World
വിസർജ്യം ചാരമാക്കും, ശുചീകരണത്തിനു വെള്ളം വേണ്ട; പുതിയ ടോയ്‌ലെറ്റുമായി ബിൽ ഗേറ്റ്‌സും സാംസങ്ങും
World

വിസർജ്യം ചാരമാക്കും, ശുചീകരണത്തിനു വെള്ളം വേണ്ട; പുതിയ ടോയ്‌ലെറ്റുമായി ബിൽ ഗേറ്റ്‌സും സാംസങ്ങും

Web Desk
|
15 Sep 2022 9:32 AM GMT

മൂത്രവിസർജ്യങ്ങൾ ജൈവശുദ്ധീകരണ പ്രക്രിയയിലൂടെ റീസൈക്കിൾ ചെയ്ത് ഉപയോഗത്തിന് പുനരുപയോഗത്തിനു പറ്റുന്ന തരത്തിലേക്ക് മാറ്റിയെടുക്കുകയും ചെയ്യും

ന്യൂയോർക്ക്: മനുഷ്യവിസർജ്യം ചാരമാക്കുന്ന പുതിയ ടോയ്‌ലെറ്റ് വികസിപ്പിക്കാനൊരുങ്ങി സാംസങ്. വെള്ളം ആവശ്യമില്ലാത്ത തരത്തിലാണ് ടോയ്‌ലെറ്റ് രൂപകൽപന ചെയ്യുന്നത്. ബിൽ ഗേറ്റ്‌സുമായി ചേർന്നാണ് സാംസങ് ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്യുന്നത്.

ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ 'റീഇൻവെന്റ് ദ ടോയ്‌ലെറ്റ്' ചാലഞ്ചിന്റെ ഭാഗമായാണ് പുത്തൻ ടോയ്‌ലെറ്റ് വികസിപ്പിക്കുന്നത്. 2011ൽ ആരംഭിച്ചതാണ് ചലഞ്ച്. മനുഷ്യവിസർജ്യം സുരക്ഷിതമായും ഫലപ്രദമായും കൈകാര്യം ചെയ്യാനാവുന്ന ടോയ്‌ലെറ്റ് നിർമിക്കാനുള്ള ആശയങ്ങൾ ഫൗണ്ടേഷൻ ക്ഷണിച്ചിരുന്നു. ഇതിലാണ് ഖരമാലിന്യം ചാരമാക്കുന്ന ആശയം വന്നത്.

ടോയ്‌ലെറ്റിന്റെ പ്രോട്ടോടൈപ്പ് തയാറായതായാണ് വിവരം. സാംസങ്ങിലെ റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ടീമുമായി ചേർന്ന് ബിൽ ഗേറ്റ്‌സ് ടോയ്‌ലെറ്റ് വികസിപ്പിക്കാനുള്ള ആലോചനകൾ ആരംഭിച്ചിട്ടുണ്ട്.

താപപരിചരണ, ജൈവമാലിന്യ സംസ്‌കരണ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മനുഷ്യവിസർജ്യത്തിലെ രോഗാണുക്കളെ നിർവീര്യമാക്കുന്ന രീതിയാണ് പദ്ധതിയിലുള്ളത്. ഖരമാലിന്യത്തിലെ ജലാംശം ഇല്ലാതാക്കി ഉണക്കുകയും ചാരമാക്കിക്കളയുകയുമാണ് രീതി. മൂത്രം അടക്കമുള്ള ദ്രാവകമാലിന്യം ജൈവശുദ്ധീകരണ പ്രക്രിയയിലൂടെ ശുദ്ധീകരിച്ചെടുക്കും. ഈ വെള്ളം റീസൈക്കിൾ ചെയ്ത് ഉപയോഗത്തിന് പറ്റിയ തരത്തിലേക്ക് മാറ്റുകയും ചെയ്യുമെന്ന് സാംസങ്ങിന്റെ വെബ്‌സൈറ്റിൽ ചൂണ്ടിക്കാട്ടുന്നു.

ജലക്ഷാമമുള്ള സ്ഥലങ്ങളിലടക്കം ഉപയോഗപ്രദമായിരിക്കും ടോയ്‌ലെറ്റ്. ആരോഗ്യപരമായും പുതിയ ആശയം ഗുണപരമായിരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ലോകാരോഗ്യ സംഘടനയുടെയും യൂനിസെഫിന്റെയും കണക്കുപ്രകാരം ലോകത്തെ 3.6 ബില്യൻ മനുഷ്യർ വേണ്ടത്ര സുരക്ഷയോ വൃത്തിയോ ഇല്ലാത്ത ശുചീകരണ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതൂമലം ഓരോ വർഷവും അഞ്ചുലക്ഷത്തോളം കുട്ടികൾ വയറിളക്കരോഗങ്ങൾ ബാധിച്ചു മരിക്കുന്നുണ്ട്.

Summary: Bill Gates, Samsung develop toilet that turns solid waste into ashes

Similar Posts