World
British doctor breaks down in tears after reading message from Gaza Al Shifa director, video
World

ഗസ്സ അൽ ശിഫ ഡയറക്ടറുടെ സന്ദേശം വായിച്ച് പൊട്ടിക്കരഞ്ഞ് ബ്രിട്ടീഷ് ഡോക്ടർ, വീഡിയോ

Web Desk
|
11 Nov 2023 5:11 PM GMT

നല്ല മനസ്സുള്ളവർക്ക് ഗസ്സയിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ സഹിക്കാനാകില്ലെന്ന് കമൻറ്‌

ഇസ്രായേൽ സൈന്യം അക്ഷരാർത്ഥത്തിൽ ശ്മശാനമാക്കിത്തീർത്ത ഗസ്സയിലെ അൽ ശിഫ ഡയറക്ടറുടെ സന്ദേശം വായിച്ച് പൊട്ടിക്കരഞ്ഞ് ബ്രിട്ടീഷ് ഡോക്ടർ. 200ലേറെ ഡോക്ടർമാർ ഗസ്സയിൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ആരോഗ്യ പ്രവർത്തകർ നടത്തിയ പരിപാടിയിലാണ് ഡോക്ടർ പൊട്ടിക്കരഞ്ഞത്. ലണ്ടനിലെ പ്രധാനമന്ത്രിയുടെ ഓഫീസിന് മുമ്പിലായിരുന്നു പ്രതിഷേധം. പരിപാടിയിൽ ആശുപത്രി ഡയറക്ടറുടെ കരളലിയിപ്പിക്കുന്ന അനുഭവക്കുറിപ്പ് വായിച്ച് പൂർത്താക്കാനാകതെ അവർ വിതുമ്പുകയായിരുന്നു.

ഈ സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ഖുദ്‌സ് ന്യൂസ് നെറ്റ്‌വർക്ക് പങ്കുവെച്ച വീഡിയോ അഞ്ച് ലക്ഷത്തിലേറെ പേരാണ് കണ്ടത്. നല്ല മനസ്സുള്ളവർക്ക് ഗസ്സയിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ സഹിക്കാനാകില്ലെന്ന് ഒരാൾ വീഡിയോക്ക് താഴെ കുറിച്ചു.

തുടർച്ചയായി നടക്കുന്ന ആക്രമണത്തെ തുടർന്ന് അൽ ശിഫ ആശുപത്രി ശ്മശാന ഭൂമിയായി മാറിയെന്നാണ് ഗസ്സയിൽനിന്നുള്ള റിപ്പോർട്ടുകൾ. ഹോസ്പിറ്റലിലെ അവസാന ജനറേറ്ററും ഇസ്രായേൽ തകർത്തതോടെ വൈദ്യുതിബന്ധം പൂർണമായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഇതോടെ ഇൻക്യുബേറ്ററിൽ കഴിഞ്ഞിരുന്ന നവജാത ശിശുവും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ആളും മരിച്ചു. ഇൻക്യുബേറ്ററിനടുത്തേക്ക് പോകാൻ ശ്രമിച്ച ഡോക്ടറെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി.

ഇൻക്യൂബേറ്ററിലുള്ള ബാക്കി 39 കുട്ടികളുടെ ജീവൻ രക്ഷിക്കാനുള്ള തീവ്ര ശ്രമിത്തിലാണെന്ന് അൽശിഫ ഹോസ്പിറ്റൽ ഡയറക്ടർ പറഞ്ഞു. വലിയ ബ്ലാങ്കറ്റുകൾകൊണ്ട് പുതച്ച് കുട്ടികളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ആശുപത്രിയുടെ കവാടം മൃതശരീരങ്ങൾകൊണ്ട് നിറഞ്ഞിരിക്കുകയാണ്. മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നതിനാൽ ആശുപത്രിക്കകത്ത് തന്നെ വലിയ കുഴിമാടമൊരുക്കി സംസ്‌കരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.

ആശുപത്രിയിലുള്ളവർക്ക് ഭക്ഷണവും വെള്ളവും ലഭിക്കാത്ത സാഹചര്യമാണുള്ളത്. വൈദ്യുതി പൂർണമായും വിച്ഛേദിക്കപ്പെട്ടതോടെ ഐ.സി.യുവിന്റെയും ഡയാലിസിസ് യൂണിറ്റുകളുടെയും പ്രവർത്തനം നിലച്ചിരിക്കുകയാണ്. രോഗികളും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരുമടക്കം 3000ത്തോളം ആളുകളാണ് ആശുപത്രിയിൽ കുടുങ്ങിക്കിടക്കുന്നത്.

ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയാണ് അൽശിഫ ഹോസ്പിറ്റൽ. ഗസ്സ മുനമ്പിലെ 25% ആരോഗ്യപ്രവർത്തകരും ജോലി ചെയ്യുന്നത് ഇവിടെയാണ്. ആശുപത്രിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ വെടിവെച്ചു കൊലപ്പെടുത്തുകയാണെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മെഷീൻഗൺ ഘടിപ്പിച്ച ചെറിയ ഡ്രോൺ ഉപയോഗിച്ചാണ് ആശുപത്രിക്ക് പുറത്തുകടക്കുന്നവരെ വെടിവെച്ചു വീഴ്ത്തുന്നത്. വെടിയേറ്റു വീഴുന്നവരെ രക്ഷപ്പെടുത്താൻ പോലും പറ്റാത്ത സാഹചര്യമാണെന്നാണ് റിപ്പോർട്ട്.

British doctor breaks down in tears after reading message from Gaza Al Shifa director, video

Similar Posts