ഗസ്സയിൽ സമാധാനം പുലരണം, ബത്‌ലഹേം ആഘോഷരാവുകൾക്ക് സാക്ഷിയാവാൻ; ക്രിസ്മസ് ആഘോഷങ്ങളില്ലാതെ ബത്‌ലഹേം
|യേശുവിന്റെ പിറവി ആഘോഷിക്കാൻ വിശ്വാസികൾ ഒഴുകിയെത്തുന്ന നഗരത്തിൽ ഇത്തവണ പ്രാർഥനാ ചടങ്ങുകൾ മാത്രം
ക്രിസ്മസ് ഒരുക്കങ്ങളില്ല...പുൽക്കൂടുകളോ നക്ഷത്രാലങ്കാരമോ ഇല്ല...ഗസ്സയിൽ കുഞ്ഞുങ്ങളുടെ നിലവിളി നിലക്കാത്തപ്പോൾ യേശുവിന്റെ തിരുപ്പിറവി ആഘോഷം വേണ്ടെന്ന് വെച്ചു ബത്‌ലഹേമിലെ വിശ്വാസികൾ. എല്ലാ വർഷവും യേശുവിന്റെ പിറവി ആഘോഷിക്കാൻ വിശ്വാസികൾ ഒഴുകിയെത്തുന്ന നഗരത്തിൽ ഇത്തവണ പ്രാർഥനാ ചടങ്ങുകൾ മാത്രം.
യുദ്ധത്തിൽ മങ്ങിയ ആഘോഷങ്ങൾക്ക് വത്തിക്കാനിൽ തുടക്കം കുറിക്കുന്നതിനിടെ ഫ്രാൻസിസ് മാർപാപ്പ സമാധാനത്തിനായി അഭ്യർത്ഥിച്ചു. 'ഇന്ന് രാത്രി, നമ്മുടെ ഹൃദയം ബെത്ലഹേമിലാണ്, അവിടെ സമാധാനത്തിന്റെ രാജകുമാരൻ യുദ്ധത്തിന്റെ വ്യർത്ഥമായ യുക്തിയാൽ ഒരിക്കൽ കൂടി നിരാകരിക്കപ്പെട്ടു'.മാർപ്പാപ്പ പറഞ്ഞു.
ആയിരങ്ങൾ എത്താറുള്ള ചർച്ച് ഓഫ് നേറ്റിവിറ്റിയും ഇന്ന് വിജനമാണ്. ഗസ്സയിൽ സമാധാനം പുലരണം ബത്‌ലഹേം ആഘോഷരാവുകൾക്ക് സാക്ഷിയാവാൻ.
ഗസ്സയിൽ നിന്ന് 70 ഓളം കിലോമീറ്റർ ദൂരമാണ് ബെത്‌ലഹേമിനുള്ളത്. യുദ്ധം തുടങ്ങിയതിന് പിന്നാലെ ബത്‌ലഹേമിൽ ഇസ്രായേൽ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചു.. പലപ്പോഴും ബെത്ലഹേമിലെ ജനങ്ങളെയും ഇസ്രായേൽ സൈന്യം തടഞ്ഞുവെച്ചു.
ഗസ്സയിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗമായാണ് ആഘോഷങ്ങൾ ഉപേക്ഷിച്ചതെന്നാണ് സഭാ നേതാക്കളും സിറ്റി കൗൺസിലും അറിയിക്കുന്നത്. ബെത്ലഹേമിലെ ജനതക്ക് ഗസ്സയിൽ കുടുംബബന്ധങ്ങളും സുഹൃത്ത് ബന്ധങ്ങളുമുള്ളവരാണ്, അത് കൊണ്ട് തന്നെ ഫലസ്തീനികളോട് ഞങ്ങൾക്ക് ഐക്യപ്പെടാതിരിക്കാനാവില്ല. 'ഗസ്സയിൽ കൊല്ലപ്പെട്ട ആയിരക്കണക്കിനാളുകളോടുള്ള ബത്‌ലേഹമിന്റെ ഐക്യദാർഡ്യം കൂടിയാണിത്.' ദാറുൽ-കലിമ യൂനിവേഴ്സിറ്റിയുടെ ആർട്സ് ആൻഡ് കൾച്ചറൽ കോളേജിലെ റെക്ടർ ഡോ മിത്രി റാഹേബ് പറയുന്നു.
