ഖത്തർ സമർപ്പിച്ച ബന്ദികൈമാറ്റ നിർദേശം ചർച്ച ചെയ്യുന്നതായി ഇസ്രായേൽ
|യുദ്ധം പൂർണമായി നിർത്താതെ ബന്ദികൈമാറ്റ ചർച്ചയില്ലെന്ന നിലപാട് ആവർത്തിച്ച് ഹമാസ്
തെല്‍ അവിവ്: ഖത്തർ സമർപ്പിച്ച ബന്ദികൈമാറ്റ നിർദേശം ചർച്ച ചെയ്യുന്നതായി ഇസ്രായേൽ. യുദ്ധം പൂർണമായി നിർത്താതെ ബന്ദികൈമാറ്റ ചർച്ചയില്ലെന്ന നിലപാട് ആവർത്തിച്ച് ഹമാസ്. യുദ്ധത്തിന്‍റെ അടുത്ത ഘട്ടം സംബന്ധിച്ച് ഇസ്രായേൽ പ്രതിരോധ മന്ത്രിയുമായി യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ചർച്ച നടത്തി. ആക്രമണത്തിൽ ഇന്നലെയും ഇരുനൂറോളം പേർ കൊല്ലപ്പെട്ടു. ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ജറൂസലമിൻ വൻ പ്രതിഷേധമുണ്ടായി. ഇസ്രായേലിനെ വെറുതെ വിടില്ലെന്ന മുന്നറിയിപ്പുമായി വീണ്ടും ഇറാൻ രംഗത്തെത്തി.
ബന്ദിമോചനവുമായി ബന്ധപ്പെട്ട് പുതിയ ചർച്ച നടക്കുന്നതായി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവാണ് ബന്ധുക്കളെ അറിയിച്ചത്. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ പുറത്തുവിടാനാകില്ലെന്ന നിലപാടിലാണ് നെതന്യാഹു. ഖത്തർ സമർപ്പിച്ച നിർദേശം രാത്രി ചേർന്ന യുദ്ധകാര്യ മന്ത്രിസഭാ യോഗം ചർച്ച ചെയ്തതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം നേരത്തെയുള്ള നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് ഹമാസ് നേതാക്കൾ പ്രതികരിച്ചു. ആക്രമണം പൂർണമായി നിർത്താതെ ബന്ദികൈമാറ്റം ഉണ്ടാകില്ലെന്ന് അൽഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ പറഞ്ഞു.
മധ്യസ്ഥ രാജ്യമെന്ന നിലക്ക് ബന്ദിമോചനവുമായി ബന്ധപ്പെട്ട് ഖത്തർ നിർണായക റോളാണ് നിർവഹിക്കുന്നതെന്ന് യു.എസ് പ്രത്യേക ദൂതൻ റോജർ കാർസ്റ്റൻസ് അറിയിച്ചു. പ്രതികരിച്ചു. ബന്ദികളെ ഉടൻ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലിൽ പ്രതിഷേധം വ്യാപകമായതോടെ നെതന്യാഹു കൂടുതൽ സമ്മർദത്തിലായി. മൂന്ന് ബന്ദികളെ വെടിവെച്ചു കൊല്ലാനിടയായത് ഗുരുതര വീഴ്ചയാണെന്ന് സമ്മതിക്കുന്ന ഇസ്രായേൽ സൈനിക റിപ്പോർട്ടും പുറത്തുവന്നു. കടുത്ത മാനസിക സമ്മർദമാണ് വെടിവെപ്പിനു പിന്നിലെന്ന സൈനികവാദം പക്ഷെ, ജനങ്ങൾ തള്ളുകയാണ്. ഇസ്രായേലിന്‍റെ മൂന്ന് ഹെലികോപ്ടറുകൾക്കു നേരെ ആക്രമണം നടത്തിയതായി അൽഖസ്സാം ബ്രിഗേഡ് അറിയിച്ചു. മൂന്ന് സൈനികർ ഇന്നലെ കൊല്ലപ്പെട്ടതായും 49 പേർക്ക് പരിക്കേറ്റതായും സൈന്യം സ്ഥിരീകരിച്ചു . ഹമാസിൽ നിന്ന് ഇസ്രായേലിന്‍റെ സുരക്ഷക്ക് ഭീഷണി ഉയരാത്ത സാഹചര്യം ഉണ്ടാകണമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഇസ്രായേലിനെ അറിയിച്ചതായി പെന്‍റഗണ്‍ വ്യക്തമാക്കി.
അതിനിടെ, വടക്കൻ, മധ്യ, തെക്കൻ ഗസ്സകളിൽ ആക്രമണം രൂക്ഷമായി. മഗാസി ഉൾപ്പെടെ അഭയാർഥി ക്യാമ്പുകൾക്ക് നേരെ നടന്ന ആക്രമണത്തിൽ നിരവധി പേർ മരിച്ചു. വെസ്റ്റ് ബാങ്കിലും ഇസ്രായേൽ അതിക്രമം തുടരുകയാണ്. ഗസ്സയിൽ മരണം 21.320 ആയി. പരിക്കേറ്റവരുടെ എണ്ണം 55.603ൽ എത്തി. ഭക്ഷണവും വെള്ളവും മരുന്നും ഇല്ലാതെ വടക്കൻ ഗസ്സയിൽ ആയിരങ്ങൾ നരകിക്കുകയാണ്.
തെൽ അവീവിൽ രാത്രി നൂറുകണക്കിനാളുകൾ പങ്കെടുത്ത യുദ്ധവിരുദ്ധ റാലി നടന്നു. വെടിനിർത്തൽ പ്രഖ്യാപനം വൈകരുതെന്ന് റാലിയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. സിറിയയിലെ ഡമസ്കസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട സേന ഉപദേഷ്ടാവ് സഈദ് റാസി മൂസവിക്ക് വിട നൽകി ഇറാൻ. കൊലക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ് മേധാവി ജന. ഹുസൈൻ സലാമി പ്രഖ്യാപിച്ചു.