അഫ്ഗാനില്‍ നിന്നുള്ള സേനാ പിന്‍മാറ്റത്തിലുറച്ച് നില്‍ക്കുന്നു; തീരുമാനത്തില്‍ കുറ്റബോധമില്ലെന്ന് ബൈഡന്‍
|ട്രംപ് ഒപ്പിട്ട കരാര്‍ നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അല്ലാത്ത പക്ഷം സംഘര്‍ഷ സാധ്യത കൂടിയേനേ എന്നുമാണ് ബൈഡന്‍ പറഞ്ഞത്
അഫ്ഗാനിലെ സേനാ പിന്‍മാറ്റം ശരിവെച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. തീരുമാനം ഉറച്ചതായിരുന്നുവെന്നും അതില്‍ കുറ്റബോധമില്ലെന്നും ജോ ബൈഡന്‍ പറഞ്ഞു. അഫ്ഗാന്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയുകയായിരുന്നു ബൈഡന്‍.
താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതിന് പിന്നാലെയാണ് പ്രതികരണവുമായി ജോ ബൈഡനെത്തിയത്‍. അഫ്ഗാനിലെ നിലവിലെ സ്ഥിതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് ബൈഡന്‍ പറഞ്ഞു. ഇന്ത്യന്‍ സമയം രാത്രി 1.15ന് ആണ് ബൈഡന്‍ രാജ്യത്ത അഭിസംബോധന ചെയ്തത്. ഡോണള്‍ഡ് ട്രംപ് ഒപ്പിട്ട കരാര്‍ നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അല്ലാത്ത പക്ഷം സംഘര്‍ഷ സാധ്യത കൂടിയേനേ എന്നുമാണ് ബൈഡന്‍ പറഞ്ഞത്.
അമേരിക്കയുടെ അഫ്ഗാന്‍ നയത്തില്‍ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഇപ്പോഴത്തെ തീരുമാനത്തിന്‍റെ ഉത്തരവാദിത്വം പ്രസിഡന്‍റ് എന്ന നിലയില്‍ ഏറ്റെടുക്കുന്നുവെന്നും ജോ ബൈഡന്‍ വ്യക്തമാക്കി. കഴിഞ്ഞ കാലത്തെ തെറ്റുകള്‍ അമേരിക്ക ആവര്‍ത്തിക്കില്ല. ഇനിയും അമേരിക്കന്‍ പൌരന്‍മാര്‍ക്ക് ജീവന്‍ നഷ്ടമാകരുതെന്നും തീവ്രവാദത്തിന് എതിരായ ചെറുത്ത് നില്‍പ്പാണ് ലക്ഷ്യമെന്നും ബൈഡന്‍ വ്യക്തമാക്കി.
അതേസമയം താലിബാന്‍ അഫ്ഗാനിസ്ഥാനിലെ യുഎസ് സൈന്യത്തെ ആക്രമിക്കുകയോ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയോ ചെയ്താല്‍ തങ്ങള്‍ ശക്തമായി പ്രതിരോധിക്കുമെന്നും അത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. അഫ്ഗാന്‍ ജനതയ്ക്ക് അമേരിക്ക നല്‍കുന്ന പിന്തുണ തുടരും. അഫ്ഗാനിസ്ഥാന്‍റെ പുനര്‍നിര്‍മാണമായിരുന്നില്ല യുഎസ് ലക്ഷ്യമെന്നും ജോ ബൈഡന്‍ വ്യക്തമാക്കി.