World
10,000 ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മൂന്നു ദിവസത്തെ ഡിസ്നിലാന്‍ഡ് യാത്ര ഒരുക്കി സിറ്റാഡല്‍ സി.ഇ.ഒ; കൂളസ്റ്റ് ബോസ് എന്ന് സോഷ്യല്‍മീഡിയ
World

10,000 ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മൂന്നു ദിവസത്തെ ഡിസ്നിലാന്‍ഡ് യാത്ര ഒരുക്കി സിറ്റാഡല്‍ സി.ഇ.ഒ; 'കൂളസ്റ്റ് ബോസ്' എന്ന് സോഷ്യല്‍മീഡിയ

Web Desk
|
9 Dec 2022 5:10 AM GMT

ഇതു കൂടാതെ ന്യൂയോർക്ക്, ഹൂസ്റ്റൺ, പാരീസ്, സൂറിച്ച് തുടങ്ങിയ നഗരങ്ങളിൽ താമസമാക്കിയിട്ടുള്ള എല്ലാ ജീവനക്കാരുടെയും വിമാന ടിക്കറ്റുകൾ ഗ്രിഫിൻ ഏറ്റെടുത്തു

ന്യൂയോര്‍ക്ക്: തിരക്കും ടെന്‍ഷനും നിറഞ്ഞ ജോലിക്കിടയില്‍ ഒന്നു റിലാക്സ് ആകാന്‍ തോന്നാറില്ലേ? എല്ലാത്തിനും അവധി കൊടുത്ത് എവിടേക്കെങ്കിലും പോകാന്‍ മനസ് തുടിക്കും. പക്ഷെ പണവും ലീവും വില്ലനാകും. എന്നാല്‍ ഈ ട്രിപ്പ് ജോലി ചെയ്യുന്ന കമ്പനിയുടെ സി.ഇ.ഒ തന്നെ ഒരുക്കിയാലോ? ഇതില്‍പരം സന്തോഷമുണ്ടോ...അമേരിക്കന്‍ മള്‍ട്ടി നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ സിറ്റാഡലിന്‍റെ സി.ഇ.ഒയും സ്ഥാപകനുമായ കെന്‍ ഗ്രിഫിനാണ് തന്‍റെ കമ്പനിയില്‍ ജോലി ചെയ്യുന്ന 10,000 ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കുമായി മൂന്നു ദിവസത്തെ ഡിസ്നിലാന്‍ഡ് യാത്ര ഒരുക്കിയത്.

ഇതു കൂടാതെ ന്യൂയോർക്ക്, ഹൂസ്റ്റൺ, പാരീസ്, സൂറിച്ച് തുടങ്ങിയ നഗരങ്ങളിൽ താമസമാക്കിയിട്ടുള്ള എല്ലാ ജീവനക്കാരുടെയും വിമാന ടിക്കറ്റുകൾ ഗ്രിഫിൻ ഏറ്റെടുത്തു.അവരുടെ ഭക്ഷണത്തിനും മറ്റ് സൗകര്യങ്ങൾക്കുമുള്ള പണം അദ്ദേഹം ഉറപ്പാക്കുകയും ചെയ്തു.ഡിസ്‌നിലാൻഡിലെ ജീവനക്കാർക്കായി ഗ്രിഫിൻ കാർലി റേ ജെപ്‌സന്‍റെ സംഗീതപരിപാടിയും ബ്രിട്ടീഷ് റോക്ക് ബാന്‍ഡായ കോള്‍ഡ് പ്ലേയുടെ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. "ഞങ്ങളുടെ കമ്പനിയുടെ ചരിത്രത്തിൽ മാത്രമല്ല, സാമ്പത്തിക ചരിത്രത്തിലും ഞങ്ങൾ ഏറ്റവും അസാധാരണമായ ടീമിനെ നിർമിച്ചു.നമുക്ക് മുന്നിൽ അവിശ്വസനീയമായ ഒരു ഭാവിയുണ്ട് - ഇനിയും എഴുതപ്പെടാനിരിക്കുന്ന അധ്യായങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണ്." ഗ്രിഫിന്‍ ജീവനക്കാരോട് പറഞ്ഞതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

31.7 ബില്യൺ ഡോളറിലധികം ആസ്തിയുള്ള ബിസിനസുകാരനാണ് ഗ്രിഫിന്‍. ഫോർബ്സ് പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തികളിൽ 40-ാം സ്ഥാനത്താണ് അദ്ദേഹം. ഇപ്പോള്‍ ലോകത്തിലെ 'കൂളസ്റ്റ് ബോസ്' എന്നു കൂടി ഗ്രിഫിനെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നു.

Similar Posts