'ഇസ്രായേലിനെ ന്യായീകരിച്ചിട്ടുണ്ട്; പക്ഷേ, ഈ കാഴ്ചകൾ അതിഭീകരം'-റഫാ ആക്രമണത്തെ വിമർശിച്ച് പിയേഴ്‌സ് മോർഗൻ
|'പിയേഴ്‌സ് മോർഗൻ അൺസെൻഡേഡ്' ടോക്ക്‌ഷോയിൽ ഇസ്രായേലിന്റെ ഗസ്സ കൂട്ടക്കുരുതിയെ പലവട്ടം ന്യായീകരിക്കുകയും ഫലസ്തീനെ പിന്തുണയ്ക്കുന്ന അതിഥികളെ കടന്നാക്രമിക്കുകയും ചെയ്തയാളാണ് അദ്ദേഹം
ലണ്ടൻ: റഫായിലെ ഇസ്രായേൽ കൂട്ടക്കുരുതിയിൽ കടുത്ത വിമർശനവുമായി പ്രമുഖ ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്‌സ് മോർഗൻ. അതിഭീകരമാണ് റഫായിലെ കാഴ്ചകളെന്നും നിരപരാധികളെ ഇങ്ങനെ കൊന്നൊടുക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഹമാസിന്റെ ഒക്ടോബർ ഏഴിലെ ആക്രമണത്തിനുശേഷം ഇസ്രായേൽ ആക്രമണത്തെ ന്യായീകരിച്ചയാളാണു താനെന്നും അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും മോർഗൻ ആവശ്യപ്പെട്ടു.
എക്‌സിലൂടെയാണ് പിയേഴ്‌സ് മോർഗന്റെ പ്രതികരണം. ''റഫായിൽനിന്നുള്ള കഴിഞ്ഞ രാത്രിയിലെ കാഴ്ചകൾ അതിഭീകരമാണ്. ഒക്ടോബർ ആക്രമണത്തിനുശേഷം ഇസ്രായേലിന്റെ സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ ഞാൻ പിന്തുണച്ചിരുന്നു. എന്നാൽ, അഭയാർഥി ക്യാംപുകളിൽ ഭയവിഹ്വലരായി കഴിയുന്ന നിരപരാധികളെ ഇങ്ങനെ കൊന്നൊടുക്കുന്നത് ന്യായീകരിക്കാനാകില്ല. നെതന്യാഹു ഇപ്പോൾ തന്നെ ഇത് അവസാനിപ്പിക്കണം''-അദ്ദേഹം ആവശ്യപ്പെട്ടു.
റഫാ ആക്രമണത്തെ വിമർശിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നടത്തിയ വിമർശനത്തെ പിന്താങ്ങുകയും ചെയ്തിട്ടുണ്ട് പിയേഴ്‌സ് മോർഗൻ. ഭവനരഹിതരായ മനുഷ്യരെ കൊന്നുടുക്കുന്ന ഇസ്രായേൽ ആക്രമണം പ്രതിഷേധാർഹമാണ്. ഈ നടപടി അവസാനിപ്പിക്കണം. റഫായിൽ ഒരിടത്തും ഫലസ്തീനികൾക്കു സുരക്ഷിതമായ ഇടമില്ല. അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ച് അടിയന്തരമായി വെടിനിർത്തണമെന്നാണ് ആവശ്യപ്പെടാനുള്ളതെന്നും മാക്രോൺ ആവശ്യപ്പെട്ടിരുന്നു. പറഞ്ഞത് വളരെ ശരിയാണെന്നായിരുന്നു മോർഗൻ മാക്രോണിന്റെ എക്‌സ് പോസ്റ്റ് പങ്കുവച്ച് കുറിച്ചത്.
റഫാ ആക്രമണവുമായി ബന്ധപ്പെട്ട് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം വൃത്തത്തിന്റെ ന്യായീകരണവും അദ്ദേഹം തള്ളി. വടക്കുകിഴക്കൻ റഫായിലെ ജൂദിയയിലും സമരിയയിലുമുള്ള രണ്ട് ഹമാസ് സൈനിക തലവന്മാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നായിരുന്നു മന്ത്രാലയത്തിലെ യാരി കോഹന്റെ വിശദീകരണം. ജൂദിയയിലും സമരിയയിലും ഹമാസ് പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിച്ച യാസീൻ റാബിഅ, ഇവിടത്തെ ഹമാസ് ആസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥനായ ഖാലിദ് നാഗർ എന്നിവരെയായിരുന്നു ലക്ഷ്യമിട്ടതെന്നും രണ്ടുപേരെയും വകവരുത്താനായെന്നും മോർഗനെ അഭിസംബോധന ചെയ്ത് ഇസ്രായേൽ വൃത്തം വാദിച്ചിരുന്നു. എന്നാൽ, അവരെ മാത്രം ഉന്നമിട്ടുള്ള കൃത്യമായ ആക്രമണമായിരുന്നില്ല അതെന്ന് പ്രതികരിച്ചു മോർഗൻ.
