‘ഇന്ത്യ - യുഎസ് പങ്കാളിത്തം ഏതു കാലത്തേക്കാളും കൂടുതൽ ശക്തം’; ഡെലാവറിൽ ബൈഡൻ-മോദി കൂടിക്കാഴ്ച
|ജോ ബൈഡന് നന്ദി രേഖപ്പെടുത്തി മോദി
വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ - യുഎസ് പങ്കാളിത്തം ചരിത്രത്തിലെ ഏതു കാലത്തേക്കാളും കൂടുതൽ ശക്തവും ചലനാത്മകവുമാണെന്ന് ജോ ബൈഡൻ പറഞ്ഞു. ഡെലാവറിലെ വിൽമിങ്ടണിലെ ബൈഡന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
ജോ ബൈഡന് നന്ദി രേഖപ്പെടുത്തിയ പ്രധാനമന്ത്രി മോദി, ചർച്ച ഫലപ്രദമായിരുന്നുവെന്നും യോഗത്തിൽ പ്രാദേശിക - ആഗോള വിഷയങ്ങൾ ചർച്ച ചെയ്തെന്നും സമൂഹമാധ്യമത്തിൽ കുറിച്ചു. പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ദൃഢമാക്കുന്നതിനുള്ള വഴികളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മോദി-ബൈഡൻ കൂടിക്കാഴ്ചക്ക് ശേഷം ‘ഖ്വാഡ്’ ഉച്ചകോടിയിലും ഇവർ പങ്കെടുത്തു. ഉച്ചകോടിയിൽ ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ, ആസ്ത്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് എന്നിവരും സംബന്ധിച്ചു.