ഹിജാബ്, ജംപ്‌സ്യൂട്ട്; പുതിയ യൂണിഫോം അവതരിപ്പിച്ച് ബ്രിട്ടീഷ് എയർവെയ്‌സ്
|ബ്രിട്ടീഷ് ഫാഷൻ ഡിസൈനറായ ഓസ്‌വാൾഡ് ബോട്ടെങ് അഞ്ച് വർഷമെടുത്താണ് പുതിയ ഡിസൈൻ തയ്യാറാക്കിയത്. കോവിഡ് മൂലം പുതിയ യൂണിഫോം അവതരിപ്പിക്കുന്നത് പല തവണ മാറ്റിവെച്ചിരുന്നു.
ലണ്ടൻ: ക്യാബിൻ ക്രൂവിന് പുതിയ യൂണിഫോം അവതരിപ്പിച്ച് ബ്രിട്ടീഷ് എയർവെയ്‌സ്. ഏകദേശം 20 വർഷത്തിനിടെ ആദ്യമായാണ് ബ്രിട്ടീഷ് എയർവെയ്‌സ് യൂണിഫോം മാറ്റുന്നത്. പുതിയ യൂണിഫോമിൽ ഹിജാബും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിജാബ് അണിയേണ്ടവർക്ക് അതാവാമെന്ന് ബ്രിട്ടീഷ് എയർവെയ്‌സ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ബ്രിട്ടീഷ് ഫാഷൻ ഡിസൈനറായ ഓസ്‌വാൾഡ് ബോട്ടെങ് അഞ്ച് വർഷമെടുത്താണ് പുതിയ ഡിസൈൻ തയ്യാറാക്കിയത്. കോവിഡ് മൂലം പുതിയ യൂണിഫോം അവതരിപ്പിക്കുന്നത് പല തവണ മാറ്റിവെച്ചിരുന്നു. ക്യാബിൻ ക്രൂവിലെ പുരുഷൻ ജീവനക്കാർക്ക് സ്യൂട്ട് ധരിക്കാം. സ്ത്രീകൾക്ക് ഡ്രസിനൊപ്പം ജംപ്‌സ്യൂട്ടോ സ്‌കർട്ടോ ധരിക്കാം. ഹിജാബ് ധരിക്കാൻ താൽപര്യമുള്ളവർക്ക് അതും ധരിക്കാമെന്ന് ബ്രിട്ടീഷ് എയർവെയ്‌സ് വ്യക്തമാക്കി.
പുതിയ ഡ്രസ് കോഡുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വർക്‌ഷോപ്പുകളിൽ 1500 ജീവനക്കാർ പങ്കെടുത്തിരുന്നു. കഴിഞ്ഞ ആറു മാസം കാർഗോ ഫ്‌ളൈറ്റുകളിലെ ജീവനക്കാർ അണിഞ്ഞുനോക്കിയതിന് ശേഷമാണ് പുതിയ യൂണിഫോം ഔദ്യോഗികമായി അവതരിപ്പിച്ചത്.
''ഞങ്ങളുടെ യൂണിഫോം ഞങ്ങളുടെ ബ്രാൻഡിന്റെ ഒരു പ്രതീകാത്മക പ്രതിനിധാനമാണ്, അത് നമ്മുടെ ഭാവിയിലേക്ക് നമ്മെ കൊണ്ടുപോവുകയും, ആധുനിക ബ്രിട്ടനിലെ ഏറ്റവും മികച്ചതിനെ പ്രതിനിധീകരിക്കുകയും ഞങ്ങളുടെ ഉപഭോക്താക്കൾക്ക് അതിശയകരമായ ആധികാരിക ബ്രിട്ടീഷ് സേവനം നൽകാൻ ഞങ്ങളെ സഹായിക്കുകയും ചെയ്യുന്നു''-ബ്രിട്ടീഷ് എയർവെയ്‌സ് ചെയർപേഴ്‌സൺ സീൻ ഡോയ്‌ലെ പറഞ്ഞു.