World
താലിബാനെ അവര്‍ തന്നെ നേരിടണം; അഫ്ഗാനിസ്ഥാനെ കൈവിട്ട് ജോ ബൈഡന്‍
World

താലിബാനെ അവര്‍ തന്നെ നേരിടണം; അഫ്ഗാനിസ്ഥാനെ കൈവിട്ട് ജോ ബൈഡന്‍

Web Desk
|
11 Aug 2021 6:14 AM GMT

അഫ്ഗാനില്‍ നിന്ന് അമേരിക്ക സൈന്യത്തെ പിന്‍വലിച്ചതോടെയാണ് താലിബാന്‍ പിടിമുറുക്കിയത്

താലിബാന്‍ ഭീകരരെ അഫ്ഗാനിസ്താന്‍ തന്നെ നേരിടണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാനില്‍ അമേരിക്ക ഇനിയൊരു സൈനിക നീക്കത്തിനില്ല. അഫ്ഗാന്‍ നേതാക്കള്‍ അവരുടെ രാജ്യത്തിനായി ഒന്നിച്ചുനിന്ന് പോരാടണമെന്നും ജോ ബൈഡന്‍ ആവശ്യപ്പെട്ടു. അഫ്ഗാന്റെ 65 ശതമാനം നിയന്ത്രണവും താലിബാന്‍ കൈക്കലാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രതികരണം. അഫ്ഗാന്‍റെ ഭൂരിഭാഗം പ്രദേശവും കീഴടക്കിയ താലിബാന്‍ 11 പ്രവിശ്യാ തലസ്ഥാനങ്ങളും നിയന്ത്രണത്തിലാക്കി മുന്നേറ്റം തുടരുകയാണ്.

അഫ്ഗാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച തീരുമാനത്തില്‍ പശ്ചാത്താപമില്ല. കഴിഞ്ഞ 20 വര്‍ഷത്തിനിടെ കോടിക്കണക്കിന് പണം അമേരിക്ക അഫ്ഗാനിലെ സൈനിക നീക്കങ്ങള്‍ക്കായി ചെലവഴിച്ചു. ആയിരക്കണക്കിന് യു.എസ് സൈനികരുടെ വിലപ്പെട്ട ജീവനും നഷ്ടമായി. അതിനാല്‍ അഫ്ഗാനില്‍ ഇനിയൊരു സൈനിക നീക്കത്തിനില്ലെന്നും വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ ബൈഡന്‍ പറഞ്ഞു. അതേസമയം അഫ്ഗാന്‍ സൈന്യത്തിന് നല്‍കിവരുന്ന സഹായം അമേരിക്ക തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ ജനാധിപത്യം സംരക്ഷിക്കുന്നതാനായി പ്രാദേശിക മിലിറ്റന്റ് ഗ്രൂപ്പുകളുടെ സഹായം പ്രസിഡന്റ് അശ്‌റഫ് ഗനി തേടിയിരുന്നു. താലിബാനെ തടയണമെന്ന് അദ്ദേഹം പൗരന്മാരോട് ആഹ്വാനം ചെയ്തു.

സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പൗരന്‍മാരോട് എത്രയും പെട്ടെന്ന് അഫ്ഗാനിസ്താന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസിയും കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യന്‍ കമ്പനികള്‍ ജീവനക്കാരെ അഫ്ഗാനിസ്താനില്‍നിന്ന് പിന്‍വലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഫ്ഗാനില്‍ നിന്ന് അമേരിക്ക സൈന്യത്തെ പിന്‍വലിച്ചതോടെയാണ് താലിബാന്‍ പിടിമുറുക്കിയത്. ഈ മാസത്തോടെ അമേരിക്കയുടെ പിന്മാറ്റം പൂര്‍ണമാകും.

Similar Posts