World
bhutan, gold
World

വിലക്കുറവിൽ സ്വർണം വാങ്ങണോ? വെച്ചുപിടിച്ചോ ഭൂട്ടാനിലേക്ക്

Web Desk
|
27 Feb 2023 12:29 PM GMT

ഫെബ്രുവരി 27ലെ വിലയനുസരിച്ച് 10 ഗ്രാം സ്വർണത്തിന് ഇന്ത്യയിൽ 51,400 രൂപയാണ്. അതേസമയം ഭൂട്ടാനിൽ ഏകദേശം 40,286 രൂപയ്ക്ക് സ്വർണം ലഭിക്കും

വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി സുപ്രധാന തീരുമാനവുമായി ഭൂട്ടാൻ. ഭൂട്ടാനിലെത്തുന്ന സഞ്ചാരികൾക്ക് ഇനുമുതൽ ഡ്യൂട്ടി ഫ്രീ സ്വർണം വാങ്ങാം. സസ്റ്റൈനബ്ൾ ഡെവലപ്‌മെന്റ് ഫീസ് അടക്കുന്ന വിനോദ സഞ്ചാരികൾക്കാണ് ഈ അവസരം. ഭൂട്ടാൻ രാജാവിന്റെ ജന്മദിനമായ ഫെബ്രുവരി 21നായിരുന്നു പ്രഖ്യാപനം. ഭൂട്ടാനിലെ പുട്‌ഷോലിംഗ്, തിംഫു തുടങ്ങിയ നഗരങ്ങളിൽ നിന്നാണ് സ്വർണം വാങ്ങാനാവുക. മാർച്ച് ഒന്ന് മുതല്‍ പദ്ധതി നിലവിൽ വരുമെന്ന് ഭൂട്ടാൻ ദേശീയ മാധ്യമമായ കുൻസെൽ റിപ്പോർട്ട് ചെയ്യുന്നു.

ഭൂട്ടാൻ ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ആഡംബര വസ്തുക്കൾ വിൽക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ വഴിയായിരിക്കും സ്വർണത്തിന്റെ വിൽപന. ഫെബ്രുവരി 27 ലെ വിലയനുസരിച്ച് 10 ഗ്രാം സ്വർണത്തിന് ഇന്ത്യയിൽ 51,400 രൂപയാണ്. അതേസമയം ഭൂട്ടാനിൽ ഇന്ത്യൻ രൂപ ഏകദേശം 40,286 രൂപയ്ക്ക് സ്വർണം ലഭിക്കും.

ഭൂട്ടാൻ സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾ നൽകേണ്ട ടൂറിസ്റ്റ് ടാക്‌സാണ് സുസ്ഥിര വികസന ഫീസ് അതായത് സസ്റ്റൈനബ്ൾ ഡെവലപ്‌മെന്റ് ഫീസ്. കഴിഞ്ഞ വർഷമാണ് ഭൂട്ടാൻ ദേശീയ അസംബ്ലി നിയമം പാസാക്കിയത്. ഇത് പ്രകാരം ഇന്ത്യയിൽ നിന്നും എത്തുന്ന വിനോദ സഞ്ചാരികൾ പ്രതിദിനം 1200 രൂപ ഫീസ് ഇനത്തിൽ നൽകണം.

ടൂറിസം വകുപ്പ് സാക്ഷ്യപ്പെടുത്തിയ ഹോട്ടലിൽ ഒരു രാത്രിയെങ്കിലും താമസിച്ചാല്‍ സസ്റ്റൈനബ്ൾ ഡെവലപ്‌മെന്റ് ഫീസ് നൽകുന്ന എല്ലാ വിനോദസഞ്ചാരികൾക്കും സ്വർണം വാങ്ങാനാകുമെന്നാണ് കുൻസൽ റിപ്പോർട്ട് ചെയ്യുന്നത്. ഭൂട്ടാനിന്‍റെ ഈ സുപ്രധാന തീരുമാനം ഇന്ത്യയില്‍ നിന്നുമെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായിരിക്കും കൂടുതല്‍ ഗുണം ചെയ്യുക എന്നാണ് റിപ്പോർട്ട്.

കേന്ദ്ര പരോക്ഷനികുതി വകുപ്പിന്റെ നിലവിലെ നിയമപ്രകാരം ഒരു ഇന്ത്യക്കാരന് 50,000 രൂപയുടെ സ്വർണവും ഇന്ത്യക്കാരിക്ക് ഒരു ലക്ഷം രൂപയുടെ സ്വർണവും വിദേശത്തു നിന്ന് നികുതിയില്ലാതെ കൊണ്ടുവരാം.

Related Tags :
Similar Posts