'ചൊവ്വായാത്രയ്ക്കല്ല, വാക്സിനാണ് ഞാന്‍ പണം ചെലവാക്കുന്നത്': മസ്കിനോട് വിയോജിച്ച് ബില്‍ ഗേറ്റ്സ്
|'എപ്പോഴെങ്കിലും മസ്ക് ഒരു വലിയ മനുഷ്യസ്‌നേഹിയാകുമെന്ന് ഞാൻ കരുതുന്നു'
വാഷിങ്ടണ്‍: ചൊവ്വയിലേക്ക് യാത്ര ചെയ്യാൻ താൽപ്പര്യമില്ലെന്നും ഭൂമിയിലുള്ള ആളുകളെ സഹായിക്കാനും വാക്‌സിനുകൾക്കായും പണം ചെലവഴിക്കുമെന്നും മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്. ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ സ്‌പേസ് എക്സ് സി.ഇ.ഒ ഇലോൺ മസ്‌കിനെയും മനുഷ്യസ്‌നേഹത്തെയും കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബില്‍ ഗേറ്റ്സ്.
"എപ്പോഴെങ്കിലും അദ്ദേഹം (മസ്‌ക്) ഒരു വലിയ മനുഷ്യസ്‌നേഹിയാകുമെന്ന് ഞാൻ കരുതുന്നു. ടെസ്‌ലയെപ്പോലുള്ള കാര്യങ്ങൾ മനുഷ്യസ്‌നേഹത്തിന്റെ രൂപത്തില്‍ അല്ലാതെ തന്നെ നല്ല സ്വാധീനം ചെലുത്തുന്നുണ്ട്. കുറച്ച് തവണ ചൊവ്വയിലേക്ക് പോകുന്നതിന് ഒഴികെ സ്പേസ് എക്സ് സി.ഇ.ഒ സമ്പത്തിന്‍റെ ഭൂരിഭാഗവും സ്വന്തം കാര്യത്തിന് ചെലവഴിക്കുമെന്ന് ഞാൻ കരുതുന്നില്ല. അതെ, എന്നെങ്കിലും അദ്ദേഹം മനുഷ്യസ്‌നേഹികളുടെ പട്ടികയില്‍ ചേരുമെന്ന് ഞാൻ കരുതുന്നു"- എന്നാണ് ബില്‍ ഗേറ്റ്സ് പറഞ്ഞത്.
ചൊവ്വയിലേക്ക് പോകാന്‍ പണം ചെലവഴിക്കുന്നത് നല്ലതായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് തന്‍റെ കാഴ്ചപ്പാടിൽ അല്ല എന്നായിരുന്നു മറുപടി- "ചൊവ്വയിലേക്ക് പോകുന്നത് യഥാർഥത്തിൽ വളരെ ചെലവേറിയ കാര്യമാണ്. ആ പണത്തിന് അഞ്ചാംപനി വാക്‌സിനുകൾ വാങ്ങുകയും ജീവന്‍ രക്ഷിക്കുകയും ചെയ്യാം".
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിലും പോഷകാഹാരക്കുറവും പോളിയോ, മലേറിയ തുടങ്ങിയ രോഗങ്ങള്‍ ഇല്ലാതാക്കുന്നതിലും ബില്‍ ഗേറ്റ്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, മസ്കിന്റെ റോക്കറ്റ് കമ്പനി ചൊവ്വയിലേക്ക് ആളുകളെ എത്തിച്ച് അവിടെ കോളനിവത്കരിക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യമാക്കിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ബില്‍ ഗേറ്റ്സും മസ്കും തമ്മിലുള്ള ബന്ധം അത്ര ഊഷ്മളമല്ല. താൻ ഒരു ഇലക്‌ട്രിക് പോർഷെ ടെയ്‌കാൻ വാങ്ങിയെന്ന് 2020ൽ ഗേറ്റ്‌സ് വെളിപ്പെടുത്തിയപ്പോൾ, ടെസ്‌ലയ്ക്ക് പകരം ടെയ്‌കാന്‍ തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് ചോദിച്ചു. 'സത്യസന്ധമായി പറഞ്ഞാല്‍ ഗേറ്റ്‌സുമായുള്ള സംഭാഷണങ്ങൾ നിരാശപ്പെടുത്തുന്നതായിരുന്നു' എന്നായിരുന്നു മസ്കിന്‍റെ മറുപടി.
Summary- Microsoft co-founder Bill Gates has said that he is not interested in travelling to Mars and would rather spend his money helping people on Earth and paying for vaccines, Bill Gates Takes Dig At Elon Musk