യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിലേക്ക്; കൂടിക്കാഴ്ചക്കില്ലെന്ന് ഫലസ്തീനും ജോർദാനും
|ഗസ്സയിലെ ആശുപത്രിക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം പൊറുക്കാനാവാത്ത ക്രൂരകൃത്യമാണെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു.
വാഷിങ്ടൺ: ഗസ്സയിലെ ആശുപത്രിക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണത്തിനെതിരെ വൻ പ്രതിഷേധം ഉയരുന്നതിനിടെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിലേക്ക് തിരിച്ചു. ഹമാസിനെതിരായ യുദ്ധതന്ത്രങ്ങളും യുദ്ധം വ്യാപിച്ചാൽ സ്വീകരിക്കേണ്ട നടപടികളും ഇസ്രായേൽ നേതാക്കളുമായി ബൈഡൻ ചർച്ച ചെയ്യും. യുദ്ധത്തിൽ ഇസ്രായേലിനുള്ള പൂർണ പിന്തുണയും ബൈഡൻ അറിയിക്കും.
അതേസമയം ഇസ്രായേൽ ഗസ്സയിലെ ആശുപത്രി ആക്രമിച്ചതിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ആക്രമണത്തിൽ പ്രതിഷേധിച്ച് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ജോർദാൻ രാജാവും ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി. റഫ അതിർത്തി വഴി ഗസ്സയിലേക്ക് സഹായമെത്തിക്കുന്നത് സംബന്ധിച്ച് ബൈഡൻ ഇസ്രായേലുമായി ചർച്ച നടത്തും. എന്നാൽ ഹമാസ് ബന്ദികളെ വിട്ടുനൽകാതെ സഹായമെത്തിക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് ഇസ്രായേലിനുള്ളതെന്നാണ് റിപ്പോർട്ട്.
ഇസ്രായേൽ നടത്തിയത് പൊറുക്കാനാവാത്ത ക്രൂരകൃത്യമാണെന്ന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. ഫലസ്തീൻ ജനതയെ വിശ്വാസത്തിലെടുക്കാതെ ബൈഡന് ഇസ്രായേലിനെ പിന്തുണക്കാനാകില്ല. ഈജിപ്, ജോർദാൻ എന്നിവരുമായി കൂടിയാലോചിച്ചാണ് ബൈഡനുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കിയതെന്നും ഫലസ്തീൻ പ്രസിഡന്റ് പറഞ്ഞു.