World
ഇസ്രായേലിലെ അംബാസഡറെ ഒഴിവാക്കി ബ്രസീൽ പ്രസിഡന്റ്; നീക്കം ഫലസ്തീനെ പിന്തുണച്ച്
World

ഇസ്രായേലിലെ അംബാസഡറെ ഒഴിവാക്കി ബ്രസീൽ പ്രസിഡന്റ്; നീക്കം ഫലസ്തീനെ പിന്തുണച്ച്

Web Desk
|
14 Jan 2023 3:50 PM GMT

മുമ്പ് 2003 മുതൽ 2010 വരെ പ്രസിഡന്റായിരുന്ന സിൽവ ഇത്തവണ ജനുവരി ഒന്നിനാണ് പ്രസിഡന്റായി ചുമതലയേറ്റത്.

ബ്രസീലിയ: ബ്രസീലിൽ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ശേഷം ഫലസ്തീൻ അനുകൂല നീക്കവുമായി ലൂയിസ് ഇനാസിയോ ലുല ഡ സിൽവ. ഇസ്രായേലിലെ ബ്രസീലിന്റെ അംബാസഡറെ ഒഴിവാക്കിയാണ് ലുല സിൽവ ഇസ്രയേൽ-ഫലസ്തീൻ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയത്.

ഇസ്രായേലിലെ ബ്രസീലിന്റെ പ്രതിനിധി ഗെർസൺ മെനാൻഡ്രോ ഗാർസിയ ഡി ഫ്രീറ്റാസിനെയാണ് ലുല സിൽവ സ്ഥാനഭൃഷ്ടനാക്കിയത്. അംബാസഡർ ഗെർസൺ മെനാൻഡ്രോയെ ഇസ്രയേലിലെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതായി ബ്രസീൽ വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

മുമ്പ് 2003 മുതൽ 2010 വരെ പ്രസിഡന്റായിരുന്ന സിൽവ ഇത്തവണ ജനുവരി ഒന്നിനാണ് പ്രസിഡന്റായി ചുമതലയേറ്റത്. തെരഞ്ഞെടുപ്പിന്റെ രണ്ടാംവട്ട വോട്ടെടുപ്പിലും തീവ്ര വലതുപക്ഷ നേതാവും പ്രസിഡന്റുമായിരുന്ന ജെയ്‌ർ ബോൾസനാരോയെ പരാജയപ്പെടുത്തിയാണ് ഇടതുപക്ഷ, ട്രേഡ് യൂണിയന്‍ നേതാവായ ലുല സിൽവ പ്രസിഡന്റ് കസേരയിൽ തിരിച്ചെത്തിയത്.

ഇസ്രായേലിന്റെ ശക്തമായ അനുകൂലിയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വലിയ സൗഹൃദത്തിലുമായിരുന്ന ബോൾസോനാരോ 2019ൽ ഇസ്രായേൽ സന്ദർശിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, കഴിഞ്ഞ ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ബോൾസോനാരോയുടെ ഭാര്യ മിഷേൽ വോട്ട് ചെയ്തത് ഇസ്രായേൽ പതാകയുള്ള ടി-ഷർട്ടിട്ടാണ്.

എന്നാൽ ലുല സിൽവ ഭരണകൂടം, ഫലസ്തീൻ അനുകൂല സമീപനം സ്വീകരിക്കുമെന്ന് സൂചിപ്പിക്കുകയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ ബ്രസീൽ സന്തുലിത നിലപാടിലേക്ക് മടങ്ങുമെന്ന് പുതിയ വിദേശകാര്യ മന്ത്രി മൗറോ വിയേര കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

ലുലയുടെ അധികാരത്തിലേക്കുള്ള തിരിച്ചുവരവിന് ഫലസ്തീൻ അതോറിറ്റിയിൽ നിന്ന് മികച്ച സ്വീകാര്യത ലഭിച്ചതായും പ്രസിഡന്റ് മഹമൂദ് അബ്ബാസ് അദ്ദേഹത്തെ അഭിനന്ദിക്കാൻ ലുലയെ വിളിച്ചതായും ഫലസ്തീൻ അതോറിറ്റിയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാഫ റിപ്പോർട്ട് ചെയ്തു.

Similar Posts