മാസ്‌ക് ധരിക്കാതെ ബൈക്ക് റാലി; ബ്രസീൽ പ്രസിഡന്റ് ബോൽസനാരോയ്ക്ക് 100 ഡോളർ പിഴ
|കോവിഡ് നിയമങ്ങൾ ലംഘിച്ചാൽ പിഴ ചുമത്തുമെന്ന സാവോ പോളോ ഗവർണറുടെ മുന്നറിയിപ്പ് മുഖവിലയ്‌ക്കെടുക്കാതെയായിരുന്നു ജെയർ ബോൽസനാരോ ആയിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ബൈക്ക് റാലി നടത്തിയത്
കോവിഡ് നിയമം ലംഘിച്ച് വിവാദനായകനായി വീണ്ടും ബ്രസീൽ പ്രസിഡന്റ് ജെയർ ബോൽസനാരോ. മാസ്‌ക് ധരിക്കാതെ ബൈക്ക് റാലി നടത്തിയതിന് ബോൽസനാരോയ്ക്ക് സാവോ പോളോ ഭരണകൂടം 100 ഡോളർ(ഏകദേശം 7000 രൂപ) പിഴ ചുമത്തി.
സാവോ പോളോയിൽ 'ആക്‌സിലറേറ്റ് ഫോർ ക്രൈസ്റ്റ്' എന്ന പേരിലാണ് ബ്രസീൽ പ്രസിഡന്റിന്റെ ബൈക്ക്‌റാലി നടന്നത്. പരിപാടിയിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി ആയിരങ്ങളാണ് പങ്കെടുത്തത്. കോവിഡ് നിയമങ്ങൾ ലംഘിച്ചാൽ പിഴ ചുമത്തുമെന്ന് റാലിക്കു മുൻപുതന്നെ സാവോ പോളോ ഗവർണർ ജോവോ ദോറിയ വ്യക്തമാക്കിയിരുന്നു. എന്നാൽ, മുന്നറിയിപ്പ് മുഖവിലയ്‌ക്കെടുക്കാതെയായിരുന്നു പ്രസിഡന്റിന്റെ ശക്തിപ്രകടനം. ബോൽസനാരോയ്‌ക്കൊപ്പം മകനും കോൺഗ്രസ് അംഗവുമായ എഡ്വാർഡോ, അടിസ്ഥാന സൗകര്യ വികസന മന്ത്രി ടാർസിഷ്യോ ഗോംസ് എന്നിവർക്കും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് പിഴ ചുമത്തിയിട്ടുണ്ട്.
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന്റെ പേരിൽ ബോൽസനാരോ ഇതിനുമുൻപും പലവട്ടം വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ മാസ്‌ക് ധരിക്കാതെ പൊതുപരിപാടിയിൽ പങ്കെടുത്തായിരുന്നു ബോൽസനാരോയുടെ ആദ്യ പ്രതികരണം. മാസ്‌കിനു പുറമെ വീട്ടിലിരിപ്പിനെയും ബ്രസീൽ പ്രസിഡന്റ് വിമർശിച്ചിരുന്നു. പകരം ക്ലോറോക്വിൻ, ഹൈഡ്രോക്‌സിക്ലോറോക്വിൻ തുടങ്ങിയ മരുന്നുകൾ കഴിക്കാനായിരുന്നു ഇദ്ദേഹത്തിന്റെ നിർദേശം.
ഇന്നലെ നടന്ന റാലിയിലും മാസ്‌കിനോടുള്ള വിയോജിപ്പ് ബോൽസനാരോ ആവർത്തിച്ചു. കോവിഡ് വാക്‌സിനെടുത്തവർ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന നിർദേശം പുറത്തിറക്കാൻ താൻ ആലോചിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വാക്‌സിനെടുത്തവർ മാസ്‌ക് ധരിക്കേണ്ടതില്ലെന്നു പറയുന്നതിനെ എതിർക്കുന്നവർ ശാസ്ത്രത്തിൽ വിശ്വസിക്കാത്തവരാണെന്നും ബോൽസനാരോ കൂട്ടിച്ചേർത്തു.
അടുത്ത വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ ബ്രസീൽ നഗരങ്ങളിൽ ബോൽസനാരോ ശക്തിപ്രകടനങ്ങൾ നടത്തിവരികയാണ്. അതേസമയം, ലോകത്ത് കോവിഡ് മരണത്തിൽ അമേരിക്കയ്ക്കു തൊട്ടുപിറകിൽ ബ്രസീൽ രണ്ടാം സ്ഥാനത്താണുള്ളത്. വൈറസ് ബാധിച്ച് 4,85,000 പേർക്കാണ് ബ്രസീലിൽ ജീവൻ നഷ്ടപ്പെട്ടത്.