ബംഗ്ലാദേശിലെ ജനങ്ങളുടെ സുരക്ഷയിൽ ആശങ്കയറിയിച്ച് ബൈഡനും-മോദിയും
|ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണത്തിലാണ് വിഷയം ചർച്ച ചെയ്തതെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ വ്യക്തമാക്കി
വാഷിങ്ടൺ: ബംഗ്ലാദേശിലെ ജനങ്ങളുടെ സുരക്ഷയെക്കുറിച്ചും രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളുടെ ഭാവിയെക്കുറിച്ചും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചർച്ച നടത്തിയതായി വൈറ്റ് ഹൗസ് പ്രസ്താവനയിൽ വ്യക്തമാക്കി. വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കമ്മ്യൂണിക്കേഷൻസ് ഉപദേഷ്ടാവ് ജോൺ കിർബി കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിലാണ് ഇരുവരും നടത്തിയ ഫോൺ സംഭാഷണം സ്ഥിരീകരിച്ചത്.
ഇരു രാജ്യങ്ങളിലെ തലവൻമാർ തമ്മിൽ ബംഗ്ലാദേശിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തതായി നരേന്ദ്രമോദി എക്സിൽ കുറിച്ചു. ഞങ്ങൾ ബംഗ്ലാദേശിലെ സ്ഥിതിഗതികളെ കുറിച്ചും സാധാരണ നില പുനഃസ്ഥാപിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും ചർച്ച ചെയ്തു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികളും ചർച്ചയായി. മോദി എക്സിൽ കുറിച്ചു. ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ഇരു നേതാക്കളും തങ്ങളുടെ ആശങ്ക പങ്കുവച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസും (പിഎംഒ) വ്യക്തമാക്കി.
നിലവിലെ രാഷ്ട്രീയ പ്രതിസന്ധി ബംഗ്ലാദേശിലേക്ക് ഡീസൽ കൊണ്ടുപോകുന്ന ഇന്ത്യ-ബംഗ്ലാദേശ് ഫ്രണ്ട്ഷിപ്പ് പൈപ്പ്ലൈൻ (ഐബിഎഫ്പി) പദ്ധതിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 131 കിലോമീറ്റർ പൈപ്പ് ലൈൻ നിലവിൽ പർബതിപൂരിനപ്പുരിൽ നിർത്തിവെച്ചിരിക്കുകയാണ്. വലിയ രീതിയിൽ വിജയം കണ്ട പദ്ധതി ബംഗ്ലാദേശിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ആലോചനയുണ്ട്. പക്ഷെ നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമേ പദ്ധതിയിൽ നടപടിയുണ്ടാവുകയുളളൂവെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യം മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് കൂടുതൽ സങ്കീർണമാവുകയാണ്. ബംഗ്ലാദേശിൽ ഹസീനക്കെതിരെയുള്ള കേസുകളിൽ വർധനവുണ്ടായ സാഹചര്യത്തിൽ അവരെ കൈമാറാൻ ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് ഇടക്കാല ഗവൺമെൻ്റിൻ്റെ വിദേശകാര്യ ഉപദേഷ്ടാവ് മുഹമ്മദ് തൗഹിദ് ഹുസൈൻ, റോയിട്ടേഴ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഷെയ്ഖ് ഹസീന വിഷയത്തിൽ ഇന്ത്യൻ സർക്കാർ സംയോജിത ഇടപെടൽ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.