യുദ്ധം ഒരു വർഷം പൂർത്തിയാകാനിരിക്കെ യുക്രൈനിൽ ബൈഡന്റെ അപ്രതീക്ഷിത സന്ദർശനം
|പോളണ്ട് അതിർത്തിയിൽ വിമാനമിറങ്ങിയ ബൈഡൻ മണിക്കൂറുകളോളം ട്രെയിൻ യാത്ര നടത്തിയ ശേഷമാണ് കിയവിലെത്തിയത്
കീവ്: യുക്രൈൻ തലസ്ഥാനമായ കീവ് സന്ദർശിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. റഷ്യ-യുക്രൈൻ യുദ്ധം ഒരു വർഷം പൂർത്തിയാകാനിരിക്കേയാണ് ബൈഡന്റെ അപ്രതീക്ഷിത സന്ദർശനം.
നാളെ രാവിലെ പോളണ്ടിലേക്കായിരുന്നു ബൈഡന്റെ ഷെഡ്യൂൾ ചെയ്ത സന്ദർശനം. ഇന്നലെ വാഷിംഗ്ടണിലെ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം ഇന്ന് കിയവിലെത്തുകയായിരുന്നു. പോളണ്ട് അതിർത്തിയിൽ വിമാനമിറങ്ങിയ ബൈഡൻ മണിക്കൂറുകളോളം ട്രെയിൻ യാത്ര നടത്തിയ ശേഷമാണ് കിയവിലെത്തിയത്. നിലവിൽ സംഘർഷഭരിതമാണ് യുക്രൈന്റെ വ്യോമമേഖല എന്നതിനാൽ സുരക്ഷാകാരണങ്ങൾ മുൻനിർത്തി പോളണ്ട് അതിർത്തിയിൽ വിമാനമിറങ്ങുകയായിരുന്നു. കിയവിലെത്തിയ ശേഷം യുദ്ധസ്മാരകങ്ങൾ സന്ദർശിച്ച ബൈഡൻ യുദ്ധത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. യുക്രൈൻ യുദ്ധത്തിന് അമേരിക്ക നൽകുന്ന പിന്തുണ ജനങ്ങൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ലെന്നാണ് യുക്രൈൻ പ്രസിഡന്റ് വ്‌ലാഡ്മിർ സെലൻസ്‌കി ബൈഡനെ സ്വീകരിച്ചു കൊണ്ട് പറഞ്ഞത്.
കഴിഞ്ഞ വർഷം ഫെബ്രുവരി 24നായിരുന്നു യുക്രൈനിൽ റഷ്യയുടെ ആദ്യത്തെ ആക്രമണം. യുദ്ധം ഒരു വർഷത്തിലേക്ക് കടക്കവേ എന്തായിരിക്കും യുദ്ധത്തിന്റെ ഗതി എന്ന് ലോകം ഉറ്റുനോക്കുന്ന സാഹചര്യത്തിലാണ് ബൈഡന്റെ സന്ദർശനം എന്നതാണ് പ്രധാനം.
അമേരിക്കയുടെ സഖ്യകക്ഷികളായ ചില യൂറോപ്യൻ രാജ്യങ്ങളുടെ നേതൃത്വത്തിൽ യുദ്ധം അവസാനിപ്പിക്കാൻ നീക്കങ്ങൾ നടക്കുന്നതായി സൂചനയുണ്ട്. റഷ്യയുമായി അടുപ്പം പുലർത്തുന്ന യുക്രൈനിലുള്ള ചില പ്രദേശങ്ങൾ റഷ്യയ്ക്ക് വിട്ടു കൊടുത്തുകൊണ്ട് യുദ്ധം അവസാനിപ്പിക്കണം എന്നാണ് യുക്രൈന് മേലുള്ള പ്രധാന നിർദേശം.