമായ ഹിസ്ബുല്ലയും ഇസ്രായേൽ സേനയും തമ്മിൽ അതിർത്തിയിൽ സംഘർഷം പതിവാണ്.
Summary: Israeli War Minister and former PM Benny Gantz partying at a Tel Aviv luxury apartment with model-turned-propagandist Noa Tishby