യു.എസിലെ പ്രമുഖ ജൂത റബ്ബിയായ ഷ്മുലേയുടെ വിമർശനങ്ങളെയും മോർഗൻ തള്ളി. ഹിറ്റ്‌ലർക്കെതിരെ പോരാടാൻ ബ്രിട്ടീഷുകാർക്ക് ഞങ്ങളെ വേണ്ടിയിരുന്ന പോലെ ഞങ്ങൾക്ക് ജീവിക്കാൻ നിങ്ങളുടെ അനുമതിയുടെ ആവശ്യമില്ലെന്നായിരുന്നു മോർഗന്റെ റഫാ ആക്രമണ പോസ്റ്റിനോട് റബ്ബി പ്രതികരിച്ചത്. ഹമാസിനെ പോലെയുള്ള സംഘടനകൾ പെരുകിയാൽ പടിഞ്ഞാറൻ നാഗരികതയ്ക്കു ഭാവിയില്ലെന്നു താങ്കൾക്കു മനസിലാക്കാനാകുന്നില്ലെങ്കിൽ, നാസികളെ നേരിടുമ്പോൾ ചർച്ചിലിനുണ്ടായിരുന്ന അപാരമായ ധാർമിക വ്യക്തത താങ്കൾക്കില്ലെന്നു വേണം മനസിലാക്കാനെന്നും ജൂത പുരോഹിതൻ കുറ്റപ്പെടുത്തി. എന്നാൽ, ഐറിഷ് റിപബ്ലിക്കൻ സൈന്യം ഇംഗ്ലണ്ടിൽ ജനങ്ങളെ കൊന്നൊടുക്കിയപ്പോൾ ഞങ്ങൾ അയർലൻഡ് നഗരമായ ബെൽഫാസ്റ്റിൽ ബോംബോട്ടിട്ടില്ലെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. അവിടെ സാധാരണക്കാർക്കിടയിലായിരുന്നു ഭീകരവാദികൾ ഒളിച്ചുകഴിഞ്ഞിരുന്നതെന്നും മോർഗൻ വിശദീകരിച്ചു.
റഫായിലെ ഇസ്രായേൽ ആക്രമണത്തിനെതിരായ അന്താരാഷ്ട്ര ക്രിമിനൽ കോടതി വിധിയെ കഴിഞ്ഞ ദിവസം വരെ വിമർശിച്ചയാളാണ് പിയേഴ്‌സ് മോർഗൻ. മോശം വിധിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ, റഫായിൽനിന്ന് ഓരോ ദിവസവും വരുന്ന ഹൃദയഭേദകമായ കാഴ്ചകളിൽ ഏറെ വൈകിയാണെങ്കിലും നിലപാട് മാറ്റിയിരിക്കുകയാണ് ബ്രിട്ടനിൽ വലിയ ജനസ്വാധീനമുള്ള, ലോകത്തെങ്ങും വലിയ കാഴ്ചക്കാരുള്ള മാധ്യമപ്രവർത്തകനായ മോർഗൻ.
ബ്രിട്ടീഷ് ടാബ്ലോയ്ഡ് പത്രം 'ദി സണി'ൽ ആണ് പിയേഴ്‌സ് മോർഗൻ കരിയർ ആരംഭിക്കുന്നത്. പിന്നീട് മാധ്യമഭീമൻ റൂപർട്ട് മർഡോക്ക് തന്റെ ബ്രിട്ടീഷ് വാരികയായ 'ന്യൂസ് ഓഫ് ദി വേൾഡി'ൽ എഡിറ്ററായി നിയമിച്ചു അദ്ദേഹത്തെ. പിന്നീട് ഡെയ്‌ലി മിററിലും ഫസ്റ്റ് ന്യൂസിലും സി.എൻ.എന്നിലും ഐ ടി.വിയിലും ടോക്ക് ടി.വിയിലുമെല്ലാം പ്രധാന പദവികൾ വഹിച്ചു. പയേഴ്‌സ് മോർഗൻ അൺസെൻസേഡ് എന്ന ടോക്ക്‌ഷോയിലൂടെയാണ് അന്താരാഷ്ട്രതലത്തിൽ തന്നെ വലിയ ശ്രദ്ധ നേടുന്നത്.
ഒക്ടോബർ ഏഴിനുശേഷം ഗസ്സയിൽ ഇസ്രായേൽ ആരംഭിച്ച കൂട്ടക്കുരുതിയെ ടോക്ക്‌ഷോയിൽ മോർഗൻ പലവട്ടം ന്യായീകരിച്ചു. ഫലസ്തീനെ പിന്തുണയ്ക്കുന്ന അതിഥികളെ പരിപാടിയിൽ കടന്നാക്രമിക്കുകയും അവഹേളിക്കുകയും ചെയ്തിരുന്നു. രണ്ടു തവണ അതിഥിയായെത്തിയ ഈജിപ്ഷ്യൻ കൊമേഡിയൻ ബാസിം യൂസഫ് മോർഗന്റെ വാദങ്ങളെ നേർക്കുനേർ പൊളിച്ചടുക്കിയതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ, അന്താരാഷ്ട്ര കോടതിയുടെ മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് റഫായിൽ ഇസ്രായേൽ നരഹത്യ തുടരുമ്പോഴാണ് മോർഗൻ തന്നെ പഴയ നിലപാട് വിഴുങ്ങി രംഗത്തെത്തിയിരിക്കുന്നത്.
Summary: ''I’ve defended Israel’s right to defend itself, but the scenes from Rafah overnight are horrific'': British broadcaster Piers Morgan criticizes Israel's Rafah attack