കോവിഡ് നിയന്ത്രണ ലംഘനം: ബ്രിട്ടിഷ് പ്രധാനമന്ത്രിക്കും ഭാര്യക്കും പിഴ
|ഭരണത്തിലിരിക്കെ നിയമലംഘനത്തിന് പിഴയൊടുക്കേണ്ടി വരുന്ന ആദ്യത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രിയാണ് ബോറിസ് ജോൺസൺ
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ഭാര്യയും അടക്കമുള്ള വി.ഐ.പികൾക്ക് പിഴ ചുമത്തി പൊലീസ്. കടുത്ത കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടെ 2020 ജൂലൈയിൽ നടത്തിയ പ്രധാനമന്ത്രിയുടെ ജന്മദിന പാർട്ടിയുടെ പേരിലാണ് പിഴയെന്നാണ് സൂചന. ഭരണത്തിലിരിക്കെ നിയമലംഘനത്തിന് പിഴയൊടുക്കേണ്ടി വരുന്ന ആദ്യത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രിയാണ് ജോൺസൺ.
ഡൗണിങ് സ്ട്രീറ്റിൽ നടത്തിയ പാർട്ടികളെപ്പറ്റി അന്വേഷണം നടത്തിയ മെട്രോപൊളിറ്റൻ പൊലീസാണ് ബോറിസ് ജോൺസൺ, ട്രഷറി ചാൻസ്ലർ റിഷി സുനാക്, പ്രധാനമന്ത്രിയുടെ ഭാര്യ കാരി ജോൺസൺ എന്നിവർക്ക് പിഴ ചുമത്തിയത്. ഇവരെ കൂടാതെ മറ്റ് ആഘോഷ പാർട്ടികളിൽ നിന്നായി 50-ലേറെ പേർക്ക് പിഴ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് നടപടിക്കു പിന്നാലെ പ്രധാനമന്ത്രിയുടെയും റിഷി സുനാക്കിന്റെയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. എന്നാൽ, ബ്രിട്ടീഷ് ജനതയോട് മാപ്പുപറഞ്ഞ ഇരുവരും രാജിവെക്കുന്നില്ലെന്നും കൂടുതൽ ഉത്തരവാദിത്തത്തോടെ ജീവിക്കാനുള്ള പ്രചോദനമാണ് പിഴശിക്ഷയെന്നും പറഞ്ഞു. പാർട്ടിയിൽ പങ്കെടുത്തിരുന്നില്ലെന്ന് ജോൺസണും റിഷിയും ബ്രിട്ടീഷ് ജനതയോട് നുണ പറയുകയായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
ബ്രിട്ടീഷ് മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും പ്രധാനമന്ത്രിക്കും സുനാക്കിനും പിന്തുണയുമായി രംഗത്തുണ്ട്. എങ്കിലും, ഈസ്റ്റർ അവധി കഴിഞ്ഞ് പാർലമെന്റ് ചേരുമ്പോൾ പ്രധാനമന്ത്രി രൂക്ഷമായ ചോദ്യങ്ങളെ നേരിടേണ്ടി വരുമെന്നാണ് സൂചന.