ഫലസ്തീൻ അനുകൂലികൾക്കെതിരെ ബെർലിൻ പൊലീസ് അതിക്രമം; സ്ത്രീക്കെതിരെ കയ്യേറ്റം
|ശനിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേർ പ്രതിഷേധിച്ചു
ബെർലിൻ: ജർമനിയിലെ ബെർലിൻ സെൻട്രൽ ട്രെയിൻ സ്റ്റേഷനിൽ ഫലസ്തീൻ അനുകൂല പ്രക്ഷോഭകർക്കെതിരെ പൊലീസ് അതിക്രമം. ഒരു മുസ്‌ലിം സ്ത്രീയെ പൊലീസ് കയ്യേറ്റം ചെയ്തു. ശനിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേർ പ്രതിഷേധിച്ചു.
ഒന്നിലധികം പൊലീസ് ഉദ്യോഗസ്ഥർ മുസ്‌ലിം വസ്ത്രം ധരിച്ച ഒരു സ്ത്രീയെ ചുറ്റിപ്പിടിച്ച് നിലത്തിട്ട് ബലമായി പിടിച്ചുനിർത്തുന്നതാണ് എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കാണുന്നത്. 'ഇതെന്താ? നിങ്ങൾ എന്താണ് ചെയ്യുന്നത്?' പൊലീസ് അതിക്രമത്തിനിടെ ആ സ്ത്രീ ഉറക്കെ വിളിച്ചു ചോദിച്ചു. ഒരു ഭീഷണിയും ഉയർത്താതെ തന്നെ പൊലീസ് സ്ത്രീയെ തടയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സ്റ്റേഷനിലെ പ്രകടനക്കാർ ഫലസ്തീനെ പിന്തുണച്ച് മുദ്രാവാക്യം മുഴക്കി. തുടർന്ന് പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഒടുവിൽ ചില സമരക്കാരെ പൊലീസ് കടുത്ത രീതികൾ ഉപയോഗിച്ച് കസ്റ്റഡിയിലെടുത്തു. അനത്തോലു ന്യൂസടക്കം ഈ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പ്രകടനം അനധികൃതവും യാത്രക്കാരെ തടയുന്നതുമായിരുന്നുവെന്നും ക്രിമിനൽ മുദ്രാവാക്യം വിളിച്ചതിന് ചില പ്രകടനക്കാരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.