അഫ്ഗാനിൽ ക്രിക്കറ്റ് മത്സരത്തിനിടെ ഞെട്ടിച്ച് ഉഗ്രസ്ഫോടനം; 19 പേര് കൊല്ലപ്പെട്ടതായി റിപ്പോർട്ട്
|ദേശീയ ടീമിലെ നിരവധി താരങ്ങൾ കളിക്കുന്ന ടി20 ടൂര്ണമെന്റായ ഷ്പജീസ ക്രിക്കറ്റ് ലീഗിനിടെയായിരുന്നു ചാവേർ സ്ഫോടനം
കാബൂൾ: അഫ്ഗാനിസ്താനിൽ ഇന്നലെ ടി20 ടൂർണമെന്റിനിടെ നടന്ന ചാവേർ സ്ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കാബൂളിലെ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ഷ്പജീസ ക്രിക്കറ്റ് ലീഗ് മത്സരത്തിനിടെയായിരുന്നു ക്രിക്കറ്റ് ആരാധകരെ നടുക്കിയ സ്ഫോടനം നടന്നത്.
പ്രാദേശിക സമയം ഇന്നലെ വൈകീട്ട് 4.30നായിരുന്നു സംഭവം. പാമിർ സൽമിയും ബന്ദേ അമീർ ഡ്രാഗൺസും സമ്മിൽ നടന്ന മത്സരത്തിനിടെയായിരുന്നു ഗാലറിൽ ആരാധകർക്കിടയിൽനിന്ന് ഉഗ്രശബ്ദത്തിൽ സ്ഫോടനം നടന്നത്. ഗ്രനേഡ് പൊട്ടിത്തെറിച്ചായിരുന്നു സ്ഫോടനം. ഉടൻ തന്നെ താരങ്ങളെ ബങ്കറുകളിലേക്ക് മാറ്റി. പരിക്കേറ്റവരെ കാബൂളിലെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആണ് മരണസംഖ്യ പുറത്തുവിട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗുട്ടറസിന്റെ ട്വീറ്റിൽ സൂചിപ്പിക്കുന്നു. സംഭവസമയത്ത് യു.എൻ ഉദ്യോഗസ്ഥരും സ്റ്റേഡിയത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. രാജ്യാന്തര മാനുഷിക നിയമത്തിൽ സിവിലിയന്മാർക്കുനേരെയുള്ള ആക്രമണം ശക്തമായി നിരോധിക്കപ്പെട്ടിട്ടുണ്ടെന്ന് ഗുട്ടറസ് ട്വീറ്റിൽ ചൂണ്ടിക്കാട്ടി.
സ്ഫോടനത്തെ തുടർന്ന് നിർത്തിവച്ച മത്സരം പിന്നീട് പുനരാരംഭിച്ചിരുന്നു. താരങ്ങളും ടീം സ്റ്റാഫും വിദേശികളുമെല്ലാം സുരക്ഷിതരാണെന്നാണ് അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചത്. ഐ.പി.എൽ മാതൃകയിൽ 2013ലാണ് അഫ്ഗാനിൽ ഷ്പജീസ ക്രിക്കറ്റ് ലീഗ് ആരംഭിച്ചത്. താലിബാൻ അധികാരം പിടിച്ച ശേഷം നടക്കുന്ന ആദ്യത്തെ ടൂർണമെന്റാണ് ഇപ്പോൾ നടക്കുന്നത്. ദേശീയ ടീമിലെ നിരവധി താരങ്ങൾ വിവിധ ടീമുകൾക്കായി കളിക്കുന്നുണ്ട്.
Summary: 19 killed in suicide blast took place in the Kabul International Cricket Stadium during Shpageeza Cricket League T20