യു.എസിലെ തടാകത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മുങ്ങിമരിച്ചു
|കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് തെരച്ചിൽ ഇടയ്ക്ക് തടസപ്പെട്ടിരുന്നു.
വാഷിങ്ടൺ: രണ്ട് ഇന്ത്യൻ വിദ്യാർഥികൾ യുഎസിലെ ഇന്ത്യാന സംസ്ഥാനത്തിലെ തടാകത്തിൽ മുങ്ങിമരിച്ചു. ഇന്ത്യാന യൂണിവേഴ്സിറ്റിയിലെ കെല്ലി സ്കൂൾ ഓഫ് ബിസിനസ് വിദ്യാർഥികളായ 19കാരൻ സിദ്ദാർഥ് ഷാ, 20കാരൻ ആര്യൻ വൈദ്യ എന്നിവരാണ് മരിച്ചത്. ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെടുത്തത്. ഏപ്രിൽ 15നാണ് ഇരുവരെയും കാണാതായത്.
ഏപ്രിൽ 15ന് ഒരു കൂട്ടം സുഹൃത്തുക്കളോടൊപ്പം ഇന്ത്യാന പൊളിസ് ഡൗൺടൗണിൽ നിന്ന് ഏകദേശം 64 മൈൽ തെക്കുപടിഞ്ഞാറുള്ള മൺറോ തടാകത്തിൽ നീന്തുന്നതിനിടെയാണ് ഇരുവരേയും കാണാതായത്.
ഷായും വൈദ്യയും ബോട്ടിങ് നടത്തുന്നതിനിടെ നീന്താനായി ചാടുകയായിരുന്നു. രണ്ടു പേരും മുങ്ങിപ്പോയതോടെ സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് ഇന്ത്യാന ഡിപ്പാർട്ട്‌മെന്റ് ഓഫ് നാച്ചുറൽ റിസോഴ്‌സ് പറഞ്ഞു.
ഏറെ ബുദ്ധിമുട്ടിയാണ് മൃതദേഹങ്ങൾ തടാകത്തിൽ നിന്ന് പുറത്തെടുത്തതെന്ന് അധികൃതർ പറഞ്ഞു. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് തെരച്ചിൽ ഇടയ്ക്ക് തടസപ്പെട്ടിരുന്നു. മുങ്ങൽ വിദഗ്ധരും സ്കൂബ ഡൈവേഴ്സും നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
15 മുതൽ 20 മൈൽ വരെ വേഗതയിൽ കാറ്റ് വീശിയിരുന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ ക്ലേശകരമായിരുന്നെന്ന് അധികൃതർ പറയുന്നു. "വിദ്യാർഥികളുടെ വിയോഗം ഞങ്ങൾക്ക് ഏറെ വേദന സൃഷ്ടിച്ചിരിക്കുന്നു. സ്റ്റുഡന്റ് കൗൺസിൽ അംഗമായും ഡിഇസിഎയിലും ഉൾപ്പെടെ ആര്യൻ ഏറെ നല്ല ഇടപെടൽ നടത്തിയിരുന്നു"- സ്കൂൾ അധികൃതർ പറയുന്നു.
"ആര്യന്റെ മരണം ഞങ്ങളുടെ ജീവനക്കാരിലും വിദ്യാർഥികളിലും വ്യത്യസ്ത വികാരങ്ങൾ ഉണ്ടാക്കിയേക്കാം. ഈ പ്രതികരണങ്ങളിൽ ചിലത് സൗമ്യമായിരിക്കാം, മറ്റുള്ളവ തീവ്രമായിരിക്കാം. പ്രതികരിക്കാൻ ഞങ്ങളുടെ ഗ്രീഫ് റെസ്‌പോൺസ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്"- അവർ കൂട്ടിച്ചേർത്തു.