123 നിലകളുള്ള കെട്ടിടത്തില്‍ വലിഞ്ഞു കയറാന്‍ ശ്രമിച്ച ബ്രിട്ടീഷ് വംശജന്‍ ദക്ഷിണ കൊറിയയില്‍ അറസ്റ്റില്‍
|74-ാം നിലയിലെത്തിയപ്പോഴേക്കും ഇയാള്‍ക്ക് തന്‍റെ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു
സിയോള്‍: സുരക്ഷാസംവിധാനങ്ങളില്ലാതെ 123 നിലകളുള്ള കെട്ടിടത്തില്‍ വലിഞ്ഞുകയറാന്‍ ശ്രമിച്ച ബ്രിട്ടീഷ് വംശജന്‍ ദക്ഷിണ കൊറിയയില്‍ അറസ്റ്റിലായി. സിയോളിലെ ലോട്ടെ വേള്‍ഡ് ടവറില്‍ റോപ്പില്ലാതെ കയറിയ 24കാരനാണ് തിങ്കളാഴ്ച അറസ്റ്റിലായത്. 74-ാം നിലയിലെത്തിയപ്പോഴേക്കും ഇയാള്‍ക്ക് തന്‍റെ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു.
ദക്ഷിണ കൊറിയയിലെ ഏറ്റവും ഉയരം കൂടിയ , ലോകത്തിലെ ഏറ്റവും ഉയരമുള്ള അഞ്ചാമത്തെ കെട്ടിടമാണ് ലോട്ടെ വേള്‍ഡ് ടവര്‍. വെറുമൊരു ഷോര്‍ട്സ് മാത്രം ധരിച്ചുകൊണ്ടായിരുന്നു ഇയാളുടെ കയറ്റം. എന്നാല്‍ പകുതി എത്തിയപ്പോഴേക്കും പൊലീസും ഫയര്‍ഫോഴ്സുമെത്തി നിര്‍ബന്ധിച്ച് ഇയാളെ താഴെയിറക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു.അറസ്റ്റിനെക്കുറിച്ച് പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജോര്‍ജ് കിംഗ് തോംപ്സണ്‍ എന്നാണ് യുവാവിന്‍റെ പേരെന്നാണ് ഒരു കൊറിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. 2018 ൽ 'ഫ്രഞ്ച് സ്പൈഡർമാൻ' എന്നു വിളിക്കുന്ന അലൈൻ റോബർട്ടിനെ ലോട്ടെ വേൾഡ് ടവറിന്‍റെ പകുതിയിലധികം മുകളിലേക്ക് കയറിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.