ഇന്ത്യൻ പെൺകുട്ടിയെ പറ്റി വിവരം നൽകുന്നവർക്ക് പതിനായിരം ഡോളർ പ്രഖ്യാപിച്ച് അമേരിക്ക
|ന്യൂ ജെഴ്സിയിൽ നിന്ന് 29 കാരിയെ കാണാതായിട്ട് നാല് വർഷം
ന്യൂയോർക്ക്: നാല് വർഷം മുമ്പ് ന്യൂ ജെഴ്സിയിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർഥിനിയെ പറ്റി വിവരം നൽകുന്നവർക്ക് പതിനായിരം ഡോളർ പാരിതോഷികം നൽകുമെന്ന് എഫ്.ബി.ഐ. 2016ൽ സ്റ്റുഡന്റ് വിസയിലെത്തിയ മയുഷി ഭഗതിനെ 2019 ഏപ്രിൽ 29 നാണ് കാണാതാകുന്നത്. ന്യൂ ജേഴ്സി സിറ്റിയിലെ അപ്പാർട്ട്മെന്റിൽ നിന്ന് പുറത്തുപോയ മയുഷി ഭഗതിനെ പിന്നീട് ആരും കണ്ടിട്ടില്ല. മകളെ കാണാതായതിനെ തുടർന്ന് 2019 മെയ് ഒന്നിന് വീട്ടുകാർ പോലീസിൽ പരാതി നൽകി. കാണാതായി മൂന്ന് വർഷം പിന്നിട്ടിട്ടാണ് കാണാതായവരുടെ പട്ടികയിൽ പോലും പോലീസ് മയൂഷിയെ ഉൾപ്പെടുത്തിയത്.
എഫ്.ബി.ഐയും ജേഴ്സി സിറ്റി പോലീസുമാണിപ്പോൾ മയൂഷിയുടെ തിരോധാനം അന്വേഷിക്കുന്നത്. നാല് വർഷമായിട്ടും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് എഫ്.ബി.ഐ 10,000 ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തത്.
എഫ്.ബി.ഐ പുറത്തുവിട്ട വാർത്താകുറിപ്പിൽ കറുത്ത മുടിയും തവിട്ട് നിറമുള്ള കണ്ണുകളുമുള്ള മയൂഷി ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നീ ഭാഷകൾ സംസാരിക്കുമെന്നും, ന്യൂജേഴ്സിയിൽ ഇവർക്ക് സുഹൃത്തുക്കളുണ്ടെന്നും വിശദീകരിക്കുന്നു. മയൂഷി ന്യൂയോർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ് പഠിച്ചിരുന്നത്.