യുദ്ധഭീതിക്ക് പിന്നാലെ ജനങ്ങൾ ആഘോഷം ഉപേക്ഷിച്ചതോടെ തീർത്ഥാടകരെ കൊണ്ട് തിരക്കിലമരാറുള്ള ഹോട്ടലുകളും റെസ്റ്റോറന്റുകളും കടകളുമെല്ലൊം അടഞ്ഞുകിടക്കുകയാണ്. ബെത്ലഹേമിലെ പള്ളികളിലും അവരുടെ ആഘോഷങ്ങൾ റദ്ദാക്കി പ്രാർത്ഥനകൾക്ക് മാത്രമായി തുറന്നുകൊടുത്തിരിക്കുകയാണ്.
അതേസമയം, ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുകയാണ്. മധ്യ ഗസ്സയിലെ അൽ മഗാസി ക്യാമ്പിലുണ്ടായ വ്യോമാക്രമണത്തിൽ 66 പേരും ഖാൻ യൂനിസിൽ 22 പേരും കൊല്ലപ്പെട്ടു. രണ്ടു ദിവസത്തിനിടെ 15 സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച ഇസ്രായേൽ ഗസ്സയിൽ ആക്രമണം കൂടുതൽ കടുപ്പിക്കുമെന്ന് വ്യക്തമാക്കി.
ഹമാസുമായുള്ള കരയുദ്ധത്തിൽ രണ്ടു ദിവസത്തിനിടെ 15 സൈനികർ കൊല്ലപ്പെട്ടതായാണ് ഇസ്രായേൽ പ്രതിരോധ സേന അറിയിക്കുന്നത്. ഇന്നലെ മാത്രം 11 സൈനികരാണ് ഇസ്രായേലിന് നഷ്ടമായത്. നിരവധി സൈനികർക്കും പരിക്കുണ്ട്. ശത്രുവിന് കനത്ത ക്ഷതം വരുത്തിയെന്നും നാല് നാളുകൾക്കിടെ, 35 സൈനിക വാഹനങ്ങൾ തകർത്തുവെന്നും അൽഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ പറഞ്ഞു.
കരയുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഗണ്യമായി ഉയർന്നതോടെ ഇസ്രായേൽ രാഷ്ട്രീയ, സൈനിക നേതൃത്വം കൂടുതൽ സമ്മർദത്തിലായി. സമയമെടുത്താലും, സമ്പൂർണ വിജയം നേടുന്നതുവരെ യുദ്ധം തുടരുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചത്. എല്ലാ ഭിന്നതകളും മറന്ന് സൈന്യത്തിനു പിന്നിൽ ഉറച്ചുനിൽക്കണമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
ഖാൻ യൂനുസ്, ജബാലിയ, റഫ എന്നിവിടങ്ങളിൽ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യാപക ആക്രമണങ്ങളാണ് സൈന്യം നടത്തിയത്. സൈന്യത്തിന്റെ കൊടും ക്രൂരത സംബന്ധിച്ച കൂടുതൽ വിവരങ്ങളും പുറത്തുവന്നു. പ്രസവത്തിന് ആശുപത്രിയിലേക്ക് പോവുകയായിരുന്ന നാല് ഗർഭിണികളെ ഗസ്സയിൽ ഇസ്രായേൽ സേന വെടിവെച്ചുകൊന്ന് ദേഹത്ത് ബുൾഡോസർ കയറ്റിയിറക്കിയതായാണ് വെളിപ്പെടുത്തൽ. അൽജസീറ ചാനലാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
അൽ-അവ്ദ ആശുപത്രിയിൽ പ്രസവത്തിനെത്തിയതടക്കമുള്ള സ്ത്രീകളെയും ബുൾഡോസർ ഉപയോഗിച്ച് സൈന്യം കൊലപ്പെടുത്തി. ഗസ്സയിലെ സ്ഥിതിഗതികൾ അതീവ സങ്കീർണമെന്നാണ് യുഎൻ ഏജൻസികൾ അറിയിക്കുന്നത്. യു.എൻ മേൽനോട്ടത്തിലുള്ള സഹായവിതരണത്തിലും പുരോഗതിയില്ല.