World
ഇങ്ങനെ പോയാല്‍ ഇസ്രായേലിന്‍റെ ആഗോള പിന്തുണ നഷ്ടമാകും;  നെത്യാഹുവിന് മുന്നറിയിപ്പുമായി ബൈഡൻ
World

'ഇങ്ങനെ പോയാല്‍ ഇസ്രായേലിന്‍റെ ആഗോള പിന്തുണ നഷ്ടമാകും'; നെത്യാഹുവിന് മുന്നറിയിപ്പുമായി ബൈഡൻ

Web Desk
|
13 Dec 2023 1:17 PM GMT

ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള യു.എൻ പ്രമേയം ഇസ്രായേൽ തള്ളി

ന്യൂയോര്‍ക്ക്: കൊടുംക്രൂരതകളെ തുടർന്ന്​ ലോകതലത്തിൽ ഒറ്റപ്പെട്ട ഇസ്രായേലിനെ വിമർശിച്ച്​ അമേരിക്കൻ പ്രസിഡൻറ്​ ജോ ബൈഡൻ. യുദ്ധമന്ത്രിസഭയുടെ കടുംപിടുത്തമാണ് സംഘർഷത്തിന് ആക്കംകൂട്ടുന്നതെന്നും ബൈഡൻ വിമർശിച്ചു.ഗസ്സയില്‍ നടക്കുന്ന വിവേചനരഹിതമായ ബോംബാക്രമണം മൂലം ഇസ്രായേലിന് ആഗോള പിന്തുണ നഷ്ടമാകാനുള്ള സാധ്യതയുണ്ടെന്നും നെതന്യാഹുവിന് ബൈഡൻ മുന്നറിയിപ്പ് നൽകി. ഹമാസിന് തിരിച്ചടി നൽകുന്നതിൽ തെറ്റില്ല.എന്നാൽ ഫലസ്തീനിലെ നിരപരാധികളെ സംരക്ഷിക്കേണ്ടതുണ്ടെന്നും ബൈഡൻ പറഞ്ഞു. അതേസമയം ഇസ്രായേലിനുള്ള ആയുധ കൈമാറ്റത്തിൽ അമേരിക്ക മാറ്റം വരുത്തില്ലെന്ന്​ ഉദ്യോഗസ്​ഥരെ ഉദ്ധരിച്ച്​ സി.എൻ എൻ റിപ്പോർട്ട്​ ചെയ്​തു.

അതിനിടെ ഗസ്സയിൽ അടിയന്തരവെടിനിർത്തൽ ആവശ്യപ്പെട്ടുള്ള യുഎൻ പ്രമേയം ഇസ്രായേൽ തള്ളി. ഹമാസിന് മാത്രം ഗുണം ചെയ്യുന്ന നടപടിക്ക് ഒരുക്കമല്ലെന്ന് നെതന്യാഹുവിന്റെ വക്താവ് അറിയിച്ചു. 153 രാജ്യങ്ങളുടെ പിന്തുണയോടെയാണ് ഹമാസിനെ വിമർശിക്കാത്ത പ്രമേയം യു.എൻ പാസാക്കിയത്. പ്രമേയത്തെ എതിർത്തത് അമേരിക്കയും ഇസ്രായേലും ഉൾപ്പെടെ 10 രാജ്യങ്ങളാണ് രംഗത്തെത്തിയത്.ബ്രിട്ടനും ജർമനിയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പ്രമേയം നടപ്പാക്കാൻ യുഎന്നിന് ബാധ്യതയില്ലെന്നിരിക്കെ, ലക്ഷ്യം നേടും വരെ ആക്രമണം തുടരുമെന്ന്​ ഇസ്രായേൽ അറിയിച്ചു.

ഖാൻ യൂനുസ്​, ജബാലിയ, ശുജാഇയ എന്നിവിടങ്ങളിൽ ഏറ്റുമുട്ടൽ അതീവ രൂക്ഷമായി തുടരുകയാണ്. കരയുദ്ധത്തിൽ എട്ട് സൈനികർകൂടി കൊല്ലപ്പെട്ടെന്നും 21 പേർക്ക്​ പരിക്കേറ്റതായും സൈന്യം അറിയിച്ചു. മധ്യ ഗസ്സയിൽ അൽഖുദ്​സ്​ ബ്രിഗേഡുമായി ചേർന്ന്​ 15 സൈനികരെ അടുത്തുനിന്ന്​ ആക്രമിച്ചതായി അഖസ്സാം ബ്രിഗേഡ് പറഞ്ഞു​. സയണിസ്റ്റ്​ സൈനികരുടെ ശ്​മശാന ഭൂമിയായി ഗസ്സ മാറുമെന്ന പ്രഖ്യാപനം അക്ഷരാർഥത്തിൽ പുലരുകയാണെന്നും​ അൽഖസ്സാം ബ്രിഗേഡ്​ പറഞ്ഞു.

അതിനിടെ തെക്കൻഗസ്സയിൽ ഇസ്രായേൽവ്യോമാക്രമണങ്ങൾ തുടരുകയാണ്​. ഗസ്സയിൽ ആരോഗ്യ മേഖല അപ്പാടെ തകർന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 11 ആശുപത്രികൾ മാത്രമാണ് ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നത്​. ഹൂതി ഭീഷണി തുടരുന്ന ചെങ്കടലിലേക്ക് ഇസ്രായേൽ സഖ്യരാജ്യങ്ങളുമായി ചേർന്ന്​ നാല് യുദ്ധക്കപ്പലുകൾ കൂടി അയച്ചു. ജെനിൻ ഉൾപ്പെടെ വെസ്റ്റ്ബാങ്കിൽ സൈനികനടപടി തുടരുകയാണ്​ ഇസ്രായേൽ.നിരവധി പേരെ സേന പിടിച്ചു കൊണ്ടുപോയി. വടക്കൻ അതിർത്തിയിൽ ഹിസ്ബുല്ല നടത്തുന്ന കനത്ത ആക്രമണങ്ങളിലും മാറ്റമില്ല.

Similar Posts