World
ഇസ്രായേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ട്: പിന്തുണ ആവര്‍ത്തിച്ച് ബൈഡന്‍
World

ഇസ്രായേലിന് പ്രതിരോധിക്കാനുള്ള അവകാശമുണ്ട്: പിന്തുണ ആവര്‍ത്തിച്ച് ബൈഡന്‍

Web Desk
|
16 May 2021 11:04 AM GMT

ഗസ്സയില്‍ നടത്തിയ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും അന്‍പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

ഫലസ്തീനില്‍ അക്രമണം രൂക്ഷമായി തുടരുന്നതിനിടെ ഇസ്രായേലിന് പിന്തുണ ആവര്‍ത്തിച്ച് അമേരിക്ക. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണില്‍ വിളിച്ച പ്രസിഡന്റ് ജോ ബൈഡന്‍, പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തിന് പിന്തുണ നല്‍കുന്നതായി അറിയിച്ചതായി വൈറ്റ് ഹൗസ് റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ തുടര്‍ച്ചയായ ഏഴാം ദിവസവും ഇസ്രായേല്‍ ഗസ്സയില്‍ അക്രമണം തുടര്‍ന്നു.

ഹമാസില്‍ നിന്നും മറ്റ് തീവ്രവാദ സംഘങ്ങളില്‍ നിന്നുമുള്ള ആക്രമണം ചെറുക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നു. ഇസ്രായേലിലുടനീളം നടക്കുന്ന അക്രമത്തെ അപലപിക്കുന്നതായും പ്രസഡിന്റ് പറഞ്ഞു. രൂക്ഷമായ അക്രമം ഫലസ്തീനിലും ഇസ്രായേലിലും ആളുകളുടെ ജീവഹാനിക്ക് കാരണമാകുന്നതായും, കുട്ടികള്‍ ഉള്‍പ്പടെ കൊല്ലപ്പെടുന്നതായും ബൈഡന്‍ പറഞ്ഞു.

മേഖലയിലെ മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയെ കുറിച്ചും ബൈഡന്‍ ആശങ്ക രേഖപ്പെടുത്തി. അവരുടെ സുരക്ഷ ഉറപ്പാക്കണം. ഇസ്രായേലില്‍ നടക്കുന്ന സാമുദായിക അക്രമത്തിലും ജോ ബൈഡന്‍ ആശങ്ക അറിയിച്ചു.

അതിനിടെ, തുടര്‍ച്ചയായ ഏഴാം ദിവസവും ഗസ്സയില്‍ ഇസ്രായേലിന്റെ മനുഷ്യക്കുരുതി തുടരുകയാണ്. ഗസ്സയില്‍ നടത്തിയ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും അന്‍പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതുവരെയായി നടന്ന ഇസ്രായേല്‍ അക്രമത്തില്‍ നൂറ്റി എഴുപതിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ നാല്‍പ്പത്തിയൊന്ന് പേര്‍ കുട്ടികളാണ്. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Similar Posts