സൗദിയില്‍ നിന്നും സമ്മാനമായി ലഭിച്ച ആഭരണങ്ങള്‍ അഞ്ചു ദിവസത്തിനകം കൈമാറണം; ബ്രസീല്‍ മുന്‍ പ്രസിഡന്റിനോട് കോടതി
|കൂടാതെ അദ്ദേഹം പ്രസിഡന്റായിരിക്കുമ്പോള്‍ ലഭിച്ച എല്ലാ ഔദ്യോഗിക സമ്മാനങ്ങളും ഓഡിറ്റ് ചെയ്യാൻ ഉത്തരവിട്ടു
ബ്രസീലിയ: സൗദി അറേബ്യയിൽ നിന്ന് സമ്മാനമായി ലഭിച്ച വിലപിടിപ്പുള്ള ആഭരണങ്ങൾ ബ്രസീല്‍ മുന്‍ പ്രസിഡന്റായ ജെയർ ബോൾസോനാരോ അഞ്ചു ദിവസത്തിനകം കൈമാറണമെന്ന് ബ്രസീലിയന്‍ കോടതി. കൂടാതെ അദ്ദേഹം പ്രസിഡന്റായിരിക്കുമ്പോള്‍ ലഭിച്ച എല്ലാ ഔദ്യോഗിക സമ്മാനങ്ങളും ഓഡിറ്റ് ചെയ്യാൻ ഉത്തരവിട്ടു.
2019ല്‍ യു.എ.ഇയില്‍ നിന്നും സമ്മാനമായി ലഭിച്ച രണ്ട് തോക്കുകൾ പ്രസിഡൻഷ്യൽ കൊട്ടാര ശേഖരത്തിന് കൈമാറാൻ സർക്കാർ ഖജനാവിന്റെ മേൽനോട്ടം വഹിക്കുന്ന ഫെഡറൽ കോർട്ട് ഓഫ് അക്കൗണ്ട്സ് (ടിസിയു) തീവ്ര വലതുപക്ഷ നേതാവ് കൂടിയായ ബോൾസോനാരോയോട് നിര്‍ദേശിച്ചു. ''ബ്രസീലിയൻ നിയമപ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വളരെ വ്യക്തിപരവും കുറഞ്ഞ പണമൂല്യവുമുള്ള സമ്മാനങ്ങൾ മാത്രമേ സൂക്ഷിക്കാൻ അനുവാദമുള്ളൂ'' ബ്രൂണോ ഡാന്റസ് ഒരു പൊതു ഹിയറിംഗിൽ പറഞ്ഞു.
ഔദ്യോഗിക പദവിയിലിരിക്കെ അനുമതിയില്ലാതെ സൗദി അറേബ്യയില്‍ നിന്നും ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന ആഭരണങ്ങൾ സമ്മാനമായി സ്വീകരിച്ചെന്നും രാജ്യത്തേക്ക് കടത്തിയെന്നുമുള്ള ആരോപണങ്ങള്‍ക്കിടെയാണ് കോടതിവിധി. ആരോപണങ്ങള്‍ ബോൾസോനാരോ നിഷേധിച്ചിരുന്നു. 2021 ഒക്ടോബറിൽ സൗദി അറേബ്യയിലേക്കുള്ള ഔദ്യോഗിക യാത്രയ്ക്ക് ശേഷം സ്വിസ് ആഡംബര സ്ഥാപനമായ ചോപാർഡിന്റെ വജ്രാഭരണങ്ങൾ അടങ്ങിയ ബാക്ക്പാക്കുമായി ബ്രസീലിലേക്ക് കടക്കാൻ ശ്രമിച്ച അന്നത്തെ ഖനി, ഊർജ മന്ത്രിയുടെ സഹായിയെ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുവെന്ന് എസ്റ്റാഡോ ഡി സാവോ പോളോ പത്രം റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് സംഭവം പുറത്തായത്.
ചോപാർഡിൽ നിന്നുള്ള രണ്ടാമത്തെ സെറ്റ് ആഭരണങ്ങളും ബോൾസോനാരോ സൂക്ഷിച്ചിരുന്നതായി പിന്നീട് തെളിഞ്ഞിരുന്നു. ആദ്യ സെറ്റിന് 3.2 മില്യൺ ഡോളറും രണ്ടാമത്തേതിന് കുറഞ്ഞത് 75,000 ഡോളറുമാണ് ആഭരണങ്ങളുടെ വിലയെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.