'സമ്പത്ത് മുഴുവന്‍ ദാനം ചെയ്യും; ലോകസമ്പന്നരുടെ പട്ടികയിൽനിന്ന് ഉടൻ പുറത്താകും'- പ്രഖ്യാപനവുമായി ബിൽ ഗേറ്റ്‌സ്
|സർക്കാരുകളുടെ വരുമാനം കുറയുകയും പലിശയടക്കാൻ വലിയ തുക ചെലവഴിക്കേണ്ടിവരികയും ചെയ്യുമെന്ന് ബിൽ ഗേറ്റ്‌സ് ചൂണ്ടിക്കാട്ടി
വാഷിങ്ടൺ: ലോകസമ്പന്നരുടെ പട്ടികയിൽനിന്ന് അധികം വൈകാതെ താൻ പുറത്താകുമെന്ന് പ്രഖ്യാപിച്ച് ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബിൽ ഗേറ്റ്‌സ്. സമ്പത്ത് ജീവകാരുണ്യ, ആരോഗ്യരംഗ സംരംഭങ്ങൾക്കായി സംഭാവന ചെയ്യും. ബിൽ ഗേറ്റ്‌സിനും മുൻ ഭാര്യ മെലിൻഡയ്ക്കും കീഴിലുള്ള ചാരിറ്റബിൾ ഫൗണ്ടേഷന് വാർഷിക സംഭാവനയായി 20 ബില്യൻ ഡോളർ(ഏകദേശം 16,00,97,00,00,000 കോടി രൂപ) നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ബ്ലോഗ് കുറിപ്പിലൂടെയാണ് ബിൽ ഗേറ്റ്‌സ് ഇക്കാര്യം അറിയിച്ചത്.
തനിക്കും കുടുംബത്തിനും ജീവിക്കാൻ ആവശ്യമായ പണമൊഴിച്ചുള്ള സമ്പത്തെല്ലാം ബിൽ ഗേറ്റ്‌സ്-മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന് നൽകാനാണ് ആലോചിക്കുന്നതെന്ന് അദ്ദേഹം കുറിച്ചു. പുതിയ കാലത്തെ വലിയ പ്രതിസന്ധികൾ നമ്മുടെയെല്ലാം കൂടുതൽ ഇടപെടൽ ആവശ്യപ്പെടുന്നുണ്ടെന്നും ബിൽ ഗേറ്റ്‌സ് സൂചിപ്പിച്ചു. കോവിഡ്, യുക്രൈൻ യുദ്ധം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ബിൽ ഗേറ്റ്‌സിന്റെ ബ്ലോഗ്.
''കുറച്ച് പണം ഫൗണ്ടേഷനു പുറത്ത് അൾഷിമേഴ്‌സ് അടക്കമുള്ള അമേരിക്കയിലെ ആരോഗ്യ പരിചരണ രംഗങ്ങളിൽ നിക്ഷേപിക്കും. ഇതോടൊപ്പം കാലാവസ്ഥാ വ്യതിയാനം പരിഹരിക്കാനായും പണം നൽകും. പതുക്കെ ലോകസമ്പന്നരുടെ പട്ടികയിൽനിന്നും ഞാൻ താഴേക്കു പോകും.''-ബ്ലോഗിൽ ബിൽ ഗേറ്റ്‌സ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ പ്രതിവർഷം ഒരു ബില്യൻ ഡോളർ ചെലവഴിച്ചിടത്തുനിന്ന് ആറു ബില്യൻ ഡോളറായി കൂട്ടിയിരുന്നു. കോവിഡിന്റെ കാലത്ത് രണ്ട് ബില്യൻ ഡോളർ കൂടി നൽകാൻ താനും മെലിൻഡയും ചേർന്നു തീരുമാനമെടുത്തിരുന്നുവെന്നും ബിൽ ഗേറ്റ്‌സ് അറിയിച്ചു. പലിശനിരക്ക് കുത്തനെ ഉയർന്നും പണപ്പെരുപ്പം കൂടിയുമെല്ലാം ലോകസമ്പദ്ഘടനയുടെ വളർച്ചയുടെ വേഗം കുറഞ്ഞിരിക്കുകയാണ്. സർക്കാരുകളുടെ വരുമാനം കുറയുകയും പലിശയടക്കാൻ വലിയ തുക ചെലവഴിക്കേണ്ടിവരികയും ചെയ്യുമെന്നും ബിൽ ഗേറ്റ്‌സ് ചൂണ്ടിക്കാട്ടി.
Summary: Bill Gates plans to leave world's richest people list as he transfers $20 billion to his foundation